ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമ്പത്തികനില ഭദ്രമാക്കുന്നതിന് ജി.സി.സി യോഗം പുതിയ ഏജന്‍സിക്ക് രൂപം നല്‍കി
അബ്ദുസ്സലാം കൂടരഞ്ഞി
ദമ്മാം: ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമ്പത്തിക നില ഭദ്രമാക്കുന്നതിന് ജി.സി.സി യോഗം പുതിയ ഏജന്‍സിക്ക് രൂപം നല്‍കി. സഊദിയില്‍ ചേര്‍ന്ന പതിനാറാമത് ഉപദേശക സമിതിയാണ് പുതിയ ഏജന്‍സിക്ക് രൂപം നല്‍കാന്‍ തീരുമാനമെടുത്തത്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ സാമ്പത്തിക വികസന മേഖലയില്‍ ശക്തി പകരാനാണ് പുതിയ കാല്‍വെപ്പായി ജി.സി.സി ഏകീകരണ ഫോറത്തിനാണ് രൂപം നല്കിയത് .സാമ്പത്തിക, വികസന മേഖലകളില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പുതിയ ഏജന്‍സിയുടെ ലക്ഷ്യം. സഊദി ഭരണാധികാരി സല്മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അന്താരാഷ്ട്ര മാര്‍ക്കിനനുസരിച്ചു എണ്ണ,ഊര്‍ജ്ജ മേഖലയില്‍ പരോക്ഷമായ ടാക്‌സ് സമ്പ്രദായം കൊണ്ട് വന്നിട്ടുണ്ട്. കൂടാതെ വിലമതിക്കാനാകാത്ത വിവിധ പദ്ധതികളുമുണ്ട്. ഇതിനെല്ലാം ആധാരമായിരുന്ന എണ്ണ വിപണി പക്ഷെ നേരത്തെ ഉന്നതിയിയിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിന്റെ പകുതിയിലും താഴെയായി പതിച്ചിരിക്കുകയാണ്. ഇതാണ് പുതിയ ഏജന്‍സിക്ക് രൂപം നല്‍കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചത്.
ജി.സി.സി രാഷ്ട്രങ്ങളിലെ പൊതു വിപണിയെയും കസ്റ്റംസ് യൂണിയനെയും പുതിയ സമിതിയുടെ കീഴില്‍ കൊണ്ടുവരും. ഈ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ പുതിയ സമിതിക്ക് സാധിക്കുമെന്ന് ഇതേ കുറിച്ച് വിശദീകരണ സമ്മേളനത്തില്‍ സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. സിറിയ,ഇറാന്‍ തുടങ്ങിയ വിഷയങ്ങളും ജി.സി.സി യോഗത്തില്‍ ചര്‍ച്ചയായി. സിറിയയിലേക്ക് അമേരിക്കയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കാന്‍ സഊദി സന്നദ്ധമാണെന്നും അല്‍ ജുബൈര്‍ പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ അടിയന്തിരമായ വിശകലനത്തിന് സമയമായെന്നും അറബ് സമാധാന സേനയുടെ മേല്‍നോട്ടത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."