HOME
DETAILS

വിശന്നവനെ കൊല്ലുന്നവരോട്

  
backup
February 27 2018 | 20:02 PM

articlehungry

ലോകത്തെവിടെയും തൊഴിലെടുക്കുന്ന ജനസമൂഹങ്ങളില്‍ അത്ഭുതകരമാംവിധം ഉള്‍പ്പെടുന്നതാണ്, ഒരു സമൂഹമെന്ന നിലയില്‍ മലയാളിയുടെ മനുഷ്യവിഭവശേഷി. ഈയൊരു യാഥാര്‍ഥ്യത്തിന്റെ പശ്ചാത്തലത്തില്‍, തന്റെ നാട്ടില്‍ തൊഴിലെടുക്കാന്‍ വരുന്ന സകലരെയും അവരുമായി ബന്ധപ്പെട്ട സകലതിനെയും മലയാളി സംശയത്തോടെ വീക്ഷിക്കുന്നതു വിരോധാഭാസമാണ്.


'ഇതരസംസ്ഥാന തൊഴിലാളി' എന്നതിനു പകരം 'അന്യസംസ്ഥാന തൊഴിലാളി'യെന്നു വിളിക്കുന്നതും ആധുനിക മലയാളിക്കു ശീലമാണ്. പോയിപ്പോയി ഇതരസംസ്ഥാനക്കാരെ മാത്രമല്ല, മലയാളി മധ്യവര്‍ഗത്തിന്റെ സ്വത്വബോധത്തിനു ചേരാത്തതെല്ലാം അന്യവല്‍ക്കരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി ഉടലെടുത്തതിന്റെ സൂചന കണ്ടുതുടങ്ങിയിരിക്കുന്നു.


മാസങ്ങള്‍ക്കു മുന്‍പ് ഒരു അസം സ്വദേശി കോട്ടയത്തു കൊല്ലപ്പെട്ടു. അതിനുശേഷം കേരളത്തില്‍ ആള്‍ക്കൂട്ടനീതിയുടെ പുതിയ ഇരയായിരിക്കുന്നത് അട്ടപ്പാടിയില്‍ ജനിച്ചുവളര്‍ന്ന, 'അന്യ'നല്ലാത്ത മധുവെന്ന ആദിവാസി യുവാവാണ്. ഈ ക്രൂരതയ്ക്ക് മധു 'ഇര'യാക്കപ്പെട്ടത് അയാള്‍ ആദിവാസിയാണ്, കറുത്തവനാണ്, മുഷിഞ്ഞവനാണ്, എല്ലാത്തിനുമുപരി വിശക്കുന്നവനാണ്.., അതിനാല്‍ കൊല്ലപ്പെടേണ്ടവന്‍പോലുമാണ് എന്ന മധ്യവര്‍ഗമലയാളിയുടെ പൊതുബോധം ഒന്നുകൊണ്ടുമാത്രമാണ്..!!
21 ാം നൂറ്റാണ്ടിലും ഇന്ത്യന്‍സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അതിഭീകരമായ യാഥാര്‍ഥ്യം ആള്‍ക്കൂട്ട ആക്രമണവും വടക്കേ ഇന്ത്യയില്‍ വ്യാപകമായ ദുരഭിമാനകൊലകളുമാണ്. ഇതിനെക്കുറിച്ചാകട്ടെ, ഏറ്റവും കുറച്ചു മാത്രമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ദുരഭിമാനക്കൊല, തമിഴ്‌നാട്ടില്‍ ഇടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ചിലതൊഴികെ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ കുറവാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ഈയൊരു ദുരാചാരമില്ല. അത്തരം അഭിമാനകരമായ സ്ഥിതിയില്‍നിന്നു കേരളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ വ്യതിചലിക്കുന്നുവെന്നാണ് പുതിയ ആസുരസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.


