19 വർഷത്തെ കാത്തിരിപ്പ്, സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം
റിയാദ്: ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. എനിക്ക് ഇപ്പോൾ നിങ്ങളെ കാണണ്ട, എന്നായിരുന്നു ഞെട്ടിച്ച് ജയിലിൽ നിന്ന് അബ്ദുറഹീമിന്റെ മറുപടി. ഒന്ന് കാണാൻ വാ എന്ന് കണ്ണീരോടെ വീണ്ടും ഉമ്മ പറഞ്ഞെങ്കിലും മനസലിയാതെയായിരുന്നു അബ്ദുറഹീമിന്റെ നിലപാട്. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.
ഒടുവിൽ ജയിലിൽ ഉദ്യോഗസ്ഥൻ മൊബൈൽ വീഡിയോ വഴി ഉമ്മയെ കാണിച്ചു കൊടുത്തെങ്കിലും മനസലിയാതെ റഹീം തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഒടുവിൽ 19 വർഷത്തെ കാത്തിരിപ്പിനോടുവിൽ വീഡിയോ കോളിൽ ഒരു നോക്ക് മാത്രം കണ്ട് കണ്ണീരോടെ ജയിലിൽ നിന്ന് മടങ്ങി ഉമ്മയും സഹോദരനും അമ്മാവനും മടങ്ങുകയായിരുന്നു. നിങ്ങളുടെ കൂടെയുള്ളവർ ശരിയെല്ലെന്നായിരുന്നു റഹീമിന്റെ നിലപാട്. സംഭവത്തിൽ റഹീമിനെ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞ് തിരിച്ചുവെന്നാണ് ഉമ്മ കണ്ണീരോടെ പറയുന്നത്.
നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. എന്നാൽ, മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്നാണ് നിയമസഹായ സമിതിയുടെ നിലപാട്.
ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സഊദിയിലേക്ക് പോയത്. റഹീം മോചനം അരികിൽ എത്തിനിൽക്കേ ദുരൂഹതകൾ ഉണ്ടാക്കുന്ന നിലയിലാണ് ചില ഇടപെടലുകൾ. ഇതിന്റെ ഭാഗമായാണ് കേസിൽ ഇത് വരെ ഇടപെട്ടിരുന്ന സഹായ സമിതിയുടെ സഹായം പോലും അറിയാതെ ഉമ്മയും സഹോദരനും സഊദിയിൽ എത്തിയത്. ചിലർ ഇതിനു പിന്നിൽ നിന്ന് എന്തൊക്കെയോ കാര്യങ്ങൾ നീക്കുന്നുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. മലയാളികളുടെ കൂട്ടായ ശ്രമങ്ങൾ മൂലം കോടികൾ സ്വരൂപിച്ച് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കപ്പെട്ട് ശ്രദ്ധേയമായ സംഭവം ആയിരുന്നു അബ്ദുറഹീം കേസ്. ഇതാണ് ഇപ്പോൾ സംശയമുനയിൽ നിൽക്കുന്നത്. നിലവിലെ ഇടപെടലുകളും നീക്കങ്ങളും റഹീമിന്റെ മോചനത്തെ തന്നെ ബാധിച്ചെക്കാമെന്നാണ് സഹായ സമിതിയുടെ പക്ഷം.
അബ്‌ദുൽ റഹീമിന്റെ മോചനഹരജി നവംബർ 17ന് കോടതി വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്. നവംബർ 21ന് കേസ് പരിഗണിക്കുമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും റഹീമിന്റെ അഭിഭാഷകരുടെ അപേക്ഷപ്രകാരം 17- ലേക്ക് മാറ്റുകയായിരുന്നു. രണ്ടാഴ്ച മുമ്പ് മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."