ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന സി.ബി.എസ്.ഇയുടെ 12ാം ക്ലാസ് അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഡല്‍ഹിയിലും സമീപപ്രദേശത്തും ചോദ്യപേപ്പറിന്റെ പകര്‍പ്പുകള്‍ വാട്സ്ആപ്പ് മുഖേന പ്രചരിക്കുകയും ചെയ്തു. ഇക്കാര്യം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചെങ്കിലും നിഷേധക്കുറിപ്പുമായി സി.ബി.എസ്.ഇ തന്നെ രംഗത്തുവന്നു.
ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും ചോദ്യപേപ്പറുകള്‍ മുദ്രവച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നതെന്നും സി.ബി.എസ്.ഇ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരീക്ഷാനടപടികള്ക്കിടെ പരീക്ഷയുടെ പവിത്രത കളങ്കപ്പെടുത്തുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി ചിലര്‍ നടത്തിയ വ്യാജപ്രചാരണമാണെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപേപ്പര്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചോദ്യപേപ്പറും സി.ബി.എസ്.ഇയുടെ സെറ്റ് രണ്ടിലെ പേപ്പറും പരിശോധിച്ച് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചുവെന്നും മനീഷ് സിസോദിയ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."