ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം നേടി കൊട്ടുക്കര സ്‌കൂള്‍
കൊണ്ടോട്ടി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം നേടി കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജില്ലയ്ക്ക് അഭിമാനമായി. പൊതു വിദ്യാലയങ്ങളെ കേരളീയ സമൂഹത്തിന് ആകര്‍ഷകമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാനത്ത് നിന്ന് നൂറ് സ്‌കൂളുകള്‍ പങ്കെടുത്തതില്‍ നിന്നാണ് കൊട്ടൂക്കര സ്‌കൂള്‍ രണ്ടാം സ്ഥാനം നേടിയത്.
തിരുവനന്തപുരത്ത് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പത്തുലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്‌കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി. ഓണ്‍ലൈനിലൂടെ അപേക്ഷിച്ച സ്‌കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത 100 സ്‌കൂളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ ജില്ലയില്‍നിന്ന് 15 സ്‌കൂളുകളുണ്ടായിരുന്നു.
അക്കാദമിക് മികവ്, സാമൂഹ്യ പിന്തുണ, വിദ്യാലയ വികസനം, ഭൗതിക സാഹചര്യം തുടങ്ങിയവയിലെ മികവാണ് ആദ്യറൗണ്ടില്‍ പരിഗണിക്കപ്പെട്ടത്. രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക സ്‌കൂള്‍ കൊട്ടുക്കരയായിരുന്നു. അവസാന റൗണ്ടിലേക്ക് കടന്ന 13 സ്‌കൂളുകളില്‍ ജൂറി അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശനം നടത്തി മികവുകള്‍ വിലയിരുത്തിയാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഒന്നും രണ്ടും ജേതാക്കളെ കണ്ടെത്തുന്ന റൗണ്ടിലേക്ക് മലബാറില്‍ നിന്നുള്ള ഏക സ്‌കൂളും കൊട്ടുക്കരയായിരുന്നു.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലെത്തിക്കാന്‍ സമഗ്ര ശാക്തീകരണ പദ്ധതിയായ മുന്നൊരുക്കം, പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താനുള്ള ഐ.സി.ഇ.ആര്‍ പദ്ധതി, കുട്ടികളുടെ സര്‍ഗ വാസനകള്‍ വികസിപ്പിക്കുന്ന എഴുത്തുപുര, കോര്‍ണര്‍ പി.ടി.എ, ഗൃഹസന്ദര്‍ശനം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, കായികക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കുളള തൊഴിലധിഷ്ടിത നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയവയാണ് സ്‌കൂളിന് മികവ് നേടികൊടുത്തത്. ധനകാര്യ മന്ത്രി തോമസ് ഐസ്‌ക്, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ടി.വി ഇബ്രാഹീം എം.എല്‍.എ എന്നിവര്‍ കുട്ടികളെയും സ്‌കൂളിനേയും അഭിനന്ദിച്ചു. അവാര്‍ഡ് നേടിയ സ്‌കൂളിന് പൗരാവലി സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."