വനിതാ ദിനാഘോഷവും കടന്നുപോയി; ഗൗരിക്കുട്ടിയമ്മയുടെ രക്ഷയ്ക്ക് ആരുമെത്തിയില്ല
കൊച്ചി: വനിതാ ദിനം ലോകമെമ്പാടും സമുചിതമായി ആഘോഷിച്ചത് ഗൗരിക്കുട്ടിയമ്മ അറിഞ്ഞില്ല, തനുള്‍പ്പെട്ട സ്ത്രീസമൂഹത്തിനായാണ് മാര്‍ച്ച് എട്ട് നീക്കിവച്ചതെന്നും ഈ എണ്‍പത്തിയഞ്ചുകാരിക്ക് നിശ്ചയമില്ല. ഇടതു കൈയിലെ മുട്ടിനു താഴെ ആഴത്തില്‍ രൂപപ്പെട്ട മുറിവ് വലതുകൈകൊണ്ട് ആശ്വസിപ്പിച്ചുകൊണ്ട് അഞ്ചു മക്കളെ പോറ്റി വളര്‍ത്തിയ ഈ അമ്മ അനാഥത്വം പേറി ഭാഷപോലുമറിയാത്ത നാട്ടില്‍ തനിച്ചാണ്. മക്കള്‍ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ 20 ദിവസമായി തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്ത് പാമ്പന്‍ റെയില്‍വേ സ്റ്റേഷനില്‍ അവശ നിലയില്‍ കഴിയുന്ന ഗൗരിക്കുട്ടിയമ്മയ്ക്ക്.
പീപ്പിള്‍സ് വോയിസ് ഓഫ് കേരളയുടെ പ്രവര്‍ത്തകരാണ് ഗൗരിക്കുട്ടിയമ്മയെ ഇവിടെ കണ്ടെത്തുന്നത്. മലയാളിയായ ഒരു വയോധിക പേരും ഊരും നിശ്ചയമില്ലാതെ റെയില്‍വേ സ്റ്റേഷന്‍ വരാന്തയില്‍ പേപ്പര്‍ വിരിച്ച് കഴിയുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ആരെന്ന് കണ്ടെത്തി ബന്ധുക്കളെ അറിയിക്കാന്‍ ശ്രമം നടത്തിയത്. ഗൗരിക്കുട്ടി എന്നാണ് പേരെന്നും ആനന്ദന്‍, രാജന്‍, ലത എന്നിങ്ങനെ മൂന്നു മക്കളുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി. ആലുംപീടികയാണ് സ്വദേശമെന്നും പറഞ്ഞു. തുടര്‍ന്ന് പീപ്പിള്‍സ് വോയിസ് ഓഫ് കേരളയുടെ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുവഴി നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സ്വദേശം കൊല്ലം ജില്ലയിലെ ഓച്ചിറയാണെന്ന് കണ്ടെത്തിയത്.
കൊല്ലത്തുനിന്നും കിലോമീറ്ററുകള്‍ താണ്ടി എങ്ങനെയാണ് ഇവര്‍ രാമേശ്വരത്ത് എത്തിയതെന്ന് നിശ്ചയമില്ലെങ്കിലും തനിക്ക് നാട്ടിലേക്ക് തിരിച്ചുപോകണമെന്നും മക്കളെ കാണണമെന്നുമൊക്കെ ഇവര്‍ പുലമ്പിക്കൊണ്ടിരിക്കുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ ആരോരുമില്ലാതെ അവശനിലയില്‍ കഴിയുന്നത് തങ്ങളുടെ അമ്മയാണെന്ന് തിരിച്ചറിഞ്ഞിട്ടും കൂട്ടിക്കൊണ്ടുവരാന്‍ തയാറാകാതെ പരസ്പരം വാശിപിടിക്കുകയാണ് ഇവരുടെ രണ്ട് ആണ്‍മക്കളും ഏക മകളും.
ഓച്ചിറ ക്ലാപ്പന പടന്നേകുളം വീട്ടില്‍ ഗൗരിക്കുട്ടിയുടെ അഞ്ചു മക്കളില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ബാക്കിയുള്ള മൂന്നുമക്കളായ ആനന്ദന്‍, രാജന്‍, ലത എന്നിവരാണ് അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ തയാറാകാത്തത്. അമ്മ ചോദിക്കാതെ ഇറങ്ങിപോയതിനാല്‍ തന്നെ തിരികെ വരട്ടെയെന്ന നിലപാടാണ് മക്കള്‍ക്ക്. ഭാര്യയും മക്കളുമായി കഴിയുന്ന തനിക്ക് അമ്മയെ കൂടി നോക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് ഒരു മകന്‍ പറയുമ്പോള്‍ വിദേശത്ത് ജോലിനോക്കുന്ന മറ്റൊരു മകന് അമ്മയെ സ്റ്റാറ്റസിന് പറ്റുന്നില്ല. അതുകൊണ്ടുതന്നെ കൂട്ടിക്കൊണ്ടുവരാനും തയാറല്ല. വീടുവിട്ടിറങ്ങിയ ഗൗരിക്കുട്ടി രണ്ടുമാസക്കാലം ഓച്ചിറ അമ്പലത്തിന്റെ പരിസരത്ത് കഴിച്ചുകൂട്ടിയതിനുശേഷമാണ് പാമ്പന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തപ്പെട്ടത്. ഗൗരിക്കുട്ടിയുടെ മക്കളറിയാന്‍, നിങ്ങളെ പെറ്റുവളര്‍ത്തിയ അമ്മ അവശനിലയിലാണ്, ആരൊക്കെയോ വച്ചുനീട്ടുന്ന ഭക്ഷണമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."