2016 ഡിസംബറില്‍ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ ഉദ്ധരിച്ചു സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്കുപ്രകാരം 2015ല്‍ ഇന്ത്യയില്‍ 'അഭിമാന'ത്തിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ വര്‍ധിച്ചിരിക്കുന്നത് 800 മടങ്ങാണ്. ഇതൊരുപക്ഷേ കേരളത്തെ സംബന്ധിച്ച് അവിശ്വസനീയമായ കണക്കാണെന്നു പറയാം. എങ്കിലും അപരനെ വെറുക്കുന്ന, തന്റേതല്ലാത്ത സകലതിനെയും ഭീതിയോടെയും സംശയത്തോടെയും കാണുന്ന അവസ്ഥയിലേക്കു മലയാളിയും എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നതു സത്യമാണ്. ആള്‍ക്കൂട്ടത്തിന്റെ ആക്രോശത്തിനൊത്തു ചലിക്കുന്ന വഷളായ സ്ഥിതിയിലേക്കു നമ്മുടെ സാമൂഹ്യസാഹചര്യവും എത്തിച്ചേര്‍ന്നിരിക്കുന്നു.
ആള്‍ക്കൂട്ടക്കൊല ഇത്രയുംനാള്‍ മലയാളിക്ക് ഉത്തരേന്ത്യന്‍ വാര്‍ത്തയായിരുന്നു. അത്തരം പ്രാകൃതനിയമങ്ങള്‍ സാംസ്‌കാരിക കേരളത്തില്‍ ഇല്ലെന്ന കപട മുഖംമൂടിയാണ് അട്ടപ്പാടിയിലടക്കം അടുത്തിടെ അഴിഞ്ഞുവീണത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നു വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും കെട്ടുകണക്കിനു ഷെയര്‍ ചെയ്യപ്പെട്ട നുണക്കഥകളുടെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരായ കറുത്തവരും മുഷിഞ്ഞവരും ഭിന്നലിംഗക്കാരും കേരളത്തിന്റെ ഈ സാംസ്‌കാരിക മുഖത്തേക്കാണു വിരല്‍ചൂണ്ടുന്നത്.


കൊലപാതകങ്ങളും ദാരുണമരണങ്ങളും മുതല്‍ റോഡില്‍ രക്തംവാര്‍ന്നു മരിക്കുന്നതുവരെയുള്ള ഹൃദയഭേദകമായ രംഗങ്ങള്‍ സെല്‍ഫിയായി പകര്‍ത്തുന്നത് മാരകമായ സൈബര്‍ അഡിക്ഷന്റെ ഭാഗമാണ്. അട്ടപ്പാടിയിലെ മധുവിന്റെ വിശപ്പിനെ ആക്രമിക്കുക മാത്രമല്ല, അതു സെല്‍ഫിയായി പകര്‍ത്തുകയും ചെയ്തതിന്റെ മനഃശാസ്ത്രമിതാണ്. ഇത് അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ വിരുദ്ധവുമാണ്. നമ്മുടേതായ നീതിബോധത്തിന്റെ ചതുരവടിവില്‍ നിന്ന്, കൈയില്‍ കിട്ടിയവനെ രണ്ടു പെരുമാറുന്നതില്‍ തെറ്റില്ലെന്നും അത് വിഡിയോയായും ഫോട്ടോയായും പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തിലുണ്ടാവുന്നതു നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണെന്ന പിണറായി വിജയന്റെ വാക്കുകള്‍ അടിവരയിടുന്നു.


മുഖ്യമന്ത്രി കുറിച്ചതുപോലെ, ഇത്തരം കാടത്തം പരിഷ്‌കൃതസമൂഹത്തിനു യോജിച്ചതല്ല. കേരളത്തിലിത് അംഗീകരിക്കാനാവില്ല. യൂറോപ്പില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വ്യാപിച്ചുവരുന്നതിന് അനുസരിച്ചു കൗമാരക്കാരുടെ അഡിക്ഷനും അതില്‍നിന്നു മോചിതരാക്കാനുള്ള കൗണ്‍സലിങ്ങും വര്‍ധിച്ചുവന്നു. ഇന്നു യൂറോപ്പില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും കൗണ്‍സലിങ് കേന്ദ്രങ്ങളുടെ ബഹളമാണ്. കേരളവും ആ വഴിക്കാണു പോകുന്നത്.


