പാകിസ്താനില്‍ ചരിത്രം പിറന്നു; സെനറ്റ് അംഗമായി ആദ്യ ദലിത് യുവതി
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ദലിത് യുവതി ചരിത്രത്തില്‍ ആദ്യമായി സെനറ്റിലേക്ക്. സിന്ധ് പ്രവിശ്യയില്‍നിന്നുള്ള കൃഷ്ണകുമാരി കോല്‍ഹിയാണ് പാക് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രവിശ്യയില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി നീക്കിവച്ച സീറ്റില്‍ വിജയിച്ചാണ് 39കാരി ചരിത്രം കുറിച്ചത്.
മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി) അംഗമാണ് കൃഷ്ണകുമാരി. പാകിസ്താനിലെ സ്ത്രീ, ന്യൂനപക്ഷ അവകാശ ചരിത്രത്തിലെ നാഴികക്കല്ലായാണ് മാധ്യമങ്ങള്‍ അവരുടെ സെനറ്റ് അംഗത്വത്തെ വിശേഷിപ്പിച്ചത്.
1979 ഫെബ്രുവരിയില്‍ സിന്ധ് പ്രവിശ്യയിലെ ഥാര്‍ ജില്ലയില്‍ നഗര്‍പര്‍ക്കാര്‍ ഗ്രാമത്തിലെ ദരിദ്ര കാര്‍ഷിക കുടുംബത്തിലേക്കാണ് കൃഷ്ണകുമാരിയുടെ ജനനം. ജുഗ്നോ കോല്‍ഹിയാണു പിതാവ്. കോല്‍ഹിക്കും കുടുംബത്തിനും ഉമര്‍കോട്ട് ജില്ലയില്‍ ഒരു ഭൂപ്രഭുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ തടവറയില്‍ മൂന്നു വര്‍ഷത്തോളം കഴിയേണ്ടി വന്നിട്ടുണ്ട്. കൃഷ്ണകുമാരി മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്തായിരുന്നു കുടുംബത്തെ ഭൂപ്രഭുവിന്റെ ഗുണ്ടാസംഘം പിടികൂടി ജയിലിലടച്ചത്.
16ാം വയസില്‍ വിവാഹിതയായെങ്കിലും കുമാരി പഠനം തുടര്‍ന്നു. 2013ല്‍ സിന്ധ് സര്‍വകലാശാലയില്‍നിന്ന് സമൂഹശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനിലെ സഹോദരനൊപ്പം ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനം ആരംഭിച്ച ഇവര്‍ പിന്നീട് പി.പി.പിയില്‍ അംഗത്വം നേടുകയായിരുന്നു. ഥാര്‍ ജില്ലയിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഊര്‍ജസ്വലയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണു പുതിയ അംഗീകാരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെനറ്റ് തെരഞ്ഞെടുപ്പില്‍ നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് 15 സീറ്റ് നേടി വലിയ ഒറ്റകക്ഷിയായി. 52 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."