സഞ്ചിതചരിത്രത്തിന്റെ വനാന്തരങ്ങള്‍
നാല്‍പ്പതുകളുടെയും അന്‍പതുകളുടെയും കലങ്ങിമറിഞ്ഞ സംഘര്‍ഷഭരിതമായ ഇസ്രായേലി സാഹചര്യങ്ങളില്‍ വളര്‍ച്ചയുടെ വഴിവെളിച്ചമായി അമ്മ പറഞ്ഞ കഥകളുടെ ഓര്‍മ 'എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്ക്‌നസ്സ് ' എന്ന ഓര്‍മപ്പുസ്തകത്തില്‍ ആമോസ് ഓസ് വിവരിക്കുന്നുണ്ട്. മുപ്പത്തിയെട്ടാം വയസില്‍, ആമോസിന് പന്ത്രണ്ടു വയസ് മാത്രമുള്ളപ്പോള്‍, ദുരൂഹകാരണങ്ങളാല്‍ സ്വയം അവസാനിപ്പിച്ച തരളഹൃദയയായിരുന്ന അവര്‍ മകനോടു സംവദിക്കാന്‍ കണ്ട മാര്‍ഗമായിരുന്നു മുത്തശ്ശിക്കഥകള്‍. 'സഡന്‍ലി ഇന്‍ ദി ഡെപ്ത് ഓഫ് ദി ഫോറസ്റ്റ് ' എന്ന ചെറു നോവലില്‍ ഇസ്രായേലിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരന്‍ സ്വയം തന്റെ ജീവിതത്തിന്റെയും രചനകളുടെയും പശ്ചാത്തലം രൂപപ്പെടുത്തിയ, സഞ്ചിത ചകിതാനുഭവങ്ങള്‍ ദൃഷ്ടാന്തമുത്തശ്ശിക്കഥാരൂപത്തില്‍ ആവിഷ്‌കരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ്, എന്നു വച്ചാല്‍ നോവലിലെ മുഖ്യകഥാപാത്രങ്ങളായ ഇപ്പോഴത്തെ കുട്ടികളുടെ അച്ഛനമ്മമാര്‍ കുട്ടികള്‍ ആയിരുന്ന കാലത്ത്, മൃഗങ്ങളും മത്സ്യങ്ങളും കീടങ്ങളും പുഴുക്കളും പോലും പൊടുന്നനെ ഒരുനാള്‍ അപ്രത്യക്ഷരാകുന്ന അസാധാരണ സംഭവം ഗ്രാമത്തില്‍ അരങ്ങേറുന്നതാണ് നോവലിന്റെ ഇതിവൃത്തം. എഴുനൂറു വേട്ടക്കാരും നാലു മുക്കുവരും ഉണ്ടായിരുന്ന ഗ്രാമം, പുഴയില്‍നിന്നു മത്സ്യങ്ങളും കരയില്‍നിന്നു മൃഗങ്ങളും അന്തര്‍ധാനം ചെയ്തതോടെ, ശാപഗ്രസ്തമല്ലാത്ത ഇടങ്ങളിലേക്കുള്ള ആളുകളുടെ പലായനത്തെ തുടര്‍ന്നു വിജനമായതാണ്.
''ഗ്രാമം നരച്ചതും മ്ലാനവുമായിരുന്നു. അതിനു ചുറ്റും എല്ലാ ഭാഗത്തും പര്‍വതങ്ങളും കാടും മേഘങ്ങളും കാറ്റുമായിരുന്നു. ഒരു അപിശപ്തനഗരം പോലെ അതു വിഷാദപൂര്‍ണവും എകാന്തവുമായി കാണപ്പെട്ടു. സര്‍വത്ര വല്ലാത്തൊരു സിശബ്ദതയായിരുന്നു. ഒരു പശുവും കരഞ്ഞില്ല, ഒരു കഴുതയും ഓരിയിട്ടില്ല, ഒരു കിളിയും ചിലക്കുന്നില്ല, ആകാശത്തിനു കുറുകെ അരയന്നക്കൂട്ടമില്ല, ഗ്രാമീണര്‍ അത്യാവശ്യത്തിനല്ലാതെ പരസ്പരം സംസാരിക്കുന്നില്ല.''