അട്ടപ്പാടിയിലെ കാട്ടില്‍ കഴിയുന്ന മധു നാട്ടിലെത്തി കടയില്‍നിന്ന് അരിയും സാധനങ്ങളും മോഷ്ടിച്ചുവെന്നാരോപിച്ചാണല്ലോ ക്രൂരശിക്ഷ നടപ്പാക്കിയത്. വിശപ്പ് കുറ്റകൃത്യമാകുന്നുവെന്നര്‍ഥം! വിശപ്പൊരു കുറ്റമല്ല എന്നു വിധിയെഴുതിയ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെപ്പോലുള്ള മഹാന്മാര്‍ പിറന്ന നാടിന് അപമാനവും ആപത്തുമാണത്.
ആള്‍ക്കൂട്ട കുറ്റകൃത്യങ്ങള്‍ ഒരേ മനോനിലയിലാണെന്നു മനഃശാസ്ത്രം പറയുന്നു. ഒറ്റയ്ക്കു നടപ്പാക്കുന്ന കുറ്റകൃത്യം പോലല്ല. പങ്കാളികള്‍ക്ക് അത് ആഘോഷമാണ്. മനുഷ്യര്‍ കൊല്ലപ്പെടുന്നതും മുങ്ങിമരിക്കുന്നതും കത്തിച്ചാമ്പലാകുന്നതുമെല്ലാം സെല്‍ഫിയെടുത്ത് ആഘോഷിക്കുന്ന കുറ്റവാളികള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന എളുപ്പവും ആള്‍ക്കൂട്ടത്തിനുണ്ട്. മോഷ്ടാവെന്നും കുട്ടികളെ പിടുത്തക്കാരനെന്നും മുദ്രകുത്തി ഒരാളെ കൈകാര്യം ചെയ്യാന്‍ ആള്‍ക്കൂട്ടത്തിനുള്ള പ്രേരണ ആ മാനസിക നിലയാണ്.
ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഡിസോഡര്‍ (ഐ.എ.ഡി) അല്ലെങ്കില്‍ പ്രോബ്ലമാറ്റിക് ഇന്റര്‍നെറ്റ് യൂസ് (പി.ഐ.യു) അല്ലെങ്കില്‍ കംപള്‍സീവ് ഇന്റര്‍നെറ്റ് യൂസ് (സി.ഐ.യു) എന്ന വിഷയത്തില്‍ ലോകത്ത് ആദ്യപഠനം നടത്തുന്നതും അതൊരു മാനസികവൈകല്യമാണെന്നു പറയുന്നതും 1995ല്‍ ഇവാന്‍ ഗോള്‍ഡ്ബര്‍ഗ് എന്ന പാശ്ചാത്യഗവേഷകനാണ്. അട്ടപ്പാടിയില്‍ ആക്രമിക്കപ്പെട്ട മധുവെന്ന ആദിവാസി യുവാവിന്റെ ചിത്രങ്ങളാണു സോഷ്യല്‍ മീഡിയ നിറയെയെന്നത് അത്തരം ആസുരമായ മനോവൈകല്യത്തെ സൂചിപ്പിക്കുന്നു.


കേരളത്തില്‍ ആദിവാസികളെ ഇല്ലായ്മ ചെയ്യുന്ന നിശ്ശബ്ദമായ വംശഹത്യ വര്‍ഷങ്ങളായി നടക്കുന്നതാണ്. ശിശുമരണനിരക്കായും പട്ടിണിമരണങ്ങളായും നാട്ടുനിയമങ്ങളുടെ കെണിയില്‍ വീഴ്ത്തി തടവറകളിലടച്ചും ആദിവാസികളെ പതുക്കെ ഇല്ലായ്മ ചെയ്യുന്ന പണിയിലാണു മാറിവരുന്ന ഭരണകൂടങ്ങള്‍. ഈ വംശഹത്യാപദ്ധതിയുടെ ആള്‍ക്കൂട്ട ഏറ്റെടുപ്പാണ് അട്ടപ്പാടിയില്‍ നടന്നത്. തങ്ങള്‍ക്കു മരണശിക്ഷ നടപ്പാക്കി ആനന്ദിക്കാനാകുംവിധം അധികാരമുള്ള ശരീരമാണ് ആദിവാസിയുടേതെന്ന ബോധമാണു മധ്യവര്‍ഗമലയാളിയെ അമിതമായ ആത്മവിശ്വാസത്തോടെ ഈ കൊലചെയ്യാന്‍ പ്രാപ്തരാക്കുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റു വിവരവിനിമയ മാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെടുന്ന ആദിവാസിവിരുദ്ധ തമാശകളും ഈ കൊലപാതകത്തില്‍ പങ്കാളികളാകുന്നു.


മധ്യവര്‍ഗങ്ങള്‍ക്കു ഭയവും സംശയങ്ങളും ജനിക്കാന്‍ കാരണക്കാരാവുന്നു എന്നതിനാലാണ് അപരര്‍ ആക്രമിക്കപ്പെടുന്നത്. ആ നിലപാടുതറയില്‍ നിന്നാണു നാം നമുക്ക് അന്യമായ സകലതിന്റെയും അപരവല്‍ക്കരണ സൃഷ്ടിപ്പില്‍ ഏര്‍പ്പെടുന്നത്. ഇതിനുപിന്നില്‍ സാമൂഹികമായ അനുവാദം (സോഷ്യല്‍ സാങ്ഷന്‍) എന്ന ഘടകമുണ്ടെന്നു നിരീക്ഷിച്ച സാമൂഹ്യചിന്തകനാണു ജോണ്‍ ഡോളര്‍സ് എന്ന് ദലിത് ആക്റ്റിവിസ്റ്റ് കെ.കെ ബാബുരാജിനെപ്പോലുള്ളവര്‍ ശരിയായി നിരീക്ഷിക്കുന്നു. താരതമ്യേന ചെറുത്തുനില്‍പ്പുശേഷി കുറഞ്ഞ വിഭാഗങ്ങളെയോ സംഘങ്ങളെയോ ഇരയാക്കുന്ന വിധത്തിലാണു സാമൂഹികാനുവാദം പ്രവര്‍ത്തിക്കുന്നതെന്നും വാദമുണ്ട്.


