കേട്ടറിവിനേക്കാള്‍ വലുതാണ് സലാഹ് എന്ന സത്യം
2017 ഒക്ടോബര്‍ എട്ടാം തിയതി, ചരിത്രത്തിലാദ്യമായി അന്ന് 86000 വരുന്ന കാണികളെക്കൊണ്ട് ഈജിപ്തിലെ ബുര്‍ജ് അല്‍ അറബ് സ്റ്റേഡിയം നിറഞ്ഞു. കോംഗോയും ഈജിപ്തും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം കാണാനായിരുന്നു ഇത്രയും വരുന്ന ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്.
1934ന് ശേഷം തങ്ങളുടെ ടീം ലോകകപ്പിലെത്തുന്നതിന് സാക്ഷ്യം വഹിക്കാനായിരുന്നു ഈജിപ്തുകാര്‍ അന്ന് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. യോഗ്യതാ മത്സരത്തിലെ കോംഗോക്കെതിരേയുള്ള അവസാന മത്സരം കൂടി ജയിച്ചാല്‍ 84 കൊല്ലത്തെ കാത്തിരിപ്പിന് വിരാമമായി ഈജിപ്തിന് ലോകകപ്പില്‍ കളിക്കാനാകും. മത്സരം പുരോഗമിക്കുന്നതിനിടയില്‍ ഈജിപ്തിന്റെ വക കളിയിലെ ആദ്യ ഗോള്‍ പിറന്നു. 63-ാം മിനുട്ടില്‍ ലിവര്‍പൂളിന്റെ തുറുപ്പു ചീട്ടും ഈജിപ്ത് ടീമിന്റെ നെടുംതൂണുമായ മുഹമ്മദ് സലാഹിന്റെ വകയായിരുന്നു കളിയിലെ ആദ്യ ഗോള്‍. ഒരു ഗോളിന്റെ ലീഡുമായി കളി അവസാനിക്കാന്‍ പോകുന്നു.
ആറു മിനുട്ടുകൂടി പിടിച്ചു നിന്നാല്‍ 84 കൊല്ലമായി കാണുന്ന സ്വപ്നം പൂവണിയുകയാണ്. പക്ഷെ 87-ാം മിനുട്ടില്‍ ഇടിത്തീയെന്നോണം കോംഗോയുടെ സമനില ഗോള്‍. ആര്‍പ്പുവിളികളില്‍ മുങ്ങിയിരുന്ന സ്റ്റേഡിയം നിശബ്ദമായി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. പ്രാദേശിക കമന്റര്‍ കമന്ററി പറയുന്നത് നിര്‍ത്തി. ഈജിപ്ത് താരങ്ങള്‍ ഗ്രൗണ്ടില്‍ കിടന്ന് കരയുന്നു. സലാഹ് അട്ടഹസിച്ച് കരയുന്നു. അഗാധ മൗനത്തിലാണ്ട ഗാലറിയെ നോക്കി സലാഹ് ആവേശം കൊള്ളാന്‍ പറയുന്നുണ്ട്. പക്ഷെ തങ്ങളുടെ സ്വപ്നം അഞ്ചുമിനുട്ട് അകലെവച്ച് പൊട്ടിത്തകര്‍ന്നതിന്റെ ദു:ഖത്തിലാണ് ഗാലറി. ഒരു ലോകകപ്പ് പ്രവേശനത്തിനായി ഇനി എത്ര കാത്തിരിക്കണം. അധികമായി അനുവദിച്ച നാലുമിനുട്ടില്‍ വീണ്ടും കളി പുരോഗമിക്കുന്നു. കളി അവസാന മിനുട്ടിലെത്തി. കോംഗോയുടെ ബോക്‌സിലായിരുന്ന പന്തിന് ഓടിയ ഈജിപ്ഷ്യന്‍ താരത്തെ ബോക്‌സില്‍ വീഴ്ത്തുന്നു. റഫറിയുടെ കൈകള്‍ നേരെ പെനാല്‍റ്റി സ്‌പോട്ടിലേക്ക് നീണ്ടു. 94-ാം മിനുട്ടില്‍ വീണ്ടും സ്‌റ്റേഡിയം ആരവത്താല്‍ പൊട്ടിത്തെറിക്കുന്നു. സലാഹ് പന്തെടുത്ത് പെനാല്‍റ്റി സ്‌പോട്ടിലേക്ക് നടക്കുന്നു. എല്ലാവരും പ്രാര്‍ഥനയില്‍. സലാഹിനും കോംഗോ ഗോള്‍കീപ്പര്‍ക്കുമിടയില്‍ ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നം. സലാഹിന്റെ ലെഫ്റ്റ് ഫൂട്ടില്‍നിന്ന് വന്ന കിക്ക് ലക്ഷ്യം തെറ്റിയില്ല.