മുതിര്‍ന്നവര്‍ എന്താണു സംഭവിച്ചത് എന്നതിനെ കുറിച്ചു മൗനത്തിന്റെ ഒരു സാമൂഹികമതില്‍ തീര്‍ത്തിട്ടുണ്ട്. ഓര്‍മകളില്‍ ഒരു വിവേചനവും. മുതിര്‍ന്നവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം പഴയ കാലങ്ങളെ ഓര്‍ത്തിരുന്നു, കിളികളെയും മൃഗങ്ങളെയും സ്വപ്നം കണ്ടു. തന്റെ പ്രിയപ്പെട്ട നായ സീറ്റൊയെ ഓര്‍ത്തിരിക്കുന്ന മുക്കുവന്‍ ആല്‍മന്‍ തടിയില്‍ തീര്‍ത്ത കൊച്ചുരൂപങ്ങള്‍ കുട്ടികള്‍ക്കു നല്‍കി. ആരും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാത്ത ഇമ്മാനുവേല ടീച്ചര്‍ ക്ലാസ് മുറിയില്‍ കുട്ടികളോട് സുന്ദരജീവികളെ കുറിച്ചു കഥകള്‍ പറഞ്ഞു. കേട്ടറിവു മാത്രമായ പ്രതിഭാസത്തെ വിശ്വസിക്കാനാവാത്ത പുതുതലമുറ അവരെ കളിയാക്കി. ചലനശേഷിയില്ലാതെ ചുരുണ്ടുകൂടിയ ഭര്‍ത്താവ് ഗിനോമിനെ ശുശ്രൂഷിച്ചു കഴിയുന്ന തുന്നല്‍ക്കാരി സൊലീനയും ഓര്‍മകള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെ ഓര്‍മിച്ചുവയ്ക്കുന്നവര്‍ക്കെതിരില്‍ സമൂഹം ഒരു ശത്രുതാഭാവം സൂക്ഷിക്കുകയും ചെയ്യുന്നു.
അതേസമയം ഗ്രാമാതിര്‍ത്തിക്കു വെളിയിലെ വനത്തിലേക്കു കടന്നുപോയാല്‍ തങ്ങളെ നേഹിയെന്ന പര്‍വതസത്വം പിടികൂടുമെന്നു കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. മുത്തശ്ശിക്കഥയിലെ പതിവു പോലെ വിലക്കുകള്‍ക്കപ്പുറമുള്ള സത്യം എന്തെന്നറിഞ്ഞേ അടങ്ങൂവെന്ന് ഉറച്ച മനസുള്ള പെണ്‍കുട്ടി മായ, ചകിതനെങ്കിലും കൂട്ടുകാരിക്കൊപ്പം ഇത്തിരി സാഹസമാവാം എന്നു കരുതുന്ന ബാലന്‍ മാത്തി എന്നീ കൂട്ടുകാര്‍ ചിന്തിക്കുന്നു. പുഴയില്‍ കാണപ്പെട്ട ഒരൊറ്റ മത്സ്യമാണ് അവരില്‍ പ്രതീക്ഷയുണര്‍ത്തുന്നത്. അതു വെറും തോന്നലായിരുന്നോ യാഥാര്‍ഥ്യമായിരുന്നോ എന്ന സന്ദേഹം അവരെ ഏറെ അലട്ടുന്നുണ്ട്. ഒരു ജീവി സാധ്യമാണെങ്കില്‍ വേറെയും കണ്ടേക്കാം എന്ന തോന്നലിലാണു വിലക്കുകളുടെ ശൃംഖല ഭേദിച്ച് അവര്‍ അന്വേഷണം തുടങ്ങുന്നത്.
