ഇതര സംസ്ഥാന പച്ചക്കറിവരവില്‍ വര്‍ധന: വില കുത്തനെ കുറഞ്ഞു
തിരുവനന്തപുരം: ഏതാനും ആഴ്ചകള്‍ക്ക് മുന്‍പുവരെ കുതിച്ചുയര്‍ന്നിരുന്ന പച്ചക്കറിവില കുത്തനെ കുറഞ്ഞു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ പച്ചക്കറികള്‍ കേരളത്തിലേക്ക് വരുന്നതാണ് വില കുറയാന്‍ കാരണം. ഉല്‍പാദനം കൂടിയതും ചൂട് കാരണം കര്‍ഷകരും വ്യാപാരികളും തിരക്കിട്ട് വില്‍പന നടത്തുന്നതുമാണ് വിതരണം കൂടാന്‍ കാരണമായത്. എന്നാല്‍ നാടന്‍ ഇനങ്ങള്‍ക്ക് വില ഇപ്പോഴും കുറഞ്ഞിട്ടില്ല.
ഏറ്റവും കനത്ത വിലയിടിവുണ്ടായത് തക്കാളി, സവാള, പച്ചമുളക് എന്നീ ഇനങ്ങള്‍ക്കാണ്. തക്കാളി വില കിലോയ്ക്ക് പത്തുരൂപയാണ്. പച്ചമുളകിനും അതേവിലയാണ്. 50 രൂപയ്ക്കു മുകളിലെത്തിയിരുന്ന സവാള വില നിലവില്‍ 20 രൂപയാണ്. ഇത് വീണ്ടും താഴുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കോളിഫ്‌ളവര്‍, കാബേജ്, വെണ്ട തുടങ്ങിയവയും മാര്‍ക്കറ്റുകളിലേക്ക് വന്‍തോതില്‍ എത്തുന്നുണ്ട്. പുറത്തുനിന്ന് വരുന്ന പയറിനു 20 രൂപ വിലയുള്ളപ്പോള്‍ നാടന്‍ പയറിനു 60 രൂപ കൊടുക്കണം. പാവയ്ക്കാ, മാങ്ങ എന്നിവക്ക് 40 രൂപയാണ് വില. മാര്‍ക്കറ്റുകളില്‍ കായ വരവും കൂടിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് 60 രൂപ വരെ വന്ന ഏത്തക്കായക്ക് ഇപ്പോള്‍ 30-35 രൂപയാണ് വില. ഏത്തപ്പഴം മൂന്ന് കിലോ 100 രൂപക്കാണ് നിലവിലെ വില്‍പന. കാരറ്റ്, ബീറ്റ്‌റൂട്ട്, തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങള്‍ക്കും വില കുറഞ്ഞു.
എന്നാല്‍ പൊതുവെ മാര്‍ക്കറ്റില്‍ അവശ്യ സാധനങ്ങളുടെ വില കുറവാണെങ്കിലും മീനും തേങ്ങയുമാണ് സാധാരണക്കാരെ വലയ്ക്കുന്നത്. ഒഴിച്ചുകൂടാനാകാത്ത ഈ ഇനങ്ങളുടെ വില ഇപ്പോഴും ഉയര്‍ന്നുതന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."