സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പൊലിസ് അപമാനിച്ചതായി ആക്ഷേപം
കോട്ടയം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പൊലിസ് അപമാനിച്ചതായി ആക്ഷേപം. കുറ്റക്കാരിയല്ലെന്നു കണ്ടയുടനെ യുവതിയോട് മാപ്പുപറഞ്ഞ് തലയൂരാനും പൊലിസുകാരന്റെ ശ്രമം. കുമാരനല്ലൂര്‍ സ്വദേശിയായ യുവതിയെയാണ് അപമാനിച്ചത്. ഇവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനം നല്‍കിയ പരാതിയിന്മേല്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എത്തിയ ഡിവൈ.എസ്.പി ഓഫിസിലെ പൊലിസ് ഓഫിസര്‍ അപമാനിച്ചെന്നാണ് പരാതി.
കളത്തില്‍പ്പടിയിലെ നഴ്‌സിങ് പരിശീലന കേന്ദ്രത്തിലെ അക്കൗണ്ട്‌സ് വിഭാഗത്തിലെ ജീവനക്കാരിയാണ് യുവതി. ഇവര്‍ മൂന്നു മാസം മുന്‍പാണ് ഇവിടെ ജോലിക്കെത്തിയത്. അതിനു മുമ്പ് ഏഴു വര്‍ഷത്തോളം ശാസ്ത്രി റോഡിലെ കടയിലായിരുന്നു ജോലി.
ഈ സ്ഥാപനത്തിന്റെ പരാതിയിന്മേല്‍ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ടാണ് മഫ്തിയില്‍ പൊലിസ് ഓഫിസര്‍ കളത്തില്‍പ്പടിയിലെ നഴ്‌സിങ് പരിശീലന കേന്ദ്രത്തില്‍ എത്തുന്നത്.
ഫോണ്‍ വിളിച്ച് സ്ഥലത്തെത്തിയ പൊലിസ് ഇവരെ നിര്‍ബന്ധപൂര്‍വം ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഭര്‍ത്താവിനെ വിളിച്ചറിയിക്കണമെന്ന ഇവരുടെ ആവശ്യവും ചെവിക്കൊണ്ടില്ല. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയ ശേഷമാണത്രേ ഇവരെ ഓഫിസില്‍ നിന്ന് വിളിച്ചറക്കിക്കൊണ്ടുപോയത്.
നേരത്തേ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തി, അവിടുത്തെ ഇ മെയില്‍ പാസ്‌വേഡ് മാറ്റി എന്നിവയാണ്് ഇവര്‍ക്കെതിരേ ആരോപിച്ച കുറ്റങ്ങള്‍. ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. എന്നിട്ടും സ്ഥലത്തില്ലാത്ത ഡിവൈ.എസ്.പി ഉടന്‍ വരുമെന്ന് പറഞ്ഞ് ഇവരെ മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തത്രേ. പതിനേഴ് വയസുള്ള മകളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
പത്രത്തില്‍ വാര്‍ത്ത നല്‍കാനെന്ന് ഭയപ്പെടുത്തി തന്റെ ഫോട്ടോ എടുത്തെന്നും യുവതി പറഞ്ഞു. അതിനിടെ പാസ്‌വേഡ് സ്ഥാപന ഉടമതന്നെ മാറ്റിയതാണെന്ന് ഐ.ടി വിദഗ്ധര്‍ കണ്ടെത്തി. കൂടാതെ സാമ്പത്തിക തിരിമറി ഉണ്ടെന്ന് പരാതിയില്ലെന്നും ഉടമ വ്യക്തമാക്കി.
ഇതോടെ രംഗം പന്തിയല്ലെന്ന് കണ്ട പൊലിസുകാരന്‍ മാപ്പപേക്ഷയുമായി യുവതിയുടെ പിന്നാലെയെത്തുകയും വീട്ടില്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു. അതിനിടെ, യുവതി ഇപ്പോള്‍ ജോലി ചെയ്യുന്ന നഴ്‌സിങ് സ്ഥാപനത്തിലേക്ക് വിളിച്ച് ഇവര്‍ നിരപരാധിയാണെന്നും അവിടെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും പൊലിസുകാരന്‍ പറഞ്ഞെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നു.
തന്നെ അപമാനിച്ച പൊലിസുകാരനെതിരേ മുഖ്യമന്ത്രി, സംസ്ഥാന വനിതാ കമ്മിഷന്‍, ഡി.ജി.പി, എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് യുവതിയും ബന്ധുക്കളും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."