''വനാന്തര്‍ ഭാഗത്ത് എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്നു കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഭാവന അവരെ പ്രലോഭിപ്പിച്ചു.'' സന്ദേഹങ്ങളുടെ വനങ്ങളിലേക്ക് ആത്മാന്വേഷണങ്ങളുമായി യാത്ര പോയവരാണു കരുണാമയനായ ബുദ്ധനും രക്ഷകനായ ക്രിസ്തുവും പ്രവാചകനായ നബിയും ഒക്കെയായത് എന്നത് മാനവസംസ്‌കൃതിയുടെ വലിയ പാഠമാണ്. അവിടെ ഒരു ഗുഹയില്‍ വച്ച് ഇപ്പോള്‍ ശാന്തനും സ്വയംപര്യാപ്തനുമായ നേമിയെ മായയും മാത്തിയും കണ്ടുമുട്ടുന്നു. മറ്റാര്‍ക്കും അനുഭവപ്പെടാത്ത വിധം നിരന്തരമായി മൃഗങ്ങളുടെ സ്വപ്നാവേശം ഉണ്ടായതു കാരണം മുന്‍പൊരിക്കല്‍ വനത്തിലേക്കു പോവുകയും ആഴ്ചകള്‍ക്കുശേഷം ഒരു മൂങ്ങയെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട് അവശനും പ്രാകൃതനുമായി തിരിച്ചെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇതര ഗ്രാമീണ ബാലകരുടെ പരിഹാസ പാത്രമായവനാണവന്‍. പ്രദേശത്തെ മൃഗങ്ങളെ മുഴുവന്‍ നിഗൂഢശക്തിയാലെന്നോണം ആകര്‍ഷിച്ചു കൊണ്ടുപോയ, പില്‍ക്കാലം പര്‍വതസത്വമെന്ന് അറിയപ്പെട്ട നേഹിയും ഒരു കാലത്ത് തന്റെ വ്യത്യസ്തത കാരണം അന്യനും അപരനുമായി വേട്ടയാടപ്പെട്ടവനായിരുന്നു.
മായ ഒരു നൈതികബോധ്യത്തിലേക്കു നീങ്ങുകയാണ്: ''മറ്റൊരു യാത്രികനെ കളിയാക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും സത്യത്തില്‍ വിഡ്ഢിയാവുകയാണ്; മുഴുവന്‍ വഞ്ചിയേയും മുറിപ്പെടുത്തുകയും. എന്തൊക്കെപ്പറഞ്ഞാലും ഇവിടെ ഒരാള്‍ക്കും മറ്റൊരു വഞ്ചിയില്ല.'' വൈയക്തികമായ കണ്ടെത്തല്‍ എന്നതിലേറെ മായയുടെ നിരീക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന സാമൂഹികമാനങ്ങള്‍ ഹോളോകോസ്റ്റിന്റെയും പലായനത്തിന്റെയും ജൂതാനുഭാവത്തിന്റെ ഭാഗമായ അശാന്തചരിത്രത്തിന്റെയും പാഠങ്ങളുമായി കണ്ണി ചേരുന്നുണ്ട്; നോവലില്‍ അതൊരിക്കലും എടുത്തു പറയുന്നില്ലെങ്കിലും. ഹോളോകോസ്റ്റിന്റെ മാനവികദുരന്തം ഒരു ഇരുണ്ട രഹസ്യമായി ചൂഴ്ന്നുനില്‍ക്കുന്നതും വാഗ്ദത്തഭൂമിയിലേക്കുള്ള കപ്പല്‍യാത്രയിലെ അസന്തുഷ്ടിയും ആമോസ് ഓസിന്റെ ഓര്‍മകളില്‍ നിഴല്‍വിരിക്കുന്നുണ്ട്. പകല്‍ സമയത്ത് എണ്ണുമ്പോള്‍ എട്ടെണ്ണമായും രാത്രി ഒന്‍പതായും തോന്നുന്ന മരങ്ങള്‍ ഹീബ്രു കലണ്ടറിലെ 'വര്‍ഷത്തിലെ ഏറ്റവും ദുഃഖഭരിതമായ ദിന'ത്തെ സൂചിപ്പിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (ഖൗഹശമ ജമരെമഹ, കിറലുലിറലി)േ. മായക്കും മാത്തിക്കും ഇടക്കൊക്കെ അനുഭവപ്പെടുന്ന മുന്‍പെന്നോ അതേപടി സംഭവിച്ചത്‌സാക്ഷിയായത് എന്ന തോന്നല്‍ നോവലിന്റെ സഞ്ചിതാനുഭവ ഭാവത്തെ ഉറപ്പിക്കുന്നതാണ്.
