പരീക്ഷാ തലേന്ന്
ഉറക്കമിളക്കരുത്
'ദൈവമേ നാളെയാണല്ലോ പരീക്ഷ' എന്ന പേടി ആദ്യം കളയുക. വിധി നിര്‍ണായക ദിനമാണ് പരീക്ഷകള്‍ എന്ന ചിന്ത വന്നാല്‍തന്നെ ഉത്കണ്ഠ സ്വാഭാവികമാണ്. പരീക്ഷാദിനങ്ങളില്‍ ഉറക്കം ഒട്ടുമില്ലാതെ പഠനത്തിനിരിക്കുന്നത് നന്നല്ല. ആവശ്യത്തിനുഉറക്കവും വിശ്രമവും ആരോഗ്യപ്രദമായ ദിനചര്യയായിരിക്കണം. പരീക്ഷത്തലേന്ന് ഉറക്കമിളച്ചു പഠിച്ചാലേ ഫലമുള്ളൂ എന്ന ധാരണ ശരിയല്ല. ശരീരത്തിനും മനസ്സിനും അത് ദോഷമേ ഉണ്ടാക്കൂ. ഉറങ്ങാന്‍ കിടക്കുമ്പോള്‍ പഠിച്ചവ ഓര്‍ത്തുനോക്കൂ; ഉറക്ക സമയവും പ്രയോജനപ്പെടുത്താം.
കുറിപ്പ് മാഹത്മ്യം
എല്ലാം പഠിച്ചവര്‍ക്ക് പിന്നെ ഒന്നോടിച്ചുനോക്കിയാല്‍ മതിയാകും പരീക്ഷാ തലേന്ന്. ആ വായനയ്ക്ക് നേരത്തെ ഉണ്ടാക്കിയ കുറിപ്പുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പഠിച്ചവ വളരെയെളുപ്പത്തില്‍ ഓര്‍ത്തെടുക്കാന്‍ ഇത് പ്രയോജനപ്രദമായിരിക്കും. വലിയൊരു പാഠം വായിച്ചുപഠിക്കുന്ന വേളയിലാണല്ലോ കുറിപ്പ് തയാറാക്കിയത്. ആ പാഠത്തിലെ പ്രധാന പോയിന്റുകളാണ് കുറിച്ചുവച്ചത്. അത് കാണുമ്പോള്‍ത്തന്നെ ആ പാഠം പൂര്‍ണമായി ഓര്‍ത്തെടുക്കാന്‍ കഴിയും. കുറിപ്പുകള്‍ (സ്വയം തയാറാക്കിയത്) എത്രമാത്രം ഉപകാരമ ായിരിക്കുന്നുവെന്ന് അതിശയത്തോടെ തിരിച്ചറിയുന്ന വേളയായിരിക്കും അത്.
ബദ്ധപ്പാടു വേണ്ട
പരീക്ഷാദിനങ്ങളില്‍ ദിനചര്യക്കു മാറ്റമൊന്നും വേണ്ട. ഇനി ഫൈനല്‍ റിവിഷനു പുലര്‍ക്കാലമാണ് ഉത്തമം. കാലത്ത് അഞ്ചുമണിക്കു എണീറ്റാല്‍ റിവിഷന്‍ ഉഷാറായി ചെയ്യാം. തലേന്ന് നേരത്തെ കിടക്കാനും മറക്കരുത്. മറ്റൊരു കാര്യം- വായിച്ചുവരവെയാണ് അതുവരെ പരാമര്‍ശിക്കാത്ത ഒരുകാര്യം കണ്ണില്‍ തടഞ്ഞത്. അതാണെങ്കില്‍ പരീക്ഷക്കു വരുമെന്നുറപ്പാണ്. പഠിക്കാനാണെങ്കില്‍ കുറെയുണ്ടുതാനും. എന്തു ചെയ്യും? ഒരു പരിഭ്രമവും വേണ്ട. ധൃതിയില്‍ അത് പഠിക്കാനിരുന്നാല്‍ സമയമില്ല എന്ന വേവലാതിയും പരിഭ്രമവും പഠിച്ചവ കൂടി മറന്നുപോകാനേ കാരണമാകൂ. അതിനെ അതിന്റെ വഴിക്കു വിട്ടേക്കൂ.
