വിവാദ ഭൂമിയിടപാട്: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇന്ന് അപ്പീല്‍ നല്‍കും
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്പന വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കണമെന്ന ഹൈക്കോടതി സിങിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇന്ന് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കും.
ഹൈക്കോടതി ഉത്തരവനുസരിച്ച് പൊലിസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എതിര് വിഭാഗം ഇന്ന് കോടതിയലക്ഷ്യ ഹരജിയും നല്‍കും. ഈ മാസം ആറിനാണ് എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് ആരോപണത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന് വടക്കുംപാടന്‍, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഹെക്കോടതി ഉത്തരവിട്ടത്.
ഭൂമിയിടപാടില്‍ തട്ടിപ്പ് നടന്നെന്നും താന്‍ നല്കിയ പരാതിയില്‍ സെന്‍ട്രല്‍ പൊലിസ് കേസെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതി വിധി.
എന്നാല്‍ കോടതി ഉത്തരവ് വന്ന് അഞ്ചു ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലിസ് കേസെടുക്കാന്‍ തയാറാകാത്തതിനെതിരേയാണ് പരാതിക്കാരായ കര്‍ദിനാള്‍ വിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ചേര്‍ന്ന സിറോ മലബാര്‍ സഭ സ്ഥിരം സിനഡ് കേസിന്റെ തുടര്‍ നടത്തിപ്പുചുമതല ഏറ്റെടുത്തിരുന്നു. ഇതിനിടെ വിഷയം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."