ആദിമസ്വര്‍ഗത്തെ കുറിച്ചുള്ള മിത്തുകളുമായും കൂട്ടിവായിക്കാവുന്ന സൂചകങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്. നേഹിയെന്ന 'പര്‍വതസത്വം' പുരാണത്തിലെ കുഴലൂത്തുകാരന്‍ കഥാപാത്രമാണ്. തന്റെ മാന്ത്രികസിദ്ധികൊണ്ട് അയാള്‍ കൊണ്ടുപോകുന്നത് പക്ഷെ മനുഷ്യര്‍ ഒഴിച്ചുള്ള മറ്റെല്ലാ ജീവികളെയുമാണ്. അവിടെ പര്‍വതങ്ങളും വനവും കോട്ട തീര്‍ക്കുന്ന ഒരാദിമ സ്വര്‍ഗത്തില്‍ അവ ഹിംസയേതും കൂടാതെ സ്വരച്ചേര്‍ച്ചയില്‍ കഴിയുന്നു. മായയും മാത്തിയും പ്രദേശത്തെ പുതുതലമുറയില്‍ അവയെ കാണുന്ന ആദ്യവ്യക്തികളായിത്തീരുന്നു. പറുദീസാനഷ്ടത്തിന്റെയും അനുഭവങ്ങളിലൂടെയുള്ള തിരിച്ചറിവുകളുടെയും (ളൃീാ ശിിീരലിരല ീേ ലഃുലൃശലിരല) കഥ അഥവാ കാപട്യങ്ങളില്‍ അഭിരമിക്കുന്ന മുതിര്‍ന്നവരുടെ ലോകത്തുനിന്നു മൃഗകഥകളുടെ ബാല്യം തിരിച്ചുപിടിക്കുന്ന നിഷ്‌കളങ്കതയുടെ മുതിര്‍ന്നുവരവിന്റെ കഥയായും (രീാശിഴീളവേലമഴല േെീൃ്യ), കൂട്ടം ചേര്‍ന്നുള്ള വേട്ടയാടലിന്റെയും ഒറ്റപ്പെടലിന്റെയും കുറ്റബോധത്തിന്റെയും അന്യാപദേശ കഥയായും, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമെന്ന തിരിച്ചറിവിന്റെ രൂപകകഥയായും പുസ്തകത്തെ സമീപിക്കാം. വ്‌ളാദ്മിര്‍ നബകോഫ് നിരീക്ഷിച്ച പോലെ ഒരു മികച്ച എഴുത്തുകാരനില്‍ ഒരു കഥപറച്ചില്‍ക്കാരനും ഒരു അധ്യാപകനും ഒപ്പം ഒരു ജാലക്കാരനും അടങ്ങിയിട്ടുണ്ടെങ്കില്‍ ആമോസ് ഓസിന്റെ 'പൊടുന്നനെ വനത്തിന്റെ അഗാധതയില്‍' രചനയുടെ ഈ മൂന്നു സ്വത്വങ്ങളെയും സാക്ഷാത്കരിക്കുന്നുണ്ട്. എന്നാല്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്‍ കഥകളിലേതു പോലെ ശുഭാന്ത്യത്തില്‍ വിരാമചിഹ്നമിടുന്നതല്ല ആമോസ് ഓസിന്റെ മായികലോകം. ഉണങ്ങിച്ചുരുണ്ട കുട്ടിയായി കാട്ടില്‍ നിന്നിറങ്ങിവരുന്ന ഗിനോമിനെ പോലെ, വൃത്തിഹീനമായി എപ്പോഴും മൂക്കൊലിക്കുന്ന മൂങ്ങയുടെ ശബ്ദത്തില്‍ മുരളുന്ന നിമിയെ പോലെ അത്ര നല്ല ചിഹ്നങ്ങളല്ല നിഗൂഢതയുടെ വനം ഇവിടെ കാത്തുവയ്ക്കുന്നത്. എങ്കിലും മായയെയും മാത്തിയെയും ഗ്രാമത്തിലേക്കു തിരികെ അയക്കുമ്പോള്‍ നേഹിയുടെ സന്ദേശം വ്യക്തമാണ്: ഒരുനാള്‍ ആളുകള്‍ ക്രൂരത കുറഞ്ഞവരും തന്റെ പ്രതികാര ദാഹം തണുത്തതും ആയിരിക്കുമ്പോള്‍ മൃഗങ്ങള്‍ ഗ്രാമത്തിലേക്കു തിരികെ വന്നേക്കാം.
വായനാസമൂഹമായി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ലക്ഷ്യംവയ്ക്കുമ്പോഴും അത്ര ലഘുവായതല്ല ഇരുവര്‍ക്കും എന്നതാണു വലിപ്പം കൊണ്ടുമാത്രം ചെറുതായ നോവലിന്റെ വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."