കുടിക്കാനില്ല; പാഴാക്കാന്‍ ഏറെയുണ്ട്
ചേര്‍ത്തല: വേനല്‍ കനത്തതോടെ താലൂക്കിന്റെ വിവിധ മേഖലയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ നഗരത്തില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു.
ചേര്‍ത്തല - അരുക്കുറ്റി റോഡില്‍ കുപ്പിക്കവലയ്ക്ക് വടക്കുവശമാണ് റോഡിനടിയില്‍ സ്ഥാപിച്ചിട്ടുള്ള ജപ്പാന് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ദിവസങ്ങളായി പതിനായിരക്കണക്കിന് ലിറ്റര്‍ ജലം പാഴായികൊണ്ടിരിക്കുന്നത്. മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസമായി ജപ്പാന് കുടിവെള്ള ശുദ്ധികരണശാലയായ മാക്കേ കടവിയേയ്ക്കുള്ള വെള്ളം പമ്പിംങ് കുറച്ചിരുന്നു. ഇതിനാല്‍ ശുദ്ധികരിച്ച വെള്ള വിതരണത്തിലും നിയന്ത്രണമുണ്ട്. ചില മേഖലയില്‍ വെള്ള വിതരണം നടക്കുന്നുമില്ല.
വേനല്‍ കനത്തതോടെ പാരമ്പര്യ ജലസ്രോതസുകളായ കിണര്‍, കുളം വറ്റിവരണ്ടു. തീരദേശ മേഖലയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ളത്. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അംബേക്കര്‍ മേഖലയിലെ നിരവധി വീടുകളില്‍ കഴിഞ്ഞ രണ്ടു മാസമായി ജപ്പാന് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വാലയില്‍ പൊഴിച്ചാല്‍ റോഡിന്റെ വടക്കുഭാഗത്തും കുടിവെള്ളം ലഭിക്കുന്നില്ല. അയ്യായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ ചെലവഴിച്ച് വാട്ടര്‍ കണക്ഷന് എടുത്തവര്‍ക്കാണ് ഈ ദുരിതം. ഈ പ്രദേശത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച പൈപ്പിലൂടെയാണ് ജപ്പാന് കുടിവെള്ള വിതരണം നടത്തുന്നത്.
ഇത് പല സ്ഥലത്തും തകര്‍ന്നു കിടക്കുകയാണ്. നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്കും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."