അക്ഷരമുറ്റത്ത് പുഞ്ചിരിപ്പാഠം; ആടിപ്പാടി പ്രവേശനോത്സവം
തിരുവനന്തപുരം: 'അക്ഷരസൂര്യനുദിച്ചു നമുക്കിന്ന് അറിവിന് ഉത്സവാഘോഷം' എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം പൂവും ശലഭവുമൊക്കെയായി നിറമാര്‍ന്ന നൃത്തച്ചുവടുകളോടെ പുതിയ അധ്യായന വര്‍ഷത്തിനു തുടക്കമായി. മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് ഇന്നലെ ഒന്നാം ക്ലാസിലെത്തിയത്. മുതിര്‍ന്ന കുട്ടികള്‍ അക്ഷരത്തൊപ്പി ധരിപ്പിച്ചു സ്വീകരിച്ച കുരുന്നുകള്‍ മധുരവും സ്വീകരിച്ചു പിണക്കങ്ങളില്ലാതെയാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ലോകത്തേക്കു കടന്നത്.
തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മന്ത്രിസഭ കൂടുന്ന തിരക്കുള്ളതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനു ചടങ്ങില്‍ പങ്കെടുക്കാനായില്ല. ആദ്യം ക്ലാസുകളിലെത്തിയ കുരുന്നുകള്‍ക്കു മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം അറിയിച്ചാണ് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന പ്രസംഗത്തിലേക്കു കടന്നത്. ഡി.പി.ഐ മികവ് പതിപ്പ് പ്രകാശനം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ കുമാറിനു നല്കി മന്ത്രി നിര്‍വഹിച്ചു. സൗജന്യ യൂനിഫോമിന്റെയും പാഠപുസ്തകത്തിന്െയും വിതരണോദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫലവൃക്ഷത്തൈ വിതരണം പ്രസിഡന്റ് വി.കെ മധുവും വൃക്ഷത്തൈകളുടെ നടീല്‍ വിദ്യാഭ്യാസ മന്ത്രിയും നിര്‍വഹിച്ചു. മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഉണ്ണികൃഷ്ണന്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി. രഞ്ജിത്ത്, കൗണ്‍സിലര്‍ രമ്യ രമേശ്, പ്രധാനാധ്യാപകന് എം. സുകുമാരന്‍, എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ജെസ്സി ജോസഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."