ഒരു അഡാറ് കിരീടം
കോഴിക്കോട്: പ്രതീക്ഷ കൈവിടാതെ കേരളത്തിന്റെ പുരുഷ കേസരികള്‍ റെയില്‍വേസിനെ പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ വനിതാ താരങ്ങള്‍ റെയില്‍വേസിന്റെ കരുത്തിന് മുന്നില്‍ തുടര്‍ച്ചയായി പത്താം തവണയും കീഴടങ്ങി. ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ ടീം കിരീടം നിലനിര്‍ത്തിയപ്പോള്‍ വനിതകള്‍ക്ക് രണ്ടാം സ്ഥാനം. ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെ മുന്നേറിയ പുരുഷ ടീം അര്‍ഹിച്ച കിരീട നേട്ടം തന്നെ സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം തവണ ചാംപ്യന്‍മാരായ കേരളം ഷോക്കേസിലെത്തിക്കുന്ന ആറാം ദേശീയ കിരീവുമായി കോഴിക്കോട്ടേത്.
ആദ്യ നടന്ന വനിതാ വിഭാഗം ഫൈനലില്‍ അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ കേരളത്തിന്റെ പെണ്‍പട റെയില്‍വേയോട് അടിയറവ് പറയുകയായിരുന്നു. ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ടും മൂന്നും സെറ്റുകള്‍ തിരിച്ചുപിടിച്ച് ജയിച്ചു കയറിയപ്പോള്‍ കാലങ്ങളായി കാത്ത് നില്‍ക്കുന്ന കിരീടത്തില്‍ അവര്‍ മുത്തമിടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ നാലാം സെറ്റില്‍ റെയില്‍വേസ് തിരിച്ചടിച്ചതോടെ അഞ്ചാം പോര് നിര്‍ണായകമായി. എന്നാല്‍ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടമായി വനിതകള്‍ തലകുനിച്ചു. രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍: 21-25, 28-26, 25-21, 18-25, 12-15.
അതേസമയം വനിതകള്‍ക്കേറ്റ പരാജയത്തിന് മധുര പ്രതികാരമായി നിലവിലെ ജേതാക്കളായ കേരളത്തിന്റെ പുരുഷ ടീമിന്റെ പ്രകടനം. സ്‌കോര്‍: 24-26, 25-23, 25-19, 25-21. ആദ്യസെറ്റില്‍ 4-1 എന്ന മികച്ച സ്‌കോറില്‍ കേരളത്തെ പിന്നിലാക്കി മുന്നേറിയ തീവണ്ടിപ്പടയ്ക്കു മുന്നില്‍ കേരളം നിഷ്പ്രഭമാവുന്ന കാഴ്ചയാണ് തുടക്കത്തില്‍ കണ്ടത്. എന്നാല്‍ 6-6ല്‍ ഒപ്പത്തിനൊപ്പമെത്തി കേരളം പിന്നീട് സടകുടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു. 11-9ന് ലീഡ് ചെയ്ത കേരളത്തെ 15-12, 15-14 എന്നീ സ്‌കോറുകളില്‍ വരുതിയിലാക്കി 15-15ല്‍ സമനിലയിലെത്തിക്കാന്‍ റെയില്‍വേസിന് കഴിഞ്ഞു. ആദ്യ സെറ്റ് തീരുംവരെ ഏറെക്കുറെ കേരളത്തെ പിന്നിലാക്കി ലീഡിലേറിപ്പായാന്‍ തീവണ്ടിപ്പടയ്ക്കായി. 24- 26ന് കേരളത്തെ തളച്ച് ആദ്യ സെറ്റ് റെയില്‍വേസ് സ്വന്തമാക്കി.
