മഴവെള്ള സംഭരണിയൊരുക്കി ഷിജുമോന്‍ മാതൃകയാകുന്നു
പുത്തന്‍ചിറ: കടുത്ത വേനലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മഴവെള്ള സംഭരണിയൊരുക്കി ഷിജുമോന്‍ മാതൃകയാകുന്നു . കുന്നത്തേരി കറുപ്പംവീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ ഷിജുമോനാണു പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ മഴവെള്ള സംഭരണിയൊരുക്കി മാതൃകയാകുന്നത്.
പതിനാലുകോല്‍ ആഴമുള്ള വീട്ടുമുറ്റത്തെ കിണര്‍ വറ്റി വരളുന്നതു പതിവാണ് . ടെറസിനു മുകളില്‍ വീഴുന്ന മഴവെള്ളം കിണറില്‍ വീഴ്ത്തി കിണര്‍ റീചാര്‍ജ് ചെയ്താല്‍ ഭൂഗര്‍ഭ ജലലഭ്യത ഉറപ്പു വരുത്താന്‍ കഴിയുമെന്ന തിരിച്ചറിവാണു മഴവെള്ള സംഭരണിയൊരുക്കാന്‍ പ്രേരണയായത്. വീടിനു മുകളില്‍ വീഴുന്ന മഴവെള്ളം പൈപ്പു വഴി ഒരു ടാങ്കിലേക്കു വീഴ്ത്തിയാണു ശുദ്ധീകരിക്കുന്നത് .
കിണറിനോടു ചേര്‍ന്നു 500 ലിറ്ററിന്റെ ഒരു വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട് . ടാങ്കില്‍ പകുതി ഭാഗം ചിരട്ടകരി, മെറ്റല്‍ , മണല്‍ നിറച്ചിട്ടുണ്ട്. പൈപ്പിലൂടെ ടാങ്കില്‍ വീഴുന്ന മഴവെള്ളം ശുദ്ധീകരിക്കപ്പെട്ടാണു കിണറിലേക്കു എത്തുന്നത്. പഞ്ചായത്തില്‍ അപേക്ഷ നല്‍കുന്നവര്‍ക്കു 1600 രൂപക്കു മഴവെള്ള ശുദ്ധീകരണ സംഭരണ സംവിധാനം ഒരുക്കാം. 9000 രൂപയോളം ചിലവു വരുന്ന മഴവെള്ള സംഭരണി സബ്‌സിഡി നിരക്കിലാണു പഞ്ചായത്ത് നല്‍കി വരുന്നത്. ടെറസിനു മുകളിലെ മഴവെള്ളം കിണറിലേക്കു ഒഴുക്കുന്നത് അഴുക്കു വെള്ളം കിണറിലെത്താന്‍ കാരണമാകുമെന്ന ആശങ്ക മൂലമാണു പലരും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ തയ്യാറാകാത്തത്. ആദ്യത്തെ ഏതാനും ദിവസങ്ങളിലെ മഴവെള്ളം പുറത്തേക്ക് ഒഴുക്കി കളഞ്ഞാല്‍ പിന്നീട് മഴവെള്ളത്തില്‍ കാര്യമായി അഴുക്ക് കലരാന്‍ സാധ്യതയില്ലാത്തതിനാല്‍ ആശങ്കകള്‍ക്കു അടിസ്ഥാനമില്ലെന്നാണു ഷിജുമോന്‍ പറയുന്നത് .
മാത്രമല്ല ഈ സംവിധാനം പ്രയോജനപ്പെടുത്തിയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കിണറുകളില്‍ വറ്റാത്ത നിലയില്‍ ജലസമൃദ്ധിയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."