ബംഗാള്‍ ഷോക്ക് ത്രിപുരയിലും; നിലയില്ലാക്കയത്തില്‍ സിപിഎം
അഗര്‍ത്തല: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 ശതമാനം സീറ്റിലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ട ബിജെപിക്ക് ത്രിപുരയുടെ മണ്ണില്‍ വേരുറപ്പിക്കാന്‍ ഇടം നല്‍കിയ സിപിഎമ്മിന് ഇനി പരീക്ഷണ കാലം.
പാര്‍ട്ടിയുടെ ഉറച്ച ശക്തികേന്ദ്രമാണ് ഇന്നു ബിജെപി അനായാസം കൊത്തിയെടുത്തത്. ബംഗാളും ത്രിപുരയും കേരളവും പാര്‍ട്ടിയുടെ കൈയില്‍ സുരക്ഷിതമെന്നു കരുതിയിരുന്ന കാലത്ത് ബംഗാള്‍ നഷ്ടപ്പെട്ടപ്പോളും ത്രിപുരയില്‍ പാര്‍ട്ടിക്ക് ഉറച്ച വിശ്വാസമായിരുന്നു. ആ വിശ്വാസത്തിനു മങ്ങലേറ്റതിനു ബിജെപിയുടെ വര്‍ഗീയ നയങ്ങളെ പഴിചാരാമെങ്കിലും അണികളെ വിശ്വസിപ്പിക്കാന്‍ സിപിഎം പാടുപെടും. നില്‍ക്കുന്നിടത്തെ മണ്ണ് ആഴത്തില്‍ ഒലിച്ചുപോകുന്നതു കാണാതിരുന്നതിന്റെ ആഘാതമാണ് പാര്‍ട്ടി ഇന്നനുഭവിക്കുന്നത്.
ത്രിപുരയില്‍ തോറ്റാല്‍ ദേശീയതലത്തില്‍ നയംമാറ്റേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാവായ കേന്ദ്രകമ്മിറ്റിയംഗം പറഞ്ഞതും പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയങ്ങളിലുള്ള അഭിപ്രായവ്യാത്യാസമാണ്. ബിജെപിയുടെ ഭീഷണി കേരളഘടകം വേണ്ടരീതിയില്‍ മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുശത്രുവായ ബിജെപിയെ തുരത്താന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനൊപ്പം അണിചേരണമെന്ന നിലപാടുള്ള പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടു ശരിവയ്ക്കുന്നതായി ത്രിപുരയിലെ പരാജയം വ്യാഖ്യാനിക്കപ്പെടും. ഇതു പാര്‍ട്ടിയില്‍ യെച്ചൂരിക്കു കൂടുതല്‍ കരുത്തു പകരും. ഏപ്രില്‍ 18 മുതല്‍ ഹൈദരാബാദില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ത്രിപുരയിലെ പരാജയം ചൂണ്ടിക്കാണിച്ച് ശക്തമായ നയംമാറ്റത്തിന് യെച്ചൂരി വിഭാഗം വാദിക്കും.
കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന യെച്ചൂരിയുടെ കരട് രേഖ കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു.
ഫാസിസത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യം വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ അവസാന നിമിഷം വരെ യെച്ചൂരി നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.
കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന നിലപാട് സി.പി.എം കേരള സംസ്ഥാന സമ്മേളനവും തള്ളിയിരുന്നു. ഇതിനെതിരേ ശക്തമായാണ് സമ്മേളനത്തില്‍ യെച്ചൂരി പ്രതികരിച്ചത്.
പാര്‍ട്ടിയെന്നാല്‍ കേരളം മാത്രമല്ലെന്ന് ചര്‍ച്ചയ്ക്കു മറുപടിപറഞ്ഞ യെച്ചൂരി പ്രതിനിധികളെ ഓര്‍മിപ്പിച്ചു. സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള മാര്‍ക്‌സിസ്റ്റ് അല്ല. കേരളത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു കോണ്‍ഗ്രസാവാം. എന്നാല്‍, മറ്റിടങ്ങളില്‍ അവസ്ഥ അതല്ല. ഏതെങ്കിലും സംസ്ഥാനത്തെ സാഹചര്യംമാത്രം നോക്കിയല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങള്‍ തീരുമാനിക്കേണ്ടത്. പൊതുസാഹചര്യം നോക്കിയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളാണുള്ളത്. ആ യാഥാര്‍ഥ്യങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടില്ലെന്നും യെച്ചൂരി തുറന്നടിച്ചു. കോണ്‍ഗ്രസിനോടുള്ള സമീപനരേഖയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭേദഗതി വരുത്താനാകും യെച്ചൂരി വിഭാഗത്തിന്റെ ഇനിയുള്ള ശ്രമം.
ചരിത്രത്തിലാദ്യമായാണ് ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചടക്കുന്നത്. ഗോത്രവര്‍ഗപാര്‍ട്ടിയായ ഐ.പി.എഫ്.ടിക്കൊപ്പം ചേര്‍ന്നാണ് ബിജെപിക്കൊപ്പം മല്‍സരിച്ചത്.
ഒരിക്കലും കൈവിടില്ലെന്ന് കണക്കുകൂട്ടിയിരുന്ന സംസ്ഥാനം ബിജെപി തട്ടിയെടുത്തതിന്റെ ആഘാതത്തിലാണ് പാര്‍ട്ടിയിപ്പോള്‍. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായി വോട്ടിംഗ് ശതമാനം കുറഞ്ഞതും പാര്‍ട്ടിക്ക് തിരിച്ചടിയായി. 2013 ല്‍ 92 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 74 ശതമാനത്തിലേക്ക് ചുരുങ്ങി.
എട്ടാം തവണയും ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച പാര്‍ട്ടി അടിതെറ്റി നിലയില്ലാക്കയത്തിലേക്ക് വീണത് സ്വന്തം നിലപാടുകളിലെ വൈരുദ്ധ്യം ഒന്നുകൊണ്ടു മാത്രമാണ്.
ഇരുപത്തിയഞ്ചു വര്‍ഷത്തെ അധികാരം വിട്ടൊഴിയുമ്പോള്‍ ത്രിപുരയില്‍ മാത്രമല്ല കേരളത്തിലും അതിന്റെ അലയൊലികള്‍ ആഞ്ഞടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."