മിനെര്‍വ പഞ്ചാബ് ഐ ലീഗ് ചാംപ്യന്മാര്
ലുധിയാന: കഴിഞ്ഞ സീസണില്‍ ഐ ലീഗ് കിരീടം ഉയര്‍ത്തി ഐസ്വാള്‍ എഫ്.സി തീര്‍ത്ത അത്ഭുതം മായും മുന്‍പ് ഐ ലീഗില്‍ മറ്റൊരു അവിസ്മരണീയ കിരീട നേട്ടം. ഐസ്വാളിന്റെ ചാംപ്യന്‍ പട്ടം പുതിയ ഫുട്ബോള്‍ സമവാക്യങ്ങളാണ് ഇന്ത്യക്ക് സമ്മാനിച്ചതെങ്കില്‍ അത് അവസാനത്തേതല്ലെന്ന് ഓര്‍മ്മപ്പെടുത്തി ഇത്തവണ കിരീടം ഉയര്‍ത്തിയത് മിനെര്‍വ പഞ്ചാബ്.
കിരീടം ആര്‍ക്ക് എന്ന ചോദ്യം അവസാന മത്സരം വരെ നിര്‍ത്തിയാണ് മിനെര്‍വ കന്നി ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. നിര്‍ണായകമായ അവസാന പോരാട്ടത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് മിനെര്‍വയുടെ നേട്ടം. മിനെര്വയ്ക്കൊപ്പം കിരീടത്തിനായി നെരോക്ക, മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ടീമുകളും അവസാന പോരാട്ടത്തിന് തൊട്ടുമുന്‍പ് രംഗത്തുണ്ടായിരുന്നു. മിനെര്‍വ പരാജയപ്പെട്ടാല്‍ മാത്രമായിരുന്നു ബാക്കി ടീമുകള്‍ക്ക് പ്രതീക്ഷ. എന്നാല്‍ മിനെര്‍വ വിജയം പിടിച്ച് കിരീടം സ്വന്തമാക്കിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍- നെരോക്ക, ഗോകുലം- മോഹന്‍ ബഗാന് മത്സരങ്ങള്‍ 1-1ന് സമനിലയില്‍ അവസാനിച്ചു.
ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരായ നിര്‍ണായക പോരാട്ടത്തിന്റെ 15ാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി സുരക്ഷിത നിലയിലാണ് മിനെര്‍വ കിരീടത്തിലേക്ക് അടുത്തത്. വില്ല്യം ഒപോകു അസെയ്ദുവാണ് വിജയ ഗോളിന് അവകാശിയായത്. 18 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുകള്‍ നേടിയാണ് മിനെര്‍വയുടെ നേട്ടം. 11 വിജയങ്ങളും രണ്ട് സമനിലയും അഞ്ച് തോല്‍വിയുമാണ് അവരുടെ സീസണ് സമ്പാദ്യം. 32 പോയിന്റുമായി നെരോക്ക രണ്ടാം സ്ഥാനത്തും 31 വീതം പോയിന്റുകളുമായി മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ മൂന്നും നാലും സ്ഥാനങ്ങളിലും നില്ക്കുന്നു. മുന്‍ ചാംപ്യന്മാരായ ഐസ്വാള്‍ അഞ്ചാമതും ഷില്ലോങ് ലജോങ് ആറാമതും നില്ക്കുന്നു. ഈ ആറ് ടീമുകള്‍ നേരിട്ട് സൂപ്പര്‍ കപ്പ് പോരാട്ടത്തിന് യോഗ്യതയും സ്വന്തമാക്കി. ഗോകുലം, ചെന്നൈ സിറ്റി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഇന്ത്യന്‍ ആരോസ് ടീമുകള്‍ക്ക് സൂപ്പര്‍ കപ്പ് പ്രവേശത്തിനായി യോഗ്യതാ പോരാട്ടങ്ങള്‍ കളിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."