ആ നിലയില്‍ അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിന്റെ കൊലപാതകത്തിനു കാരണമായ ആള്‍ക്കൂട്ട ആക്രമണം, കേരളീയസമൂഹത്തില്‍പ്പോലും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അപരരോടുള്ള വെറുപ്പിന്റെ ചെറിയ സൂചന മാത്രമാണ്. ആദിവാസികളും ദലിതരുമടക്കമുള്ള കീഴാളരോടും മുസ്‌ലിംകളോടും മാത്രമല്ല, ഇതരസംസ്ഥാനത്തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, ലൈംഗികത്തൊഴില്‍ ചെയ്യുന്നവര്‍, മനോരോഗികള്‍, ഭിക്ഷയെടുത്തു ജീവിക്കുന്നവര്‍, ഒറ്റയ്ക്കു ജീവിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, നിരാലംബരായ വൃദ്ധര്‍, പരിഗണന കിട്ടാത്ത കുട്ടികള്‍ മുതലായ വിഭാഗങ്ങളോടു കടുത്ത വെറുപ്പാണു രൂപപ്പെടുന്നത്. ഇതിനെതിരേ പ്രതിഷേധങ്ങള്‍ക്കും ജാഗ്രതകള്‍ക്കും ഒപ്പം സിവില്‍ ധാര്‍മികതയെ പൊളിച്ചെഴുതുന്ന പുതു കാഴ്ചപ്പാടുകളും ഉയരേണ്ടതുണ്ടെന്നും യുക്തിസഹമായി നിരീക്ഷിക്കാം.
എന്തായാലും, മധുവെന്ന ആദിവാസി യുവാവിന്റെ കണ്ണിലെ ദൈന്യത ഹൃദയഭേദകമായിരുന്നു. മോഷണക്കുറ്റമാരോപിച്ച് അയാളെ തല്ലിക്കൊല്ലുന്നതിനു മുന്‍പേ സെല്‍ഫിയെടുക്കുന്ന ആളുകളെക്കുറിച്ചോര്‍ക്കുമ്പോഴും അതു കേരളത്തിലാണെന്നു തിരിച്ചറിയുമ്പോഴും ഭയം തോന്നുന്നു!


പോസ്റ്റ് ട്രൂത്ത് ( സത്യോത്തരത) എന്ന വാക്കിനു പ്രസക്തിയേറുന്ന കാലഘട്ടത്തിലൂടെയാണു 'നവോത്ഥാന' സമൂഹം മുന്നേറുന്നത്. വസ്തുനിഷ്ഠമായ തെളിവുകളെക്കാള്‍ വികാരങ്ങളും വിശ്വാസങ്ങളുമാണ് ആളുകളെ കൂടുതല്‍ സ്വാധീനിക്കുന്നതെന്നതു നിയമവാഴ്ചയുള്ള പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല.
കല്ലും വടിയുമേന്തിയ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരിറ്റു ദയയ്ക്കുവേണ്ടി തൊണ്ടവറ്റി നിലവിളിക്കേണ്ടി വരുന്ന ദുരവസ്ഥ തന്റെയൊക്കെ ജീവിതത്തിലും ഉണ്ടാവുന്നതുവരെ ഓരോ മധ്യവര്‍ഗ ആക്രമാണോത്സുക മലയാളിയും ഇതൊക്കെയാണു ഹീറോയിസമെന്ന മൂഢസ്വര്‍ഗത്തില്‍ ജീവിക്കും..! ആ നിലയില്‍, കേരളീയ പശ്ചാത്തലത്തില്‍ സെല്‍ഫി ആത്മരതി മാത്രമല്ല; മാനവികതയുടെ എല്ലാ സാധ്യതകളുടെയും വൈപരീത്യമാവും വെറുപ്പും അറപ്പും മാത്രം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അത്തരം അപൂര്‍വാവസരങ്ങളിലൊന്നാണ് ആള്‍ക്കൂട്ടം മധുവിനെക്കൊന്നു സെല്‍ഫിയെടുത്ത് ആഘോഷിക്കുന്നത്.

കറുത്തവനും മുഷിഞ്ഞവനുമാവുക...
കൂടെ വിശക്കുന്നവനുമാവുക..!
കൊല്ലാതെ വയ്യ..!!
എന്ന മധ്യവര്‍ഗ ആള്‍ക്കൂട്ട മലയാളിയുടെ നിലപാട് ഒരുപാടു ഭയപ്പാടുകള്‍ക്കൊപ്പം അടിയന്തിരമായി ചികിത്സ വേണ്ട രോഗാതുരമായ സമൂഹത്തെക്കൂടി വരച്ചുകാട്ടുന്നു..!!


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  12 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  35 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago