മൂന്ന് അരുംകൊലകളും രാഷ്ട്രീയ പൊയ്മുഖങ്ങളും
ആക്ഷേപഹാസ്യകഥകളിലൂടെ പൊതുസമൂഹത്തിലെ കള്ളനാണയങ്ങളുടെ മുഖംമൂടി വലിച്ചുചീന്തിയ വിഖ്യാതനായ എഴുത്തുകാരനാണു വി.കെ.എന്‍. അദ്ദേഹത്തിന്റെ കഥാപാത്രമായ ചാത്തന്‍സ് ഒരു ഘട്ടത്തില്‍ നടത്തുന്ന ആത്മഗതം ഇങ്ങനെയാണ്: 'ഇതെല്ലാം കാണുമ്പോള്‍ പോയി നക്‌സലൈറ്റാവാനാണു തോന്നുന്നത്.'
തൊഴിലാളിവര്‍ഗത്തിന്റേതെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി മധ്യവര്‍ഗത്തിന്റെ താല്‍പ്പര്യസംരക്ഷരാവുകയും കൃഷിഭൂമി കര്‍ഷകത്തൊഴിലാളിക്ക് എന്നാകേണ്ടിയിരുന്ന നയം അട്ടിമറിച്ചു കൃഷിഭൂമി പാട്ടക്കുടിയാനെന്നു തിരുത്തുകയും ചെയ്തതിലുള്ള പ്രതിഷേധമാണു കര്‍ഷകത്തൊഴിലാളിയായ ചാത്തന്‍സിനെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്.
ഇക്കാലത്തെ പല രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അവയുടെ നേതാക്കളുടെയും ക്രൂരതയും കാപട്യവും കണ്ടു മനംമടുത്ത പുതിയ തലമുറ ചാത്തന്‍സ് ചിന്തിച്ചപോലെ തീവ്രവാദത്തിലേയ്‌ക്കോ അരാജകവാദത്തിലേയ്‌ക്കോ തിരിയാതിരിക്കട്ടെ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.
ഈ പ്രാര്‍ത്ഥന വെറുതെ ഉള്ളില്‍ത്തട്ടി നടത്തുന്നതാണ്. നമ്മുടെ നാട്ടിലെ നല്ലൊരു പങ്കു ചെറുപ്പക്കാരും കടുത്ത അരാജകത്വത്തിലേയ്‌ക്കോ രാഷ്ടീയതീവ്രവാദത്തിലേയ്‌ക്കോ നിപതിച്ചാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം, അഴിമതിക്കാരും കോടീശ്വരന്മാരുടെ ആജ്ഞാനുവര്‍ത്തികളുമായ രാഷ്ട്രീയക്കാര്‍ അവരെ ആ വഴിയിലേയ്ക്കു തിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മയുടെ ദുരിതമനുഭവിക്കുന്ന ചെറുപ്പക്കാരെ പറക്കമുറ്റും മുമ്പു ആജ്ഞാനുവര്‍ത്തികളായ ഗുണ്ടകളാക്കി നേതാക്കന്മാര്‍ മാറ്റിക്കൊണ്ടിരിക്കുന്നു. പട്ടിണിക്കാരന്റെ പിച്ചച്ചട്ടിയില്‍പ്പോലും കൊള്ള നടത്തുകയും അതേസമയം, വിശപ്പുസഹിക്കാതെ അരി മോഷ്ടിക്കുന്നവനെ കള്ളനാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്നു. ഭീകരമായതെന്തെങ്കിലും സംഭവിക്കുമ്പോള്‍ മുതലക്കണ്ണീരുമായി രംഗത്തെത്തുന്നു.
ഇതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മാസം നടന്ന മൂന്ന് അരുംകൊലകളുടെ പശ്ചാത്തലവും അതിലേയ്ക്കു നയിച്ച കാരണങ്ങളും അവയെപ്പറ്റി വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളും വിശദീകരിച്ചാല്‍ നിങ്ങളും സമ്മതിക്കും ഇന്നത്തെ രാഷ്ട്രീയാവസ്ഥ അതിഭീകരമാണെന്ന്.
കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിനെ കൊന്ന കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെന്ന യുവാവ് പൊലിസിനു നല്‍കിയതായി പുറത്തുവന്ന മൊഴി ഇപ്രകാരമാണ്: 'തല്ലിയാല്‍പ്പോരേയെന്നു ഞാന്‍ ചോദിച്ചു. പോരാ എന്നായിരുന്നു നേതാവിന്റെ മറുപടി. കാലുവെട്ടിയെടുക്കണമെന്നാണു നിര്‍ദ്ദേശിച്ചത്.'ആകാശ് തില്ലങ്കേരിയെ ചെറുപ്പക്കാരനെന്നു പോലും പറയാനാകില്ല, കൗമാരപ്രായം വിട്ട പയ്യന്‍. ഒപ്പം അറസ്റ്റിലായ റിജിന്‍രാജിനും അതേ പ്രായം. ആ ചെറുപ്പക്കാരുടെ മനസ്സില്‍പ്പോലുമുണ്ടാകുന്ന സംശയം തങ്ങളുടെ പ്രവര്‍ത്തകരുമായി സംഘട്ടനത്തിലേര്‍പ്പെട്ട എതിരാളിയെ തല്ലി പകരം വീട്ടിയാല്‍പ്പോരേയെന്നാണ്. പക്ഷേ, നേതാവു സമ്മതിക്കുന്നില്ല, 'തല്ലിയാല്‍പ്പോരാ കാലുവെട്ടണം' എന്നാണ് ആജ്ഞ.
നേതാവിന്റെ (അല്ലെങ്കില്‍ നേതാക്കളുടെ) ആജ്ഞ നടപ്പാക്കാനാണ്, അല്ലാതെ ശുഹൈബ് എന്ന യുവാവുമായി എന്തെങ്കിലും വ്യക്തിവിരോധമുള്ളതിനാലല്ല, ആ ചെറുപ്പക്കാര്‍ കാലുവെട്ടാനിറങ്ങിയത്. കശാപ്പുകാരുടെ മനസ്സില്‍ താന്‍ കൊല്ലുന്ന മൃഗത്തോടു ക്രൂരതയല്ല, സഹതാപമാണുണ്ടാവുക. അതുപോലുമില്ലാതെ അതിക്രൂരമായാണ് ആ പയ്യന്മാര്‍ ശുഹൈബിന്റെ കാലുകള്‍ കൊത്തിനുറുക്കിയത്.
നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായതിന്റെ പേരില്‍ അവര്‍ക്കെന്തു നേട്ടമുണ്ടായി. കുറച്ചു കാശു കിട്ടിയിരിക്കാം. പക്ഷേ, അവരുടെ ജീവിതം പൂര്‍ണമായും സാമൂഹ്യവിരുദ്ധതയില്‍ അകപ്പെടുകയാണ്. നല്ല വിദ്യാഭ്യാസം നേടി, നല്ല ജോലി കിട്ടി, നല്ലനിലയില്‍ ജീവിക്കേണ്ട ചെറുപ്പക്കാരെയാണു രാഷ്ട്രീയസ്വാര്‍ത്ഥതയ്ക്കുവേണ്ടി നേതാക്കന്മാര്‍ നശിപ്പിച്ചു കളയുന്നത്. മനുഷ്യനെക്കൊല്ലുക എന്നു പറയുന്നത് പൂവിറുക്കലിനേക്കാള്‍ ലാഘവത്തോടെ നടപ്പാക്കാവുന്നതാണെന്ന് അവര്‍ തിരിച്ചറിയുകയാണ്. നേതാക്കന്മാര്‍ക്കാവശ്യമില്ലാതാകുമ്പോള്‍ അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടിയും ഈ ക്രൂരത നടപ്പാക്കാന്‍ തയാറാകും. കേരളത്തിലെ മിക്ക ക്വട്ടേഷന്‍ സംഘാംഗങ്ങളും തുടക്കത്തില്‍ രാഷ്ട്രീയക്കാരുടെ ഗുണ്ടകളായിരുന്നുവെന്നതാണു വാസ്തവം.
മണ്ണാര്‍ക്കാട്ടെ സഫീറിനെ കൊലപ്പെടുത്തിയ കേസിലും ചിത്രം വ്യത്യസ്തമല്ല. സഫീറിന്റെ കൊലയാളികളും പ്രായവും പക്വതയുമുള്ളവരല്ല. ശുഹൈബ് വധക്കേസിലേതുപോലെ തീര്‍ത്തും കൗമാരപ്രായം കഴിഞ്ഞു യൗവനത്തിലേയ്ക്കു കാലൂന്നിയവര്‍. പക്ഷേ, അവരെക്കുറിച്ചു നാട്ടുകാര്‍ പറയുന്നത്, ശുഹൈബ് വധക്കേസിലെ പ്രതികളെക്കുറിച്ചു പറയുന്നപോലെ, പ്രൊഫഷണല്‍ ഗുണ്ടകളെന്നാണ്. ഈ പ്രായത്തില്‍ അവരെങ്ങനെ പ്രൊഫഷണല്‍ ഗുണ്ടകളായി. ഈ ചോദ്യത്തിനു രാഷ്ട്രീയക്കാര്‍ സ്വന്തം മനസ്സാക്ഷിയോട് ഉത്തരം പറയേണ്ടതാണ്.
