ഹജ്ജ് തീര്‍ഥാടകരെ തടഞ്ഞ ഇറാന്‍ നടപടി: പ്രതിഷേധവുമായി ലോക മുസ്‌ലിംകള്‍
റിയാദ്: തങ്ങളുടെ രാജ്യത്തെ തീര്‍ഥാടകര്‍ക്ക് ഈവര്‍ഷം ഹജ്ജിനു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഇറാന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഇറാന്റെ അന്യായത്തിനെതിരേ കൂട്ടുനില്‍ക്കാനില്ലെന്നും ലോകത്തെ മുസ്‌ലിംകളെ വിശുദ്ധ ഹജ്ജിനും തീര്‍ഥാടനത്തിനും സദാ സ്വാഗതമോതുന്ന സഊദിയുടെ നടപടിയെ പിന്തുണച്ചുമാണ് മുസ്‌ലിംലോകം ഇറാനിലെ തീര്‍ഥാടകരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നത്. ഇറാന്റെ നടപടിക്കെതിരേ മുസ്‌ലിം വേള്‍ഡ് ലീഗ് അതിശക്തമായി രംഗത്തെത്തി. ഹജ്ജിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഇറാന്റെ നടപടി കിരാതമെന്നും ഹജ്ജ് കരാര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയത് ഭീരുത്വമാണെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ അബ്ദുല്‍ മുഹസിന്‍ അല്‍ തുര്‍ക്കി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു കരാറാണിതെന്നും സഊദിയടക്കമുള്ള രാജ്യത്തിന്റെ പരമാധികാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളെ സ്വീകരിക്കാന്‍ സഊദി ഭരണകൂടം കാണിക്കുന്ന വിശാല മനസ്‌കതയേയും വികസനത്തിനായി സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ നിലപാടുകളേയും അദ്ദേഹം പ്രശംസിച്ചു.
ഇറാന്റെ നടപടിയെ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല മുതിര്‍ന്ന നേതാവും വിമര്‍ശിച്ചു. ഹജ്ജ് കരാറില്‍ ഏര്‍പ്പെടാത്ത ഇറാന്റെ മുഖം നന്മയുടെ കേന്ദ്രങ്ങളെ നശിപ്പിക്കാനുള്ള തന്ത്രമാണിതെന്നും അല്‍ അസ്ഹര്‍ സര്‍വ്വകലാശാല അണ്ടര്‍ സെക്രട്ടറി അബ്ബാസ് ശൗമാന്‍ പ്രസ്താവിച്ചു .ഈജിപ്ത് മുന് മന്ത്രിയും ഇറാന്‍ നടപടിയെ അതി രൂക്ഷമായി വിമര്‍ശിച്ചു രംഗതെത്തി .ഇറാന്‍ ജനതയെ ഹജ്ജില്‍ നിന്നും തടയാന്‍ അവര്ക്ക് അവകാശമില്ലെന്ന് പണ്ഡിത കൗണ്‍സില്‍ അംഗം കൂടിയായ മഹമൂദ് ഹംദി സഗ് സൂഗ് വ്യക്തമാക്കി .എല്ലാ കാലത്തും ഹജ്ജ് സമയത്ത് ഓരോ കാരണങ്ങള്‍ ഉണ്ടാക്കാന്‍ ഇറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മറ്റൊരംഗമായ അബ്ദുല്‍ ശാഫി മുഹമ്മദ് അബ്ദുല്‍ ലത്തീഫ് ആരോപിച്ചു .
മൂന്നുതവണയായി സഊദിയിലെത്തി ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവസാനം കരാറില്‍ ഒപ്പിവെക്കാതെ ഇറാന്‍ പ്രതിധികള്‍ തിരിച്ചുപോകുകയായിരുന്നു. പിന്നീട് തങ്ങളുടെ രാജ്യത്തെ തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിനു പോകാന്‍ കഴിയില്ലെന്ന് ഇറാന്‍ വ്യക്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."