ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ശുഹൈബ് വധത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും വന്നിട്ടില്ലെന്നും ചോദ്യോത്തര വേളയില്‍ യു.ഡി.എഫ് അംഗങ്ങളുടെ ആക്ഷേപത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലിസിന്റെ അന്വേഷണം ഫലപ്രദമായി നീങ്ങിയില്ലെങ്കില്‍ മറ്റൊരു അന്വേഷണമാകാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതു തന്നെയാണ് നിയമമന്ത്രി അന്ന് കണ്ണൂരില്‍ പറഞ്ഞത്. സി.ബി.ഐ അന്വേഷണം നടത്താം എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. പിന്നെ എന്തിനാണ് പുതിയൊരു ഏജന്‍സിയെന്നും മുഖ്യമന്ത്രി ചോദിച്ചു. ശുഹൈബ് വധത്തില്‍ യു.എ.പി.എ ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല.
കേസ് അന്വേഷണത്തില്‍ പൊലിസില്‍നിന്ന് വിവരം ചോര്‍ന്നുവെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. അത്തരമൊരു വിവരം സര്‍ക്കാരിനില്ല. വരുന്ന വാര്‍ത്തകളെല്ലാം വിശ്വസിച്ചാല്‍ നമ്മള്‍ കുഴപ്പത്തിലാവും. ചെന്നൈയില്‍ പോയ തന്റെ പ്ലേറ്റ് ലെറ്റ് കുറഞ്ഞെന്നു വരെ വാര്‍ത്ത വന്നതാണ്.
ഉച്ചയ്ക്ക് ശേഷം ശുഹൈബ് വധം സി.ബി.ഐയ്ക്ക് വിട്ട വിധി വന്നതിനു ശേഷം നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയതിനു പിന്നാലെ നല്‍കിയ മറുപടിയില്‍ ശുഹൈബ് വധത്തില്‍ രാവിലെ പറഞ്ഞതില്‍ തന്നെ മുഖ്യമന്ത്രി ഉറച്ചു നിന്നു. ശുഹൈബ് വധത്തില്‍ പ്രതികളെയെല്ലാം പിടികൂടിയിട്ടുണ്ട്. ശരിയായ അന്വേഷണമാണ് നടക്കുന്നത്. കോടതിയ്ക്ക് അവരുടേതായ ന്യായങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."