പ്രണയം നടിച്ച് യുവതികളെ മാനഭംഗപ്പെടുത്തി പണവും ആഭരണങ്ങളും തട്ടുന്ന യുവാവ് പിടിയില്‍
നിലമ്പൂര്‍: പ്രണയം നടിച്ച് യുവതികളെയും കുടുംബിനികളെയും മാനഭംഗപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന യുവാവിനെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളണ്ടി സ്വദേശി കുറുപ്പശ്ശേരി പ്രവീണ്‍ ജോര്‍ജിനെ (മണവാളന്‍ പ്രവീണ്‍ -36)യാണ് നിലമ്പൂര്‍ സി.ഐ കെ.എം.ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ഇന്നലെ പിടിയിലായത്.
വണ്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നല്‍കി പരിചയപ്പെട്ട യുവതിയുമായി വിവാഹ ശേഷം താമസിക്കാന്‍ വാടക വീട് നോക്കാനെന്ന് പറഞ്ഞ് നിലമ്പൂര്‍ ചന്തക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഇയാള്‍ എത്തിയിരുന്നു. ഇവിടെ വച്ച് മദ്യം ചേര്‍ത്ത കോള കുടിപ്പിച്ച ശേഷം യുവതിയെ മാനഭംഗപ്പെടുത്തുകയും അണിഞ്ഞിരുന്ന 15 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട ശേഷം യുവതികളെ വിശ്വാസത്തിലെടുത്താണ് തന്ത്രപരമായി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നത്. സ്ത്രീകളുടെ നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിനമ്പര്‍ മാറിയതാണെന്ന് ആദ്യം പറയുകയും പിന്നീട് പലപ്പോഴായി വിളിച്ച് പരിചയത്തിലാകുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു. പിന്നീട് സ്ത്രീകളുടെ പേരില്‍ സിം കാര്‍ഡുകളും എടുപ്പിക്കും. ഇങ്ങനെ എടുക്കുന്ന നമ്പറുകളില്‍ നിന്നുമാണ് മറ്റ് സ്ത്രീകളെ വിളിച്ചിരുന്നത്.
ഒരു നമ്പറില്‍ നിന്ന് രണ്ടു സ്ത്രീകളെ മാത്രമാണ് വിളിച്ചിരുന്നത്. മറ്റ്‌സ്ത്രീകള്‍ വിളിക്കുമ്പോള്‍ ബിസിയാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും ഇയാള്‍ പൊലിസിനോടു പറഞ്ഞു. പരിചയപ്പെടുന്ന സ്ത്രീകള്‍ക്ക് ഇയാള്‍ തന്റെ ഫോട്ടോയോ വിലാസമോ നല്‍കിയിരുന്നില്ല. വാട്ട്‌സാപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ഒന്നും ഇയാള്‍ ഉപയോഗിച്ചിരുന്നില്ല.
പൊലിസ് പിടിയിലാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കി . മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ 12 ഓളം സ്ത്രീകളുമായി അടുപ്പത്തിലാണെന്നും ഇതില്‍ ചിലരെ ഭാര്യമാരായി വിവിധ വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും പ്രവീണ്‍ മൊഴി നല്‍കിയിട്ടുണ്ട്. പതിവായി മംഗലാപുരം ഡല്‍ഹി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇയാളെ പിന്‍തുടര്‍ന്ന് പൊലിസ് മംഗാലാപുരത്തും എത്തിയിരുന്നു.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സി.ഐ കെ.എം.ബിജു, എസ്.ഐ സി.പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."