തയാറെടുപ്പ്
മാനസികവും ശാരീരികവുമായ മുന്നൊരുക്കങ്ങള്‍ പരീക്ഷാത്തലേന്ന് വേണം. പൂര്‍ണാരോഗ്യവാനായി വേണം പരീക്ഷാഹാളിലെത്താന്‍. മിതമായ ആഹാരത്തോടൊപ്പം ധാരാളം ശുദ്ധജലവും കുടിക്കണം. വിശ്രമവും ഉറക്കവും ശാരീരികാരോഗ്യത്തിന്റെ മുഖ്യഘടകമായതിനാല്‍ ഉറക്കമിളക്കുന്നത് ഉന്മേഷത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.
മാനസികമായ ഉല്ലാസം പ്രധാനമത്രേ, മറ്റുചിന്തകള്‍ കുറച്ചുനാളത്തേക്കു മാറ്റിവെക്കുക. പഠനസമയങ്ങളില്‍ ചിന്തമാറിപ്പോകാതെ നോക്കണം. ടെലിവിഷന്‍ ചാനലുകളും, കംപ്യൂട്ടറും കണ്‍വെട്ടത്തുനിന്നു മാറ്റിവെക്കുക. മറ്റെന്തു പ്രശ്‌നത്തിനും പരീക്ഷ കഴിയുന്നതുവരെ അവധി നല്‍കുക.
ഒരുക്കം തലേന്ന്
'നാളെയെന്നതില്ല, നമ്മളിന്നുതന്നെ നേടണം' എന്ന കവി വാക്യം എന്നും നമ്മള്‍ ഓര്‍ക്കണം. പ്രത്യേകിച്ച് പരീക്ഷാകാലത്ത്. പിറ്റേന്നുള്ള പരീക്ഷക്ക് തലേന്നുതന്നെ വേണ്ട പഠനോപകരണങ്ങളും സാധനസാമഗ്രികളും തയാറാക്കി വെക്കേണ്ടതുണ്ട്.
സ്വയം ചോദ്യങ്ങള്‍
ഒരു മോഡല്‍ പരീക്ഷ ഉണ്ടാകുമല്ലോ. അത് മോഡലായി കരുതാതെ ഫൈനല്‍ ആണ് എന്നു കരുതി ചില സ്വയം വിലയിരുത്തലുകള്‍ ഭാവി പരീക്ഷകള്‍ക്ക് ഗുണപ്രദമായിരിക്കും. ഇവയ്ക്ക് സ്വയം ഉത്തരവും പ്രതിവിധികളും നിശ്ചയിക്കാം. തൃപ്തികരമായിത്തന്നെ കഴിഞ്ഞ പരീക്ഷ എഴുതിയെന്നും ഇനിയുള്ളതിനേയും ഈസിയായി നേരിടാമെന്നുമുള്ള ആത്മവിശ്വാസത്തോടെ പരീക്ഷാ ഹാളിലെത്തുക.
പരീക്ഷാഹാളില്‍
തലേന്നു തന്നെ ഒരുക്കങ്ങള്‍ നടത്തിയല്ലോ. ഇന്നിനി പരീക്ഷയെഴുതാനാണ് പോകുന്നത. ചില കാര്യങ്ങള്‍ ഇവിടെയും ശ്രദ്ധിക്കാനുണ്ട.
പ്രാര്‍ഥന വേണം
പ്രാര്‍ഥന മനസ്സിനു സമാധാനവും സന്തോഷവും നല്‍കും. ദൈവത്തിലുള്ള വിശ്വാസം എന്നും നമ്മെ മുന്നോട്ടു നയിക്കുമെന്നതും പരമാര്‍ഥമാണ്. മനസ്സ് തുറന്നുള്ള പ്രാര്‍ഥനക്ക് ഒരു മടിയും വേണ്ട. ഒപ്പം മാതാപിതാക്കളുടേയും അനുഗ്രഹാശിസ്സുകളും ആശീര്‍വാദങ്ങളും ഉണ്ടായിക്കോട്ടേ. അപ്പോള്‍ ആത്മവിശ്വാസം കൂടുതല്‍ കൈവരും. പഠിച്ചവ മനസ്സില്‍ ഉറച്ചു നില്‍ക്കാനും മറവി ഒഴിഞ്ഞു പോകാനും ഇതുപകരിക്കും.
