നഗരം പൊങ്കാല നിര്‍വൃതിയില്‍
തിരുവനന്തപുരം: തീയും പുകയും പടര്‍ത്തിയ അസ്വസ്ഥതക്കു പുറമേ ശക്തമായ വെയിലും ചൂടും വകവയ്ക്കാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് മടങ്ങിയത് ഭക്തജന ലക്ഷങ്ങള്‍.
രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതും തലസ്ഥാന നഗരവും സമീപ പ്രദേശങ്ങളും അക്ഷരാര്‍ഥത്തില്‍ യാഗശാലയായി മാറി.
കിലോമീറ്ററുകളോളം ദൂരത്തില്‍ നിരനിരയി സ്ഥാപിച്ച പൊങ്കാലക്കലങ്ങള്‍ തിളച്ചുതൂകിയപ്പോള്‍ ഭക്തര്‍ക്ക് ആത്മസമര്‍പ്പണത്തിന്റെ സാക്ഷാത്കാരമായി അത്. കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്നഭാഗം പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ പാടി കഴിഞ്ഞതോടെ ക്ഷേത്രം ശാന്തി വി.കെ. ഈശ്വരന്‍നമ്പൂതിരി ശുദ്ധപുണ്യാഹ ചടങ്ങുകള്‍ ആരംഭിച്ചു.
10.15ന് ശ്രീകോവിലില്‍നിന്നും ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറി. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നശേഷം ദീപം സഹമേല്‍ശാന്തി പി.വി. കേശവന്‍നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് പാട്ടുപുരയ്ക്ക് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു. ചെണ്ടമേളവും കതിനാവെടിയും മുഴക്കി അറിയിപ്പ് നല്‍കിയതോടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് അഗ്‌നി പകര്‍ന്നു. 2.30ന് നിവേദ്യ ചടങ്ങുകള്‍ നടന്നതോടെ അടുത്തവര്‍ഷവും പൊങ്കാല അര്‍പ്പിക്കാന്‍ എത്താന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥനയോടെ മടക്കം.
രാത്രി 7.45ന് കുത്തിയോട്ട ബാലന്മാര്‍ക്ക് ചൂരല്‍കുത്ത് ചടങ്ങ് നടന്നു. സായുധ സേനയുടെ അകമ്പടിയോടെ നടന്ന പുറത്തെഴുന്നെള്ളത്തിന് ശേഷം ഇന്ന് രാത്രിയില്‍ കാപ്പഴിച്ചശേഷം നടക്കുന്ന കുരുതി തര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.പൊങ്കാലയോടുനുബന്ധിച്ചു ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 14 മെഡിക്കല്‍ ക്യാംപുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു. പൊങ്കാലക്കെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനടി വൈദ്യസഹായം നല്‍കുന്നതിനു വേണ്ടിയാണ് ഇത്രയധികം ക്യാംപുകള്‍ സംഘടിപ്പിച്ചത്.
14 മെഡിക്കല്‍ ക്യാംപുകളിലും ഓരോ മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്‌സ്, രണ്ട് ജെ.പി.എച്ച്.എന്‍ ഒരു ഫാര്‍മസിസ്റ്റ് ഒരു അറ്റന്‍ഡര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കിയിരുന്നു. കൂടാതെ സൗജന്യ പ്രമേഹ രക്തസമ്മര്‍ദ പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു.മെഡിക്കല്‍ ക്യാംപിലൂടെ 1740 പേര്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സൗജന്യ സേവനം പ്രയോജനപ്പെടുത്താന്‍ സാധിച്ചു. മെഡിക്കല്‍ ക്യാംപിനോടൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 108 ആംബുലന്‍സുകളും അടിയന്തര വൈദ്യസഹായം നല്‍കുന്നതിനു വിന്യസിച്ചിരുന്നു.
സേവാഭാരതിയുടെ 27 ആംബുലന്‍സുകളും വിവിധ സ്ഥലങ്ങളില്‍ സേവനത്തിനായി എത്തിയിരുന്നു. പൊലിസിന്റെ നിയന്ത്രണത്തിലായിരുന്നു ഇത്തവണ സേവാ ഭാരതിയുടെ ആംബുലന്‍സുകള്‍.
പൊലിസ് ഏര്‍പ്പെടുത്തിയിരുന്നത് പിഴവുകളില്ലാത്ത സുരക്ഷാ സംവിധാനമായിരുന്നു. സി.സി.ടി.വി നിരീക്ഷണത്തിനു പുറമേ ഷാഡോ പൊലിസ്, വനിതാ പൊലിസ്, മഫ്തി സംഘങ്ങള്‍, പിങ്ക് പൊലിസ് എന്നിവയും കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി പൊലിസിന്റെ സേവനവും പൊങ്കാലയിടാനെത്തിയ ഭക്തരുടെ സുരക്ഷയ്ക്കായി രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."