സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഹൈക്കോടതി തടഞ്ഞു
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മാര്‍ച്ച് അഞ്ച് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു.
സ്വകാര്യ ആശുപത്രികളും നഴ്‌സിങ് സ്ഥാപനങ്ങളും ഉള്‍പ്പെട്ട അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുന്നതിനെതിരേയാണ് ഹരജിക്കാര്‍ കോടതിയിലെത്തിയത്. ഹരജി പരിഗണിച്ച കോടതി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് അടിയന്തര നോട്ടിസ് നല്‍കാനും നിര്‍ദേശിച്ചു.
നഴ്‌സുമാരുടെ സേവനത്തെ അവശ്യ സര്‍വിസായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവര്‍ കൂട്ടത്തോടെ സമരം ചെയ്യുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത് അംഗീകരിച്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചു മുതല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
3,79,000 നഴ്‌സുമാര്‍ തങ്ങളുടെ സംഘടനയില്‍ ഉണ്ടെന്നാണ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. ഇവര്‍ കൂട്ടത്തോടെ സമരത്തിലേര്‍പ്പെട്ടാല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിലയ്ക്കും.
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉണ്ട്. ഇതു സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനിടെയാണ് നഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമരത്തെ നേരിടാന്‍ കെസ്മ (കേരള അവശ്യ സര്‍വിസ് നിയമം) പ്രയോഗിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."