ഡി.എം.ആര്‍.സിയെ തിരിച്ചുവിളിക്കണം: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്
തിരുവനന്തപുരം: ഡി.എം.ആര്‍.സിയെയും ഇ. ശ്രീധരനെയും തിരിച്ചുവിളിക്കണമെന്നും ശ്രീധരനുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്.
പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിക്കാതിരുന്ന സാഹചര്യത്തില്‍ വേദനയോടെയാണ് താന്‍ പിന്മാറുന്നതെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീധരനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന പ്രതിഭാശാലിക്ക് വേദനയോടെ പിറന്ന മണ്ണിലെ ഒരു പദ്ധതിയില്‍നിന്ന് പിന്മാറേണ്ടി വരുന്നത് കേരളീയര്‍ക്ക് അപമാനമാണ്.
തികച്ചും അസാധ്യമെന്ന് കരുതിയിരുന്ന കൊച്ചി മെട്രോ പദ്ധതി കുറഞ്ഞ കാലംകൊണ്ട് കുറഞ്ഞ ചെലവില്‍ നടപ്പായത് ശ്രീധരന്റെ കര്‍മകുശലതയും പ്രാഗത്ഭ്യവും കാരണമാണ്. ഇന്ത്യയില്‍തന്നെ ഏറ്റവും കുറഞ്ഞ കാലയളവില്‍ നിര്‍മിച്ച മെട്രോ എന്ന ഖ്യാതിയും കൊച്ചിക്കുണ്ട്. ഈ കര്‍മ വൈഭവം തിരുവനന്തപുരത്തും കോഴിക്കോട്ടും കൂടി ലഭ്യമായിരുന്നു എന്നത് നമുക്ക് ലഭിച്ച വരദാനമായിരുന്നെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
ലൈറ്റ് മെട്രോയുടെ ഭാഗമായി നിര്‍മിക്കേണ്ട തിരുവനന്തപുരത്തെ മേല്‍പ്പാലങ്ങളുടെ പണി ഡി.എം.ആര്‍.സി.യെ ഏല്‍പ്പിച്ചുകൊണ്ട് 2016 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിക്കപ്പെട്ടെന്നും കത്തിലുണ്ട്.
അജ്ഞാതമായ കാരണങ്ങളാല്‍ ഡി.എം.ആര്‍.സി.യെ ഏല്‍പ്പിച്ച പണിയില്‍നിന്ന് അവരെ പിന്‍വലിച്ച് ടെണ്ടര്‍ ചെയ്യാന്‍ പോകുകയാണ്.
കേന്ദ്രത്തിന്റെ പുതിയ മെട്രോ നയം അനുസരിച്ച് പുതുക്കിയ തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോയുടെ ഡി.പി.ആര്‍ 2016 നവംബറില്‍ തന്നെ ഡി.എം.ആര്‍.സി കേരള സര്‍ക്കാരിനെ ഏല്‍പ്പിച്ചു.
നാലു മാസമായിട്ടും അത് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യം ശ്രീധരന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."