രാജ്യസഭാ തെരഞ്ഞെടുപ്പ്: പ്രതിപക്ഷം വീണ്ടും മെലിയും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതു കാരണം പല ബില്ലുകളും പാസാക്കാന്‍ കഴിയാതിരിക്കുന്ന സാഹചര്യത്തിന് ഏപ്രിലിലോടെ ഏറെക്കുറേ ശമനമാവുമെന്ന പ്രതീക്ഷയില്‍ എന്‍.ഡി.എ സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ അധോസഭയായ ലോക്‌സഭയില്‍ സര്‍ക്കാരിനു മൃഗീയ ഭൂരിപക്ഷമുണ്ട്. എന്നാല്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്. അതിനാല്‍ പല ബില്ലുകളും ലോക്‌സഭയില്‍ പാസായാലും രാജ്യസഭയില്‍ പരാജയപ്പെടാറുള്ളതിനാല്‍ ബില്ലുകള്‍ പാസാക്കുന്നതിനു സര്‍ക്കാര്‍ കോണ്‍ഗ്രസടക്കമുള്ള കക്ഷികളുടെ കനിവു തേടുകയാണ് ചെയ്തുവരുന്നത്.
മൂന്നു നോമിറ്റഡ് അംഗങ്ങളും (വിവിധ മേഖലകളില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍) ഒരു സ്വതന്ത്ര അംഗവും ഉള്‍പ്പെടെ 58 രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് ഏപ്രിലില്‍ അവസാനിക്കാന്‍ പോവുന്നത്. ഇതിന്റെ ഫലം പുറത്തുവരുന്നതോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് എട്ട് അംഗങ്ങളുടെ കുറവുണ്ടാകും. എന്‍.ഡി.എയുടെ ശക്തിയാവട്ടെ 100ല്‍ നിന്ന് 109 ആവുകയുംചെയ്യും. ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം 23നാണ്.
വിരമിക്കാനിരിക്കുന്നവരില്‍ രാഷ്ട്രീയപാര്‍ട്ടി അംഗങ്ങള്‍ 55 പേരാണ്. ഇതില്‍ 30ഉം പ്രതിപക്ഷത്തുനിന്നുള്ള എം.പിമാരാണ്. 24 പേര്‍ എന്‍.ഡി.എ മുന്നണിയില്‍ നിന്നുള്ളവരും. എന്‍.ഡി.എ അംഗങ്ങള്‍ മൊത്തം തിരിച്ചെത്തുന്നതിനൊപ്പം ഭരണകക്ഷിക്ക് ഒമ്പത് അംഗങ്ങള്‍ അധികമായി ലഭിക്കുകയുംചെയ്യും.
പ്രതിപക്ഷത്തെ 123 അംഗങ്ങളില്‍ 54 പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. എന്‍.ഡി.എയുടെ 83 പേരില്‍ 58 പേരും ബി.ജെ.പിയില്‍ നിന്നുള്ളവരുമാണ്. 13 രാജ്യസഭാംഗങ്ങളുള്ള അണ്ണാ ഡി.എം.കെ ഔദ്യോഗികമായി എന്‍.ഡി.എ മുന്നണിയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സഭയില്‍ ഭരണകക്ഷിക്കു പിന്തുണനല്‍കുന്നവരാണ്.
പുറമെ ഏഷ്യാനെറ്റ് മേധാവി രാജീവ്ചന്ദ്രശേഖര്‍, സുഭാഷ് ചന്ദ്ര, സഞ്ചയ് ദത്താത്രേയ, അമര്‍ സിങ് എന്നിവര്‍ സ്വതന്ത്രര്‍ ആണെങ്കിലും ബി.ജെ.പിയെ പിന്തുണക്കുന്നവരാണ്. ഉത്തര്‍പ്രദേശ് (9), മഹാരാഷ്ട്ര (6), മധ്യപ്രദേശ്, ബിഹാര്‍ (5 വീതം), ഗുജറാത്ത്, കര്‍ണാടക, പശ്ചിമബംഗാള്‍ (4 വീതം), രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രപ്രദേശ് (3 വീതം), തെലങ്കാന (2), ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ചത്തിസ്ഗഡ് (ഓരോന്നുവീതം) എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുവരുന്നത്.
നിലവില്‍ 233 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. ഇതിനു പുറമെ 12 നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഉണ്ടാവും. സഭയില്‍ മൂന്ന് അംഗങ്ങളുള്ള എ.എ.പി കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും സമദൂരനയം പിന്തുടരുന്നവരാണെങ്കിലും ബജറ്റ് സമ്മേളനത്തിന്റെ ആദ്യസെഷനില്‍ പ്രതിപക്ഷം സഭബഹിഷ്‌കരിച്ചപ്പോള്‍ അവരും സഹകരിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ സഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ (കോണ്‍ഗ്രസ്), സി.പി നാരായണന്‍ (സിപി.എം), ജോയ് അബ്രഹാം (കേരളാ കോണ്‍ഗ്രസ് എം) എന്നിവരുടെ കാലാവധി ഈ വര്‍ഷം ജൂലൈ ഒന്നിന് അവസാനിക്കാനിരിക്കുകയാണ്. ഇതിനു പുറമെ ഐക്യജനതാദള്‍ എം.പിയായിരുന്ന വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവ് നികത്തപ്പെടാതെ കിടക്കുകയുമാണ്.
ബിഹാറില്‍ ജെ.ഡി.യു നേതാവ് നിതീഷ്‌കുമാര്‍ ബി.ജെ.പിയുമായി സഖ്യംചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാര്‍ പാര്‍ട്ടിയുടെ രാജ്യസഭാംഗത്വം രാജിവച്ചത്. യു.ഡി.എഫ് ടിക്കറ്റില്‍ 2016ല്‍ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ കാലാവധി 2022 ഏപ്രില്‍ വരെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."