ട്രഷറികളില്‍ പൊതുജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തടയുന്നതില്‍ പ്രതിഷേധം
കാസര്‍കോട്: ജില്ലയിലെ വിവിധ ട്രഷറികളില്‍ ചെക്കുകള്‍ സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസം ഉന്നയിച്ച് ആനുകൂല്യങ്ങള്‍ തടയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനുള്ളില്‍ നിരവധി തവണയാണ് ചെക്കുകള്‍ മടങ്ങിയത്. കാസര്‍കോട് സബ് ട്രഷറിയിലാണ് ഏറ്റവും കൂടുതല്‍ ചെക്കുകള്‍ തിരിച്ചയച്ചത്.
തിങ്കളാഴ്ച കൃഷിഭവനുകളില്‍നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യത്തിനുള്ള ചെക്ക് കാസര്‍കോട് സബ്ട്രഷറിയില്‍ സ്വീകരിക്കാന്‍പോലും തയാറായില്ല. പഞ്ചായത്തില്‍നിന്നും വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള ചെക്കുകളാണ് മടക്കുന്നത്. നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേക ഉത്തരവ് എഴുതി സമര്‍പ്പിച്ചാലേ ചെക്കുകള്‍ പാസാക്കുകയുള്ളൂ എന്ന് ആദ്യം അറിയിച്ചു. ഇപ്പോള്‍ അതിനൊപ്പം സെക്രട്ടറിയുടെ ഉത്തരവും ഉള്‍പ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്.
ഓരോ പദ്ധതിക്കും ഓരോ ചെക്ക് നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഓരോയിനത്തിനും പ്രത്യേകം ചെക്കെഴുതണമെന്നും ആവശ്യപ്പെടുന്നു. ആനുകൂല്യങ്ങള്‍ തടസ്സപ്പെട്ടതോടെ പൊതുജനങ്ങള്‍ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുകയാണ്. കഴിഞ്ഞ ആഴ്ച പത്തുലക്ഷത്തിന് മുകളിലുള്ള ചെക്ക് സ്വീകരിക്കാന്‍ വിമുഖത കാട്ടിയവര്‍ അതിന്റെ ഉത്തരവ് ആവശ്യപ്പെട്ടതോടെ ചെക്ക് സ്വീകരിക്കാന്‍ തയാറായി.അതേസമയം ചിലര്‍ക്ക് ബില്ലുകളുടെ ചെക്കുകള്‍ സ്വീകരിക്കുന്നതില്‍ തടസമില്ലെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ട്രഷറിയില്‍നിന്നും ഓരോ ദിവസവും പറയുന്ന കടലാസുകള്‍ തയാറാക്കി നല്‍കാന്‍ പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ ഓടി നടക്കുകയാണ്.
മാര്‍ച്ച് മാസത്തില്‍ പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിക്കുന്ന ട്രഷറി നിലപാടില്‍ മാറ്റമില്ലെങ്കില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ സാങ്കേതിക തടസം പറയുന്ന കാസര്‍കോട് സബ് ട്രഷറിക്കു മുന്നില്‍ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുമെന്ന് കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്.എന്‍ പ്രമോദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."