അന്താരാഷ്ട്ര ഫോട്ടോ ഫെസ്റ്റിവല്‍ എട്ട് മുതല്‍
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ ഈ മാസം എട്ട്, ഒന്‍പത്, 10, 11 തിയതികളില്‍ തിരുവനന്തപുരത്ത് വിവിധ വേദികളില്‍ നടക്കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റിവല്‍ എട്ടിന് വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത പകര്‍ത്തി അന്താരാഷ്ട്ര പ്രശസ്തനായ ഫോട്ടോഗ്രഫര്‍ നിക് ഊട്ടിന് മുഖ്യമന്ത്രി സമ്മാനിക്കും.
ലോസ് ഏഞ്ചല്‍സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എട്ടിനു രാവിലെ 10ന് സംസ്ഥാനത്തെ വിവിധ മാധ്യമ പഠന സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ശില്‍പശാലയും മീഡിയാ ഫെസ്റ്റും നടക്കും. വൈകിട്ട് ഏഴിന് അനൂപ് ജലോട്ടയുടെ ഗസല്‍ പ്രോഗ്രാം അരങ്ങേറും.
ഒന്‍പതിനു രാവിലെ മസ്‌കോട്ട് ഹോട്ടലില്‍ 50 ഫോട്ടോ ജേണലിസ്റ്റുകള്‍ പങ്കെടുക്കുന്ന വര്‍ക്‌ഷോപ്പിന് നിക് ഊട്ട്, റൗള്‍റോ എന്നിവര്‍ നേതൃത്വം നല്‍കും. ടാഗോര്‍ സെന്റിനറി ഹാളില്‍ അന്താരാഷ്ട്ര വാര്‍ത്താ ചിത്രപ്രദര്‍ശനവും മാധ്യമ ശില്‍പശാലയും നടക്കും. മാധ്യമ വിദ്യാര്‍ഥികളുടെ വിവിധ മത്സരങ്ങളും അരങ്ങേറും.
മീഡിയ അക്കാദമിയുടെ മാധ്യമ പഠന ഫെല്ലോഷിപ്പും ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വൈകിട്ട് ആറിന് ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് വിതരണം ചെയ്യും.
വൈകിട്ട് ഏഴിന് ജെറി അമല്‍ദേവിന്റെ സംഗീതപരിപാടി ഉണ്ടാകും. 10ന് അന്താരാഷ്ട്ര വാര്‍ത്താ ചിത്രപ്രദര്‍ശനം തുടരും. രാവിലെ 10 മുതല്‍ മസ്‌കോട്ട് ഹോട്ടലില്‍ ഫോട്ടോ ജേണലിസ്റ്റ് വര്‍ക്‌ഷോപ്പ് നടക്കും.
വൈകിട്ട് നാലു മുതല്‍ ആറുവരെ വിദ്യാര്‍ഥികളുമായി മുതിര്‍ന്ന ഫോട്ടോഗ്രഫര്‍മാര്‍ സംവാദിക്കും.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ മുന്നോടിയായി ഏഴിന് തിരുവനന്തപുരം വിമന്‍സ് കോളജില്‍ ഇന്ത്യയിലെ പ്രമുഖ വനിതാ ഫോട്ടോഗ്രഫര്‍മാരുടെ സംഗമം നടക്കും.
ഡല്‍ഹിയില്‍ നിന്നുള്ള വനിതാ ഫോട്ടോഗ്രഫര്‍മാരായ സിപ്രദാസ്, സരസ്വതി ചക്രബര്‍ത്തി എന്നിവര്‍ സംബന്ധിക്കും. ഫോട്ടോ ഫെസ്റ്റിവലില്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ ലോകപ്രശസ്ത ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കും. ദേശീയ പ്രശസ്തരായ ഫോട്ടോഗ്രഫര്‍മാരുടെ ചിത്രങ്ങളും സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോ ജേണലിസ്റ്റുകളുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
എന്‍ഡോസള്‍ഫാന്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ബാബറി മസ്ജിദ്, ഗുജറാത്ത്, ഗൗരി ലങ്കേഷ് തുടങ്ങിയ വിഷയങ്ങളിലുള്ള വാര്‍ത്താ ചിത്രങ്ങള്‍ മേളയിലുണ്ടാകുമെന്നും മീഡിയ അക്കാദമി ചെയര്‍മാന്‍ പറഞ്ഞു. ഫെസ്റ്റിവല്‍ സംഘാടക സമിതി രക്ഷാധികാരി ബി. ജയചന്ദ്രന്‍, മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, ഡയറക്ടര്‍ എം. ശങ്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."