നിലമ്പൂരില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
കൊച്ചി: മകളുടെ കൂട്ടുകാരിയും ഒന്പതുവയസുകാരിയുമായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടം ചുള്ളിയോട് പാലപ്പറമ്പത്ത് വീട്ടില്‍ അബ്ദുല്‍നാസറിന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ഡിവിഷന് ബെഞ്ച് ശരിവച്ചത്.
വിധിക്കെതിരേ പ്രതി അബ്ദുല്‍നാസര്‍ നല്കിയ ഹരജി തള്ളിയാണ് ഹൈക്കോടതി നടപടി. പൊതുസമൂഹത്തെയും നീതിപീഠത്തിന്റെ മനസ്സാക്ഷിയെയും ഒരുപോലെ ഞെട്ടിക്കുന്ന ക്രൂരമായ സംഭവമാണിതെന്നു കോടതി പറഞ്ഞു. മദ്റസയിലേക്കു പോകാന്‍ കൂട്ടുകാരിയെ വിളിക്കാന്വന്ന ബാലികയെ 45 വയസുള്ള പ്രതിയാണ് പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.
പ്രതി പിതൃതുല്യമായി പെരുമാറുമെന്നാണ് പെണ്‍കുട്ടി കരുതിയത്. എന്നാല്‍, ക്രൂരമായി പീഡിപ്പിക്കുകയും വാ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. കട്ടിലിനടിയില്‍ ഒളിപ്പിച്ച മൃതദേഹം പിന്നീട് സെപ്റ്റിക് ടാങ്കില്‍ തള്ളാനായി കുളിമുറിയിലേക്ക് മാറ്റി. ഇത്തരമൊരു സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്- ഹൈക്കോടതി വ്യക്തമാക്കി. പിടിയിലായ നാസറിനെ 2013 ജൂലൈ 31നാണ് വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ചത്. 2012 ഏപ്രില്‍ നാലിനായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."