മയക്കുമരുന്നുപയോഗവും വില്‍പ്പനയും അതുമായി ബന്ധപ്പെട്ട അക്രമങ്ങളുമൊക്കെയായി നടന്ന കൗമാരപ്രായക്കാരെ രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേര്‍ത്തതു തന്നെ ഏറ്റവും വലിയ തെറ്റ്. രാഷ്ട്രീയം അവര്‍ക്ക് അഭയസ്ഥാനമായി തോന്നും അതിന്റെ ബലത്തില്‍ എന്തും ചെയ്യാമെന്ന തോന്നലുണ്ടാകും. പാര്‍ട്ടി ഭരണത്തിലാണെങ്കില്‍ ധൈര്യം കൂടും. അതാണ് മണ്ണാര്‍ക്കാട്ട് സംഭവിച്ചത്. ഈ യുവാക്കളുടെ സ്വഭാവദൂഷ്യം തിരിച്ചറിഞ്ഞാണ് മുസ്‌ലിംലീഗ് അവരെ ഒഴിവാക്കിയത്. അതോടെ അവര്‍ സി.പി.എമ്മുമായി ഒട്ടിച്ചേര്‍ന്നു. അവര്‍ക്കും സഹിക്കാതായപ്പോള്‍ അവിടെനിന്നും പോരേണ്ടിവന്നു. എന്തുകൊണ്ട് രണ്ടു പാര്‍ട്ടികള്‍ ഈ ചെറുപ്പക്കാരെ പുറത്താക്കിയെന്നു നോക്കാതെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ സി.പി.ഐ സ്വീകരിച്ചു. അത് ആ പാര്‍ട്ടിക്കു ചീത്തപ്പേരിനു വഴിയൊരുക്കി. 'അവരുടെ ക്രൂരതയ്ക്കു ഞങ്ങള്‍ കൂട്ടുനില്‍ക്കി'ല്ലെന്ന് ഇപ്പോള്‍ പറഞ്ഞതുകൊണ്ടായില്ല. പാര്‍ട്ടി അംഗമാകുന്നവന്‍ സാമൂഹ്യദ്രോഹിയല്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പാര്‍ട്ടികള്‍ക്കാണ്.
അട്ടപ്പാടിയിലെ മധുവിനെ അടിച്ചുകൊന്നവരുടെ ക്രൂരതയ്‌ക്കെതിരേ പ്രസ്താവനയിറക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളുമില്ല. അതൊരു രാഷ്ട്രീയകൊലപാതകമല്ലെങ്കിലും രാഷ്ട്രീയശത്രുക്കള്‍ക്കെതിരേ ആയുധമാക്കാന്‍ എല്ലാ രാഷ്ട്രീയക്കാരും മത്സരിക്കുന്നുണ്ട്. പട്ടിണിമൂലം അരിമോഷ്ടിച്ചവനെയാണു തല്ലിക്കൊന്നത്. അതിനാല്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കു ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുമെന്നുറപ്പുവരുത്തുമെന്നും അവര്‍ക്കു ഭൂമി ലഭ്യമാക്കുമെന്നും ഭരണകൂടവും പറയുന്നു.
പക്ഷേ, ആരും ഒരു കാര്യം മാത്രം ചോദിക്കുകയും പറയുകയും ചെയ്യുന്നില്ല. സ്വാതന്ത്ര്യം കിട്ടി ഇക്കാലത്തിനിടയില്‍ കേരളത്തിലെ ആദിവാസികള്‍ക്കുവേണ്ടി എത്രമാത്രം തുക കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടില്‍നിന്നു ചെലവഴിച്ചു. ആ തുകയില്‍ എത്രമാത്രം ആദിവാസികളുടെ ക്ഷേമത്തിനായി യഥാര്‍ത്ഥത്തില്‍ ചെലവഴിച്ചിട്ടുണ്ട്. അതില്‍ എത്ര തുക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടത്തട്ടുകാരും തട്ടിയെടുത്തു. അങ്ങനെ തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ചു കണ്ടെത്തി നടപടിയെടുക്കാന്‍ തയാറാകാത്തതെന്ത്.
ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമോ നടപടിയോ ഉണ്ടാകില്ല. കാരണം, മധുവിന്റെ മരണത്തിന്റെ വാര്‍ത്താപ്രധാന്യം കഴിയുന്നതോടെ എല്ലാവരും വെട്ടിപ്പിന്റെ കഥയും മറക്കുമല്ലോ. അതുവരെ താല്‍ക്കാലികമായി കപടമുഖംമൂടിയണിഞ്ഞു ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു രക്ഷപ്പെടാമല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."