നാഗാലാന്‍ഡില്‍ അനിശ്ചിതത്വം; മേഘാലയയില്‍ ഇന്ന് അധികാരമേല്‍ക്കും
കൊഹിമ ഷില്ലോങ്: നാഗാലാന്‍ഡില്‍ ഭരണക്കസേരക്ക് അവകാശവാദവുമായി നാഗാ പീപ്പിള്‍ഫ്രണ്ടും രംഗത്തെത്തിയതോടെ ബി.ജെ.പിയും സഖ്യകക്ഷികളും കടുത്ത പ്രതിസന്ധിയില്‍. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി എന്‍.ഡി.പി.പി- ബി.ജെ.പി സഖ്യം രംഗത്തെത്തിയതിനു പിന്നാലെ നിലവിലെ ഭരണകക്ഷിയായ എന്‍.പി.എഫും ഗവര്‍ണര്‍ പി.ബി.ആചാര്യയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു.
എന്‍.ഡി.പി.പിക്ക് 17ഉം ബി.ജെ.പിക്ക് 12ഉം അംഗങ്ങളാണുള്ളത്. ജെ.ഡിയുവിന്റെ ഒരംഗവും ഒരു സ്വതന്ത്രനും ഈ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട 31 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും ഒരംഗത്തിന്റെ കൂടി പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി സഖ്യത്തിന്റെ അവകാശവാദം. മുന്‍മുഖ്യമന്ത്രിയും എന്‍.ഡി.പി.പി നേതാവുമായ നെഫ്യു റിയോയെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. എന്നാല്‍ അധികാരം പങ്കിടാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച് നിലവിലെ ഭരണകക്ഷിയായ എന്‍.പി.എഫ്, ബി.ജെ.പിയെ സമീപിച്ചെങ്കിലും സഖ്യത്തിനുള്ള പിന്തുണ സംബന്ധിച്ച വ്യക്തമായ വിവരം അവര്‍ അറിയിച്ചിട്ടില്ല. പ്രതീക്ഷ കൈവിടാതെ നിലവിലെ ഭരണകക്ഷിയായ എന്‍.പി.എഫിന്റെ നേതാക്കളും മുഖ്യമന്ത്രി ടി.ആര്‍.സെലിയാങും ഇന്നലെ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല നിലപാട് അവര്‍ അറിയിച്ചിട്ടില്ല. എന്‍.പി.എഫ് 27 സീറ്റ് നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്.
പിന്തുണക്കുന്ന എം.എല്‍.എമാരുടെ പട്ടിക ഇന്നലെ നെയ്ഫ്യു റിയോ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഇതിനു പിന്നാലെ 28 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ട് ടി.ആര്‍.സെലിയാങ്ങും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്നും കേവലഭൂരിപക്ഷത്തിനുള്ള എം.എല്‍.എമാരുടെ പട്ടിക തയാറാക്കി 48 മണിക്കൂറിനകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ഗവര്‍ണര്‍ അറിയിച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയുടെ പിന്തുണ തേടി സെലിയാങ് ഇന്നലെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച ചെയ്ത് പിന്തുണ ഉറപ്പാക്കാനാണ് നീക്കം. സര്‍ക്കാരുണ്ടാക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി എന്‍.പി.എഫ് അധ്യക്ഷന്‍ ഡോ. ഷുഹര്‍സിലെ ലെസിയേറ്റ്‌സുവും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് കത്തയച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതുപോലെ എന്‍.പി.എഫുമായി ബി.ജെ.പി സഖ്യം വിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മേഘാലയയില്‍ ബി.ജെ.പി പങ്കാളിത്തത്തോടെ കോണ്‍റാഡ് സാങ്മയെ മുഖ്യമന്ത്രിയാക്കി പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. 19 സീറ്റുള്ള എന്‍.പി.പിയും രണ്ട് സീറ്റുള്ള ബി.ജെ.പിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു. ആറ് സീറ്റുള്ള യു.ഡി.പിയും നാല് സീറ്റുള്ള പി.ഡി.എഫും രണ്ട് സീറ്റുള്ള ഹില്‍സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഒരു സ്വതന്ത്രനും പിന്തുണ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."