രാജ്യത്തെ ആദ്യ സൗരോര്‍ജ എ.സി യാത്രാബോട്ട് കുതിക്കാനൊരുങ്ങുന്നു
വൈക്കം: രാജ്യത്തെ ആദ്യ സൗരോര്‍ജ യാത്രാ ബോട്ടായ ആദിത്യയുടെ പാത പിന്തുടര്‍ന്ന് വിജയഗാഥ രചിക്കുവാന്‍ ജലഗതാഗത വകുപ്പിന്റെ വൈക്കം-എറണാകുളം എ.സി സൂപ്പര്‍ഫാസ്റ്റ് ബോട്ട് സര്‍വീസിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നടന്ന വിദഗ്ധസമിതി യോഗത്തില്‍ ബോട്ടിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. അവസാനഘട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്.
വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സോളാര്‍ യാത്രാബോട്ടായ 'ആദിത്യ' ജലഗതാഗതവകുപ്പിന് വന്‍ലാഭം നേടിക്കൊടുത്തതിനു പിന്നാലെയാണ് എ.സി ബോട്ടും എത്തുന്നത്.
അതിവേഗ ബോട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ ഒന്നര മണിക്കൂര്‍കൊണ്ട് വൈക്കത്തു നിന്ന് എറണാകുളത്ത് എത്താന്‍ കഴിയും. ഇടയ്ക്കു നാല് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. വൈക്കം-കൊച്ചി റൂട്ടില്‍ റോഡുമാര്‍ഗം ഒന്നര മണിക്കൂര്‍ ആണ് യാത്രാ സമയമെങ്കിലും ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും ഇത് രണ്ട് മണിക്കൂര്‍ വരെ നീളാറുണ്ട്. 1.80 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന എ.സി ബോട്ട് മണിക്കൂറില്‍ 28-30 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും.
ഇരട്ട എന്‍ജിന്‍, ഇരട്ട പ്രൊപ്പല്ലര്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. 120 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 50 സീറ്റുകള്‍ ഉള്ള ക്യാബിനിലാണ് എ.സി സൗകര്യം. ബാക്കി നോണ്‍ എ.സി. ഡബിള്‍ ഡെക്ക് നിലവാരത്തില്‍ നിര്‍മിക്കുന്ന ബോട്ടില്‍ താഴെ മാത്രമേ ഇരുന്നു യാത്ര ചെയ്യാനാകൂ.
അരൂരിലെ ബോട്ട് യാര്‍ഡിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. വൈക്കം, ചെമ്മനാകരി, പെരുമ്പളം, പാണാവള്ളി, തേവര, നേവല്‍ബേസ് വഴി എറണാകുളം ജെട്ടിയിലെത്തുന്ന പാതയാണ് ക്രമീകരിച്ചിരിക്കുന്നത്. വിനോദസഞ്ചാര വികസനംകൂടി കണക്കിലെടുത്താണ് എ.സി ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. വേമ്പനാട്ടു കായലിന്റെ വശ്യത യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ആസ്വദിച്ച് യാത്ര ചെയ്യാന്‍ കഴിയും. സാധാരണയാത്രക്കാര്‍ക്ക് പുറമേ ടൂറിസ്റ്റുകളെ കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ ജലഗതാഗതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്തും. രണ്ടുമാസത്തിനകം യാത്രക്കാരുമായി സര്‍വിസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."