ജലസംരക്ഷണത്തിന് പരിസ്ഥിതി സൗഹൃദ മാര്‍ഗം; പെരുവയലിലെ കനാലുകളില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചുതുടങ്ങി
മാവൂര്‍: കയര്‍ ഭൂവസ്ത്രം വിരിച്ച് കനാലുകളെ സംരക്ഷിക്കുന്നതിനുള്ള വിപുലമായ പദ്ധതിക്ക് പെരുവയല്‍ പഞ്ചായത്തില്‍ തുടക്കമായി. കാര്‍ഷിക മേഖലക്ക് ഉണര്‍വേകുന്നതിനും ജലസംരക്ഷണത്തിനുമുള്ള ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് കോട്ടംതട്ടാത്തതുമായ മാര്‍ഗമെന്ന രീതിയിലാണ് ഭൂവസ്ത്രം വ്യാപമായി ഉപയോഗിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. കയര്ബോര്ഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് പെരുവയല്‍ പുഞ്ചപ്പാടത്താണ് തുടക്കമായത്. ആദ്യഘട്ടത്തില്‍ കല്ലേരി-കുറിഞ്ഞോടത്ത് പാലം തോടിന് ഇരുവശത്തുമായി ഒരു കിലോമീറ്റര്‍ നീളത്തിലാണ് ഭൂവസ്ത്രം വിരിക്കുന്നത്. 11,10 വാര്‍ഡുകളിലെ അന്‍പതോളം തൊഴിലാളികളാണ് പ്രവൃത്തി നടത്തുന്നത്. മണ്ണെടുത്ത് കനാല്‍ ആഴം കൂട്ടിയശേഷമാണ് കയര്‍ വിരിക്കുന്നത്. മുളയുടെ കുറ്റി സ്ഥാപിച്ച് ഇവ ഉറപ്പിച്ചു നിര്‍ത്തും. ശേഷം പ്രാദേശികമായി ലഭിക്കുന്ന പുല്ലുകള്‍ നിരത്തി ഇവ ബലപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ മാമ്പുഴയും മറ്റു കനാലുകളും ഇതേരീതിയില്‍ ഭൂവസ്ത്രത്താല്‍ ബലപ്പെടുത്തും. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മിച്ച കുളങ്ങളും ഭൂവസ്ത്രത്താല്‍ സുരക്ഷിതമാക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ സുബിത തോട്ടാഞ്ചേരി, പി.കെ ഷറഫുദ്ദീന്, അംഗങ്ങളായ എന്‍.കെ മുനീര്‍, വി.പി കൃഷ്ണന്‍കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, അസി.എന്‍ജിനിയര്‍ കെ. ശമീര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."