'സൂപ്പര്‍ എര്‍ത്തില്‍' മനുഷ്യവാസം സാധ്യമാണ്
ടോക്കിയോ: മനുഷ്യവാസം സാധ്യമായ 'സൂപ്പര്‍ എര്‍ത്ത് ' അടക്കം പുതിയ ഗ്രഹങ്ങള്‍ കണ്ടുപിടിച്ചതായി റിപ്പോര്‍ട്ട്. സൗരയൂഥത്തില്‍ ചെറുനക്ഷത്രങ്ങളെ ഭ്രമണംചെയ്യുന്ന 15 പുതിയ ഗ്രഹങ്ങളാണു ശാസ്ത്രസംഘം കണ്ടെത്തിയിരിക്കുന്നത്.
ജപ്പാനിലെ ടോക്കിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിനു പിന്നില്‍. ചുവന്ന കുള്ളന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട പഠനമാണു പുതിയ ഗ്രഹങ്ങളുടെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. തണുപ്പേറിയ നക്ഷത്രങ്ങളായ 'ചുവന്ന കുള്ളന്മാരില്‍' ഏറ്റവും തിളക്കമേറിയ 'കെ2-155'നു ചുറ്റും മൂന്ന് 'സൂപ്പര്‍ എര്‍ത്തു'കള്‍ ഭ്രമണം ചെയ്യുന്നുണ്ട്. ഭൂമിയില്‍നിന്ന് 200 പ്രകാശവര്‍ഷം അകലെയാണ് 'കെ2-155' സ്ഥിതി ചെയ്യുന്നത്.
'കെ2-155'ല്‍ ഏറ്റവും താഴെയുള്ള ഗ്രഹമായ 'കെ2-155ഡി'യില്‍ ജലസാന്നിധ്യത്തിനു സാധ്യതയുണ്ടെന്ന് സംഘത്തിനു നേതൃത്വം നല്‍കുന്ന ടെറുയൂക്കി ഹിരാനോ പറഞ്ഞു. അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന 'ദ ആസ്‌ട്രോണമിക്കല്‍ ജേണല്‍' ആണ് പുതിയ പഠനം പുറത്തുവിട്ടത്. നാസയുടെ ബഹിരാകാശ പേടകമായ കെപ്‌ലറിന്റെ രണ്ടാമത്തെ ദൗത്യം 'കെ2'വില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഗവേഷക സംഘം പഠനം നടത്തിയത്.
ഇതോടൊപ്പം ഹവായിയിലെ സുബാറു ടെലസ്‌കോപ്, സ്‌പെയിനിലെ നോര്‍ഡിക് ഒപ്ടിക്കല്‍ ടെലസ്‌കോപ് അടക്കമുള്ള ഭൂമിയിലെ ദൂരദര്‍ശിനി കേന്ദ്രങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങളും പുതിയ കണ്ടെത്തലിനെ സഹായിച്ചു.
സൗരയൂഥത്തിനും ചുറ്റുമുള്ള ഗ്രഹങ്ങളെക്കാള്‍ വളരെ ചെറിയവയാണ് കുള്ളന്‍ നക്ഷത്രങ്ങളെ ഭ്രമണംചെയ്യുന്ന പുതിയ ഗ്രഹങ്ങളെന്ന് ഹിറാനോ പറഞ്ഞു. കുള്ളന്‍ നക്ഷത്രങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമുണ്ട്. സൂര്യനല്ലാത്ത നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കുറിച്ചുള്ള ഭാവിപഠനങ്ങളെ ഇത് ഏറെ സഹായിക്കും. നാസയുടെ ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ ്(ടെസ്സ്) അടുത്ത മാസം വിക്ഷേപിക്കുന്നതോടെ ഇനിയും കൂടുതല്‍ ഗ്രഹങ്ങള്‍ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഹിറാനോ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."