പൊന്നുമോന്റെ ഖബറിനു സമീപം ഷബീറിനും അന്ത്യനിദ്ര
നീലേശ്വരം: പൊന്നുമോന്റെ ഖബറിനു സമീപം ഷബീറിനും അന്ത്യനിദ്ര. വിനോദയാത്രയ്ക്കിടെ ശനിയാഴ്ച രാവിലെ വയനാട് കൊളഗപ്പാറ ഉജാലപ്പടിക്കു സമീപം കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച നീലേശ്വരം കോട്ടപ്പുറം ബാഫഖി സൗധത്തിനു സമീപം ഷബീര്‍ മന്‍സിലിലെ എം. ഷബീറിന്റെ (30) മൃതദേഹമാണ് മഖ്ദൂം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
ഇതേ അപകടത്തില്‍ മരിച്ച ഷബീറിന്റെ മകന്‍ മൂന്നു വയസുകാരന്‍ അമാന്റെ ഖബറിനു സമീപമാണ് ഷബീറിനെയും അടക്കിയത്. അമാന്റെ മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലെത്തിച്ചു ഖബറടക്കിയിരുന്നു.
കോട്ടപ്പുറം ഉച്ചൂളിക്കുതിര് നബീര്‍ മന്‍സിലിലെ എ. നബീറും (32) ഇതേ അപകടത്തില്‍ മരിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നു നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റുവാങ്ങിയ മൃതദേഹം മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് റഫീഖ് കോട്ടപ്പുറത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ടോടെ കോട്ടപ്പുറത്തെത്തിച്ചു.
കോട്ടപ്പുറത്തെ വീട്ടിലും തുടര്‍ന്നു നൂറുല്‍ ഇസ്‌ലാം മദ്‌റസ അങ്കണത്തിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തി. പി. കരുണാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്റെ നേതൃത്വത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, കെ.പി.സതീഷ് ചന്ദ്രന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ ഫൈസല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ നായര്‍, മുസ്‌ലിം ലീഗ് നേതാക്കളായ മെട്രോ മുഹമ്മദ് ഹാജി, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, വി.കെ.പി.ഹമീദലി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
വെള്ളിയാഴ്ച രാത്രി 11 ഓടെ കോട്ടപ്പുറത്തെ അഞ്ച് സുഹൃത്തുക്കളാണ് കുടുംബസമേതം നാലു കാറുകളിലായി സുല്‍ത്താന്‍ ബത്തേരിയിലേക്കു വിനോദയാത്ര പോയത്.
മരിച്ച ഷബീറിന്റെ ഭാര്യ ഷമീറ, മൂത്തമകന്‍ ഇഷാന്‍, സഹയാത്രികരായ ടി.പി അഷറഫ്, സുമയ്യ എന്നിവര്‍ ചികിത്സയിലാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."