പുതിയതു വേണ്ടാ
പരീക്ഷ ഹാളില്‍ തുടങ്ങുന്നതിന്റെ മുപ്പത് മിനിറ്റ് മുന്‍പെങ്കിലും എത്തും വിധം വീട്ടില്‍ നിന്നിറങ്ങുക. താരതമ്യപഠനങ്ങള്‍ വേണ്ടത് പരീക്ഷാദിവസമല്ല. അധ്യയന വര്‍ഷത്തിന്റെ മറ്റു ദിവസങ്ങളിലാണ്. ഇന്ന് ധൃതിവെച്ച് ഒന്നും ചെയ്യരുത്. മനസ്സിനെ ശാന്തമാക്കുകയാണ് ഏറെ പ്രധാനപ്പെട്ട ജോലി. ഓടിക്കിതച്ചാണ് ഹാളിലെത്തുന്നതെങ്കില്‍ വെപ്രാളവും പരവേശവും അടക്കമുള്ള ചിന്തകള്‍ ഉണ്ടാകും. അത് ഗുണം ചെയ്യില്ല.
കളിയും ചിരിയും വേണ്ട
വളരെ നേരത്തെ പരീക്ഷാ ഹാളിലെത്തി ഇരിപ്പിടത്തില്‍ ഇരുന്ന് ശാന്തമാക്കിയ മനസ്സില്‍ പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചോളൂ. പ്രത്യേകിച്ചും വര്‍ഷങ്ങളും, സമവാക്യങ്ങളും, സൂത്ര വാക്യങ്ങളൂം. ഈ സമയം കൂട്ടുകാരോട് സംസാരവും കളിയും ചിരിയു മൊന്നും വേണ്ട. പരീക്ഷ തുടങ്ങാനുള്ള ബെല്‍ മുഴങ്ങാന്‍ അധികസമയമില്ല. എല്ലാം എടുത്തിട്ടില്ലേ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തണം. ഹാള്‍ടിക്കറ്റ്, പേന, പെന്‍സില്‍.
കൂള്‍ടൈം
'കൂളിംഗ് ടൈം'എന്ന 'കൂള്‍ ഓഫ് ടൈം' ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍ പരീക്ഷ തുടങ്ങാനുള്ള ബെല്ലടിച്ചാല്‍ ഉണ്ടാകുന്ന ആധിയും പരവേശവും ഒഴിവാക്കാം. ഹൃദയമിടിപ്പും കണ്ണുതള്ളലുമെല്ലാം ഈ അവസരങ്ങളില്‍ പലര്‍ക്കും സ്വാഭാവികമാണ്. ബഞ്ചില്‍ നിവര്‍ന്നിരുന്ന് കണ്ണടച്ച് മൗന പ്രാര്‍ഥന നടത്തുന്നതും നല്ലതാണ്.(അര മണിക്കൂര്‍ മുമ്പാണങ്കില്‍ ടെന്‍ഷന്‍ കുറയാന്‍ കാരണമാകും)
വായിച്ചു നോക്കാം
ചോദ്യ പേപ്പര്‍ കിട്ടിക്കഴിഞ്ഞു. കൂള്‍ ഓഫ് ടൈമില്‍ ശാന്തമായ മനസ്സോടെ ചോദ്യപേപ്പര്‍ ഒരാവര്‍ത്തിയൊന്നു വായിച്ചു നോക്കൂ. ഒന്നോ രണ്ടോ പ്രാവശ്യം വായിച്ച് ചോദ്യങ്ങളുമായി പരിചയപ്പെടാന്‍ ഈ സമയം ഉപയോഗിക്കുക. എതൊക്കെയാണ് എളുപ്പമുള്ളവ, പ്രയാസമേറിയത് ഏതാണ്? ഏതിനു ആദ്യം ഉത്തരമെഴുതണം എന്നീ തിരഞ്ഞെടുപ്പുകള്‍ ഈ സമയത്താണ് വേണ്ടത്. നിര്‍ണായക സമയമാണുള്ളത്. ഓരോ നിമിഷവും വിലപ്പെട്ടതാണന്നറിയുക. ഒരുപക്ഷേ സംശയനിവാരണമായിരിക്കാം. അത് ഉപേക്ഷിക്കുകയാണ് ഉചിതം.
