ഹരജിയില്‍ വിധി ഇന്ന് സി.ബി.ഐയെ കാത്ത് ശുഹൈബിന്റെ കുടുംബം
മട്ടന്നൂര്‍: ശുഹൈബിന്റെ ഘാതകരെ കണ്ടെത്താന്‍ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന ശുഭപ്രതീക്ഷയിലാണ് എടയന്നൂരിലെ മുഹമ്മദും കുടുംബവും. ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ട് 23 ദിവസമായെങ്കിലും ഇന്നും മൂകത വിട്ടുമാറാത്ത അവസ്ഥയിലാണ് എടയന്നൂരിലെ ശുഹൈബിന്റെ വീടും പരിസരവും. പൊലിസ് അന്വേഷണം തൃപ്തികരല്ലെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം കൂടിയേ തീരൂവെന്നും ശുഹൈബിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. പിടിയിലായവരെല്ലാം യഥാര്‍ഥ പ്രതികളാണെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ശുഹൈബിന്റെ കുടുംബം പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് നിയമസഭയില്‍ സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന് വേണ്ടി തെരുവിലിറങ്ങാന്‍ തയാറാകുമെന്നും മാതാപിതാക്കളും സഹോദരികളും വ്യക്തമാക്കിയിരുന്നു.
സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ അപേക്ഷ ഇന്നലെ പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇത്തരം അനുഭവം ഒരു രക്ഷിതാവിനും ഉണ്ടാകരുതെന്നും സി.ബി.ഐ അന്വഷണത്തിനായി നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നുമാണ് കുടുംബത്തിന്റെ തീരുമാനം. മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെയാണ് ഫെബ്രുവരി 12ന് തെരൂരില്‍ ബോംബെറിഞ്ഞ് വെട്ടി കൊലപ്പെടുത്തിയത്.
കൊലപാതകം നടന്നതിനു പിറ്റേ ദിവസം മുതല്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബവും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും മുന്നോട്ടുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."