രണ്ടാമത്തെ സെറ്റില്‍ പോയിന്റ് നേട്ടവുമായി റെയില്‍സ്സ് തുടങ്ങിയതോടെ ഗാലറി നിശ്ബ്ദം. ശ്വാസമടക്കി അവര്‍ ഇരുന്നു. പതിയെ കേരളം കളിയിലേക്ക് തിരിച്ചുവരുന്ന കാഴ്ച. കാര്യങ്ങള്‍ വളരെപ്പെട്ടെന്ന് മാറി മറിഞ്ഞു. 0- 2, 1-3 സ്‌കോറുകളില്‍ പിന്നില്‍ നിന്ന കേരളം പൊടുന്നനെ സ്മാഷുകളുതിര്‍ത്ത് കളി തങ്ങളുടേതാക്കി മാറ്റി. ആദ്യത്തെ സെറ്റിലെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അജിത് ലാലും ക്യാപ്റ്റന്‍ ജെറോം വിനീതും വിബിന്‍ ജോര്‍ജുമെല്ലാം അത് ഊര്‍ജമാക്കി മാറ്റിയതോടെ 22ാം പോയിന്റിലെത്തുന്നത് വരെ കേരളത്തിന് തന്നെ മേല്‍ക്കൈ നിലനിര്‍ത്താനായി. പകരക്കാരനായി ഇറങ്ങിയ സെറ്റര്‍ ജിതിന്റെ കൃത്യതയാര്‍ന്ന കളി ഇതിന് ഏറെ സഹായകമാവുകയും ചെയ്തു. ഇതിനിടെ ഉണര്‍ന്നെണീറ്റ തീവണ്ടിപ്പട 22-22 എന്ന തുല്യതയിലേക്കു കുതിച്ചെത്തി. ഇതോടെ തീവണ്ടിക്ക് പിന്നില്‍ കിതച്ചോടേണ്ട ഗതികേടിലേക്ക് കേരളമെത്തുമെന്ന പ്രതീതിയിലായി കാണികള്‍. എസ് പ്രഭാകരന്റെ ഉജ്ജ്വല ഫോമില്‍ റെയില്‍വേസ് മുന്നേറി. എന്നാല്‍, 23-23ല്‍ നിന്ന് 25-23 എന്ന പോയിന്റിലേക്ക് കേരളം സ്മാഷുകള്‍ ഉതിര്‍ത്ത് സെറ്റ് പിടിച്ചതോടെ കളിയും കളിക്കളവും ഗാലറിയുമെല്ലാം കേരളത്തിന് സ്വന്തം.
രണ്ടാമത്തെ സെറ്റിലെ വിജയം ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേക്കാണ് കേരളത്തെ നയിച്ചത്. മൂന്നാം സെറ്റില്‍ കേരളം മേല്‍ക്കൈ വിട്ടുകൊടുത്തതേയില്ല. ജറോം വിനീതിന്റെയും അഖിനിന്റെയും അജിത് ലാലിന്റെയും പിഴവുകളില്ലാത്ത സ്മാഷുകളില്‍ 19നെതിരേ 25 പോയന്റുകളെന്ന കരുത്തുറ്റ വിജയം നേടിയാണു കേരളം മൂന്നാം സെറ്റ് സ്വന്തമാക്കിയത്. നാലാം സെറ്റിന്റെ തുടക്കത്തില്‍ മേല്‍ക്കൈയോടെ മുന്നേറാന്‍ റെയില്‍വേസിന് കഴിഞ്ഞു. റെയില്‍വേസ് മുന്നിലും കേരളം പിന്നിലുമായി കളി മുന്നേറുന്നതിനിടെ കടന്നുവെന്ന റഫറിയുടെ തെറ്റായ തീരുമാനം റെയില്‍സ്സിന് അനുകൂലമായി. ഇതോടെ കാണികള്‍ വെള്ളക്കുപ്പികള്‍ ഗ്രൗണ്ടിലേക്കെറിഞ്ഞ് പ്രതിഷേധിക്കുകയും കേരളത്തിന്റെ ഓരോ അടിയിലും ആവേശത്തിന്റെ അലകടലുകളുയര്‍ത്തുകയും ചെയ്തു. ഇതോടെ കേരള ടീം ഉണര്‍ന്നെണീറ്റു. അജിത് ലാലും ജറോം വിനീതും കോര്‍ട്ടില്‍ നിറഞ്ഞാടി. ഒടുവില്‍ 21നെതിരേ 25 പോയിന്റുകള്‍ക്ക് കേരളം സെറ്റും മാച്ചും കിരീടവും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."