പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ അടവുനയം ചര്‍ച്ച ചെയ്യും: പ്രകാശ് കാരാട്ട്
തിരുവനന്തപുരം: ഹൈദരാബാദില്‍ ചേരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് ത്രിപുരയിലെ പരാജയം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഇ.എം.എസ് അക്കാദമി സംഘടിപ്പിച്ച 'ഇടതു ജനാധിപത്യ രാഷ്ട്രീയം സമകാലീന ഇന്ത്യയില്‍' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുവിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ത്രിപുരയില്‍ പാര്‍ട്ടിക്കു തിരിച്ചടി നല്‍കിയത്.
കൂടാതെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി പണമൊഴുക്കുകയും മറ്റു പല ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
ജനങ്ങളുടെ മേല്‍ നവലിബറല്‍ നയങ്ങളും ഹിന്ദുത്വ അജന്‍ഡയും അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പിയെ മുഖ്യശത്രുവായി കാണണം. എന്തു വെല്ലുവിളി ഉണ്ടായാലും ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരും. പ്രതിസന്ധി മറികടന്നു തിരിച്ചുവരാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ കോണ്‍ഗ്രസിന്റെ നിലപാടും ത്രിപുരയില്‍ പാര്‍ട്ടിക്കു തിരിച്ചടിയായി. ബൂത്ത് തലം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയതും ഇടതുപക്ഷത്തിന്റെ തോല്‍വിക്കു കാരണമായെന്നും കാരാട്ട് പറഞ്ഞു.
ത്രിപുരയിലെ തോല്‍വിയുടെ പേരില്‍ സി.പി.എമ്മില്‍ കാരാട്ട് പക്ഷത്തിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സ്വന്തം നിലപാട് തിരുത്തുമെന്ന സൂചന നല്‍കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
കാരാട്ടിന്റെയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന കേരളഘടകത്തിന്റെയും നിലപാടുകളാണ് ത്രിപുരയിലെ തോല്‍വിക്ക് കാരണമായതെന്നാണ് യെച്ചൂരി പക്ഷത്തിന്റെ ആരോപണം. കോണ്‍ഗ്രസുമായി ഒരു തരത്തിലും സഹകരണം പാടില്ലെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."