പൂരിപ്പിക്കേണ്ടത്
ഉത്തരമെഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് രജിസ്റ്റര്‍ നമ്പര്‍, പരീക്ഷയുടെ പേര്, വിഷയം എന്നിവ ആദ്യം എഴുതുക. ഇവ രണ്ടിടങ്ങളില്‍ എഴുതാനുണ്ടാകും. ഭംഗിയായി എഴുതുക. ചോദ്യക്കടലാസില്‍ നോക്കി പൂരിപ്പിച്ചാല്‍ തെറ്റ് ഒഴിവാക്കാം. പരീക്ഷ ഏതാണങ്കില്‍ അവയുടെ പേരാണ് എഴുതേണ്ടത്. വിഷയത്തില്‍ ഭാഗം, പേപ്പര്‍ എന്നും എഴുതുക. പരീക്ഷാ തിയതിയും സമയവും വേറിടങ്ങളില്‍ എഴുതാനും വിട്ടുപോകരുത്. വെട്ടിതിരുത്തലുകള്‍ ഒഴിവാക്കുക, ഭംഗിയില്‍ എഴുതാനും ശ്രദ്ധിക്കുക.
കളങ്ങള്‍ മാറരുത്
രജിസ്റ്റര്‍ നമ്പര്‍ പൂരിപ്പിക്കേണ്ടത് പ്രധാനപ്പെട്ട ഒന്നാണ്. ഹാള്‍ ടിക്കറ്റില്‍ നോക്കി കൃത്യമായി സൂക്ഷിച്ച് ഉത്തരക്കടലാസില്‍ നിര്‍ദിഷ്ട സ്ഥലത്ത് എഴുതുക. അക്കത്തിലും അക്ഷരത്തിലും എഴുതാനുണ്ടാകും. അത് കൃത്യമായി പൂരിപ്പിച്ചാല്‍ തീര്‍ന്നല്ലോ. ഓരോ അക്കവും അക്ഷരവും അതാതു കളങ്ങളിലാണ് എഴുതേണ്ടത്. പരീക്ഷയുടെ പേര്, വിഷയം എന്നിവയായിരിക്കും ആദ്യമെഴുതേണ്ടത്. ചോദ്യ പേപ്പറിന്റെ നമ്പറും, ഉത്തരക്കടലാസിന്റെ ക്രമനമ്പറും എഴുതാം.
അജിജേഷ് മേലേടത്ത്
ഉത്തരമെഴുതാന്‍ ആദ്യം തരുന്ന പേപ്പറുകള്‍ക്ക് പുറമേ ചോദിച്ചു വാങ്ങുന്ന ഷീറ്റുകളാണ് അഡീഷനല്‍ പേപ്പര്‍. ഇവക്ക് ഒരോന്നിനും പേജ് നമ്പര്‍ വേണം. പരീക്ഷയുടെ അവസാനത്തെ അഞ്ചു മിനുറ്റില്‍ പേപ്പറുകള്‍ തുന്നികെട്ടാനുള്ളതാണല്ലോ. പേജുകള്‍ ക്രമത്തില്‍ നമ്പറുകള്‍ നോക്കി വേണം തുന്നിെക്ക ട്ടാന്‍. മുന്നറിയിപ്പ് ബെല്‍ അടിച്ചാല്‍ പിന്നെ തുന്നി െക്കട്ടിയതിനുശേഷം മാത്രമേ എഴുതാവൂ. അഡീഷനലായി വരുന്ന ഗ്രാഫ്‌പേപ്പര്‍, മാപ്പ് തുടങ്ങിയവ തുന്നിച്ചേര്‍ക്കാന്‍ മറന്നു പോകരുത്. പേപ്പര്‍ ഏല്‍പ്പിക്കുന്നതിനു മുന്‍പ് രജിസ്റ്റര്‍ നമ്പര്‍ ഒന്നു കൂടി ശ്രദ്ധിക്കണം.
എവിടെ എഴുതണം?
ചോദ്യപേപ്പറില്‍ ഉത്തരം കുറിച്ചുവെക്കുന്ന ചിലരുണ്ട്. ശരിയുത്തരത്തില്‍ ടിക് ചെയ്യുന്നവരും. ഇതിനു എടുക്കുന്ന സമയമൊന്നു കൂട്ടിനോക്കൂ. ചോദ്യപേപ്പര്‍ മൂല്യനിര്‍ണയത്തിനു കൊടുക്കില്ലല്ലോ. പിന്നെ എന്തിനു അതിലെഴുതി സമയം കളയണം?ശരിയുത്തരം ഉത്തരപേപ്പറില്‍തന്നെ എഴുതുക. നമ്മള്‍ ടിക് ചെയ്തത് അടുത്തുള്ളവര്‍ അടിച്ചുമാറ്റാനും സാധ്യതയുണ്ട്. നമ്മള്‍ കഷ്ടപ്പെട്ട് പഠിച്ചത് വെറുതെ കളയണോ..?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."