കോംഗോയുടെ നെഞ്ച് പിളര്‍ത്തി വീണ്ടും ഈജിപ്തിന് ഒരു ഗോളിന്റെ ലീഡ്. 84 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നു. അന്ന് മുഴുവനും ഈജിപ്തുകാര്‍ സ്റ്റേഡിയത്തില്‍ ആഹ്ലാദത്തിലാറാടി. തൊട്ടടുത്ത ദിവസം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും സലാഹ് മാത്രമായിരുന്നു താരം. സലാഹിന്റെ തോളിലേറിയാണ് ടീം ലോകകപ്പിന് യോഗ്യത നേടിയത്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഏതൊരാളും അന്ന് സലാഹിനെക്കുറിച്ച് അറിഞ്ഞു. പിന്നീടങ്ങോട്ട് സലാഹിന്റെ ദിനങ്ങളായിരുന്നു. പരാജയത്തിന്റെ പടുകുഴിയിലായിരുന്ന ലിവര്‍പൂളിനെ സ്വന്തം കഴിവുകൊണ്ട് സലാഹ് മൂന്നാം സ്ഥാനം വരെ എത്തിച്ചിരിക്കുന്നു.
പിന്നീട് നാം കാണുന്നത് ലിവര്‍പൂളിന്റെയും നട്ടെല്ലായ സലാഹിനെയായിരുന്നു. 2015-16 സീസണില്‍ എട്ടാം സ്ഥാനത്തായിരുന്നു ലിവര്‍പൂള്‍, 2016-17ല്‍ ലിവര്‍പൂള്‍ നാലാം സ്ഥാനത്തെത്തി. ഈ സീസണില്‍ ഏതാനും മത്സരം ബാക്കി നില്‍ക്കെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത് നില്‍കുന്നു. സലാഹിന്റെ ഒറ്റ മിടുക്കില്‍ തന്നെയാണ് ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തെത്തിയത് എന്ന് നിസംശയം പറയാം. ഈ സീസണില്‍ ലിവര്‍പൂളിനായി 32 ഗോളുകള്‍, ഒമ്പത് അസിസ്റ്റുകള്‍, രണ്ട് തവണ പ്രീമിയര്‍ ലീഗിലെ പ്ലയര്‍ ഓഫ് ദ മന്ത്, നാലു തവണ ലിവര്‍പൂളിന്റെ പ്ലയര്‍ ഓഫ് ദ മന്ത്, രണ്ട് തവണ ചാംപ്യന്‍സ് ലീഗിലെ പ്ലയര്‍ ഓഫ് ദ വീക്ക്, ബി.ബി.സിയുടെ ആഫ്രിക്കന്‍ പ്ലയര്‍ ഓഫ് ദ ഇയര്‍ അങ്ങനെ നീളുന്നു ഒറ്റ സീസണില്‍ ഈ 25കാരനെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍. കളിക്കാനുള്ള കാലം ഇനിയും സലാഹിന് മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടക്കുകയാണ്. ആഫ്രിക്കന്‍ മെസ്സി എന്ന വിളിപ്പേരുമായാണ് ചെമ്പടയുടെ കുന്തമുന സലാഹിപ്പോള്‍ കളംനിറയുന്നത്.
എല്ലാതിനുമപ്പുറം മനുഷ്യനന്‍മക്കായി അഞ്ചു ലക്ഷംപൗണ്ട് ഈജിപ്തിലെ ആശുപത്രിയിലേക്ക് സംഭാവനയും നല്‍കിയിട്ടുണ്ട് ഈ ആഫ്രിക്കന്‍ മെസ്സി. താന്‍ കളിക്കുന്ന രണ്ട് ടീമിനെയും തങ്ങളാഗ്രഹിച്ച നിലയിലെത്തിക്കുന്നതില്‍ സലാഹിന്റെ പങ്ക് വലുതാണ്. ഫുട്‌ബോള്‍ ലോകം സലാഹിന്റെ ഇന്ദ്രജാലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ലോകകപ്പില്‍ കളിക്കുന്ന ഈജിപ്തും നാളുകളെണ്ണി കാത്തിരിക്കുകയാണ്. 1934ല്‍ ഈജിപ്തിനുണ്ടായിരുന്ന 13-ാം സ്ഥാനം ഒന്നുകൂടി മെച്ചപ്പെടുന്നത് കാണാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."