എം.ഇ.എസ് അസ്മാബി കോളജ് പ്രിന്‍സിപ്പാളിനെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍
കയ്പ്പമംഗലം : എം.ഇ.എസ് അസ്മാബി കോളജ് പ്രിന്‍സിപ്പള്‍ ഡോ.അജിംസ് പി.മുഹമ്മദിനെ ആക്രമിച്ച കേസില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തു. നാലു മാസങ്ങളിലായി അന്വേഷണം നടക്കുന്ന കേസില്‍ നിര്‍ണായകമാണു അറസ്റ്റ്. പൊലിസിനു മേല്‍ വന്‍ വിമര്‍ശനം ശക്തമായിക്കൊണ്ടിരിക്കെയാണു സേനക്കു ആശ്വാസമായി അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കോളജിലെ വിദ്യാര്‍ഥിയും നടപടിക്ക് വിധേയനായി പുറത്താക്കപ്പെടുകയും ചെയ്യപ്പെട്ട കൈപ്പമംഗലം സ്വദേശി അര്‍ജുന്‍ (19), ഇയാളുടെ സുഹൃത്ത് ചെന്ത്രാപിന്നി ഹൈസ്‌കൂള്‍ റോഡിനു സമീപം പാലേക്കാട്ട് ഉമേഷ് (21) ആണു പിടിയിലായത്. സംഭവത്തില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു പൊലിസ് പറയുന്നത് ഇങ്ങനെയാണ് : എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായ അര്‍ജ്ജുന്‍ ആഗസ്റ്റ് മാസത്തില്‍ നടന്ന കോളജ് ആക്രമണത്തില്‍ പ്രതിയായിരുന്നു. ഈ കേസില്‍ ഇയാള്‍ 14 ദിവസത്തോളം ജയിലില്‍ അടക്കപ്പെട്ടിരുന്നു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പു സമയത്തു നടന്ന എസ്.എഫ്.ഐ , എ.ഐ.എസ്.എഫ് സംഘര്‍ഷത്തിലും അര്‍ജ്ജുന്‍ പ്രതിയാണ്. ജയിലില്‍ നിന്നു പുറത്തു വന്നു കോളജ് അച്ചടക്ക നടപടിക്കു വിധേയമായ ഇയാള്‍ സംഘടനാ നേതാക്കളുടെയും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയില്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കോളജില്‍ നിന്നു പുറത്താക്കി. കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടു പുറത്താക്കിയ അര്‍ജ്ജുന്‍ ഇടക്കിടെ ക്യാമ്പസില്‍ എത്തുന്നതു മനസ്സിലാക്കിയ പ്രിന്‍സിപ്പള്‍ ഇയാളെ പ്രവേശിപ്പിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണു ഇയാള്‍ മെയിന്‍ ബ്ലോക്കില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ചത്. തുടര്‍ന്നു മുന്‍പു അച്ചടക്ക നടപടിക്കു വിധേയനായ ഇയാളുടെ വിദ്യാര്‍ഥിയായ സുഹൃത്തുമായി ചേര്‍ന്ന് കോളജ് കാന്റീനില്‍ വെച്ചു സംഘം പ്രിന്‍സിപ്പാളെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണു സംഘം പ്രിന്‍സിപ്പാളെ കോളജിനു സമീപമുള്ള കോര്‍ട്ടേഴ്‌സില്‍ കയറി ആക്രമിക്കുന്നത്. മൂന്നുപേരാണ് കൃത്യം നടത്താന്‍ ഉണ്ടായിരുന്നത്. ഗൂഢാലോചനയില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാം എന്നാണു പൊലിസ് പറയുന്നത്. സംഭവത്തില്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം മുന്നോട്ട് പോയത്. നൂറോളം ആളുകളെ പൊലിസ് ചോദ്യം ചെയ്തു. സംഭവം നടന്ന ഉടനെ തന്നെ കൊടുങ്ങല്ലൂര്‍ സി.ഐ ബിജു കുമാര്‍, മതിലകം എസ്.ഐ പി.കെ മോഹിത്ത്, എസ്.ഐ മാഹിന്‍ കുട്ടി, എസ്.സി.പി.ഒമാരായ മുഹമ്മദ് റാഫി, സത്യന്‍, കെ.എം മുഹമ്മദ് അഷറഫ്, എം.കെ ഗോപി , സി.പി.ഒമാരായ വിപിന്‍, ഇ.എസ് ജീവന്‍, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പൊലിസ് കേസില്‍ കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. യൂത്ത് ലീഗ് സംഭവത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ധര്‍ണ്ണ നടത്തിയിരുന്നു. പിടിയിലായ ഉമേഷ് ബോക്‌സിങ് ചാംപ്യനാണ്. മുന്‍പ് കോളജ് ആക്രമണം നടത്തിയ പ്രതികളെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടക്കവെയാണ് സി.സി.ടി.വി മോഷണക്കേസ് ഉണ്ടാകുന്നത്. ഇതുമായി സംശയം ഉന്നയിച്ചവര്‍ നേരത്തെ കോളജ് ആക്രമണക്കേസിലും പ്രതിയായിരുന്നു. ഇതില്‍ കേന്ദ്രീകരിച്ച അന്വേഷണ സംഘം ഇവരെ രണ്ടു പേരെയും വിളിച്ച് വരുത്തി വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ പൂര്‍ണ്ണമായും പുറത്ത് വരുന്നത്. നിലവില്‍ ബാക്കിയുള്ള പ്രതികള്‍ ഒളിവിലാണ്. ഇവരില്‍ ഒരാള്‍ കൈപ്പമംഗലത്തെ പൗരപ്രമുഖന്റെ മകനാണ്. പ്രതികളെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. അറസ്സിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."