അന്താരാഷ്ട്ര തുറമുഖ നിര്‍മാണം പാറ ഖനനം നടത്താന്‍ അദാനി ഗ്രൂപ്പ്
കോവളം: കരിങ്കല്ലില്‍ തട്ടി പുലിമുട്ട് നിര്‍മാണം മന്ദഗതിയിലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം വേഗത്തിലാക്കാന്‍ കരിങ്കല്‍ ക്വാറികള്‍ നേരിട്ടേറ്റടുത്ത് പാറഖനം നടത്താനുള്ള ശ്രമവുമായി അദാനി ഗ്രൂപ്പ്.
ആവശ്യത്തിന് കല്ല് ലഭിക്കാത്തതിനെ തുടര്‍ന്ന് പുലിമുട്ട് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയക്കാന്‍ കഴിയാതെ വന്നതും കല്ലിന്റെ ക്ഷാമം പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയുമാണ് ക്വാറികള്‍ നേരിട്ടേറ്റെടുത്തു കല്ലെത്തിക്കാനുള്ള ശ്രമവുമായി നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്.
നിര്‍മാണം ആരംഭിച്ച് 1000 ദിവസം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖനിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയക്കി ചരക്ക് കപ്പല്‍ വിഴിഞ്ഞത്തടുപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതനുസരിച്ച് തുടക്കത്തില്‍ സമയ ബന്ധിതമായി നടന്നുവന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം കരിങ്കല്ലിന്റെ ലഭ്യത കുറവും പിന്നീട് കടല്‍ക്ഷേഭവും പ്രാദേശികമായി നടന്ന സമരങ്ങളുമാണ് വിഘാതം സൃഷ്ടിച്ചത്. തുടര്‍ന്ന് അപ്രതീക്ഷിതമായി വീശിയടിച്ച ഓഖി കൊടുങ്കാറ്റ് ദുരന്തം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു.
ശക്തമായി ആഞ്ഞടിച്ച കാറ്റ് കടല്‍ കുഴിക്കലില്‍ ഏര്‍പ്പെട്ടിരുന്ന കൂറ്റന്‍ ഡ്രഡ്ജറുകളെ കരയിലേക്ക് വലിച്ചറിഞ്ഞതും നിര്‍മാണം നടന്നുവന്നിരുന്ന പുലിമുട്ടിന്റെ കുറെ ഭാഗം കടലെടുത്തുപോയതും നിര്‍മാണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചു. ആവശ്യത്തിന് കല്ല് ലഭ്യമാകാതെ വന്നതോടെ അദാനി ഗ്രൂപ്പ് ഷീറ്റ് പയലിങ് ഉള്‍പ്പെടെയുള്ള ബദല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചത് വിവാദം സൃഷ്ടിച്ചു.
ഇത് പരിസ്ഥിതിക്ക് കോട്ടം സൃഷ്ടിക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നതോടെ പുലിമുട്ട് നിര്‍മാണം കരിങ്കല്ലുപയോഗിച്ച് തന്നെ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ആവശ്യത്തിന് കല്ല് ലഭ്യമാക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ല.
ഇതോടെ തുറമുഖ നിര്‍മാണം നേരത്തെ പ്രഖ്യാപിച്ച തിയതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രിക്ക് തന്നെ പറയേണ്ടി വന്നു. പ്രതി ദിനം പതിനായിരം ടണ്‍ കല്ല് വേണ്ടിടത്ത് നിലവില്‍ ആയിരം ടണ്ണോളം കല്ലു മാത്രമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
പുലിമുട്ട് നിര്‍മാണത്തിനും തുറമുഖ ബര്‍ത്തിന്റെ പണി പൂര്‍ത്തിയാക്കാനും ഇനിയും വന്‍തോതില്‍ കരിങ്കല്ല് ആവശ്യമുണ്ട്. പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരില്‍ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കല്ലെത്തിക്കുന്നതിനായി അധികൃതര്‍ നടത്തിയ ചര്‍ച്ചയും എങ്ങുമെത്തിയില്ല.
ഇതോടെയാണ് സ്വന്തം നിലക്ക് കരിങ്കള്‍ ക്വാറികള്‍ ഏറ്റെടുത്ത് കല്ലെത്തിക്കാനുള്ള ശ്രമം നടത്താന്‍ അദാനി ഗ്രൂപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് സാധ്യമാകണമെങ്കിലും സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച ഇരുമ്പ് ഉള്‍പ്പെടെയുള്ള അസംസ്‌കൃത സാധനങ്ങളുടെ കൂട്ടിയോജിപ്പിക്കലും, പൈലിങും, പുലിമുട്ടിനെ ബലപ്പെടുത്താന്‍ നിക്ഷേപിക്കുന്ന ടെഡ്രാപോടുകളുടെ നിര്‍മാണവുമാണ് നടക്കുന്നത്.
2015 ഡിസംബര്‍ അഞ്ചിന് തുടക്കം കുറിച്ച കേരളത്തിന്റെസ്വപ്ന പദ്ധതി ഇന്നേക്ക് 826 ദിവസം പൂര്‍ത്തിയക്കുമ്പോള്‍ മന്ദഗതിയില്‍ നീങ്ങുന്ന അവസ്ഥയിലാണ്.
ഇക്കണക്കിന് 2018 അവസാനം പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ആദ്യഘട്ടം 2019 ലെങ്കിലും പൂര്‍ത്തിയാകുമോ എന്നാണിനി അറിയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."