ഗള്‍ഫ് നേതാക്കളുമായി ട്രംപിന്റെ കൂടിക്കാഴ്ച അടുത്ത മാസം
റിയാദ്: മധ്യേഷ്യയിലെ നിലവിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസങ്ങളില്‍ മുതിര്‍ന്ന അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ ചര്‍ച്ചയാകുന്ന കൂടിക്കാഴ്ചയില്‍ ഖത്തര്‍ പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നാണറിയുന്നത്. സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നീ അറബ് രാജ്യങ്ങളിലെ മുതിര്‍ന്ന ഭരണസാരഥികളുമായാണ് ട്രംപ് ചര്‍ച്ച നടത്തുക.
സഊദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് എന്നിവര്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സന്ദര്‍ശനത്തിനിടെ ഇവര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷാവസാനം നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ യോഗത്തെ കുറിച്ചും മധ്യേഷ്യന്‍ സമാധാന പദ്ധതി, ഇറാന് പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ചും നേതാക്കള്‍ ട്രംപുമായി ചര്‍ച്ച നടത്തും.
2016 ജൂണ്‍ മുതല്‍ തീവ്രവാദ സഹായം ആരോപിച്ച് ഖത്തറുമായുള്ള ബന്ധം സഊദി, ബഹ്റൈന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ വിച്ഛേദിച്ചിരുന്നു. ഈ പ്രശ്നങ്ങള്‍ ഉടന്‍ അവസാനിച്ച് ഇറാന് അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ കേന്ദ്രീകരിക്കാന്‍ ചര്‍ച്ചയിലൂടെ കഴിയുമെന്നാണ് കരുതുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."