പി.വി അന്‍വറിന്റെ പാര്‍ക്കില്‍ നിയമ ലംഘനങ്ങളില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്
തിരുവമ്പാടി: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ കാര്യമായ നിയമ ലംഘനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില ചട്ടലംഘനങ്ങളൊഴികെ പാര്‍ക്കിനെതിരേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ പലതും നിലനില്‍ക്കുന്നതല്ലെന്ന് ദുരന്ത നിവാരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ യു.വി ജോസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, എം.എല്‍.എ പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതായുള്ള ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കലക്ടര്‍ ഉത്തരവിട്ടുണ്ട്. വാട്ടര്‍ തീം പാര്‍ക്ക് അപകടസാധ്യതാ മേഖലയില്‍ അല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ക്ക് വനം ഭൂമിയിലല്ലെന്ന വനം വകുപ്പിന്റെയും കൈയേറ്റ ഭൂമിയിലോ പുറമ്പോക്ക് ഭൂമിയിലോ അല്ലെന്ന റവന്യൂ വകുപ്പിന്റെയും റിപ്പോര്‍ട്ടുകളും കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത് ഭൂമിയില്‍ തരംമാറ്റം വരുത്തിയിട്ടില്ല. കൂടാതെ നീരൊഴുക്ക് തടസപ്പെടുത്തിയിട്ടില്ല.
എന്നാല്‍, പാര്‍ക്കിലെ കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ട്. പ്ലാനിന് വിരുദ്ധമായ നിര്‍മാണം നടന്നതിനാല്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പുതിയ അംഗീകാരം വാങ്ങാനും ഫയര്‍ ആന്‍ഡ് സേഫ്റ്റി അനുമതി പുതുക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഇതോടൊപ്പം പരിധിയില്‍ കവിഞ്ഞ ഭൂമി എം.എല്‍.എയും കുടുംബവും കൈവശം വച്ചതായുള്ള ആരോപണത്തില്‍ ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 87 പ്രകാരം കേസെടുക്കാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഫെബ്രുവരി ആദ്യ വാരത്തിലാണ് പാര്‍ക്കില്‍ കലക്ടര്‍ യു വി. ജോസ് രഹസ്യ പരിശോധന നടത്തിയത്. സംഭവത്തില്‍ കലക്ടറുടെ അനാസ്ഥ ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പരിശോധനക്കെത്തിയിരുന്നത്.
നിലമ്പൂര്‍ എം.എല്‍.എ. കൂടിയായ പി.വി.അന്‍വറിന്റെ പാര്‍ക്കിനെതിരേ കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫി.ലെ പ്രധാന കക്ഷിയായ മുസ്‌ലിം ലീഗും സമരമുഖത്തിറങ്ങിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ നയങ്ങള്‍ക്കെതിരേ കെ.പി.സി.സി രംഗത്ത് വരികയും ബി.ജെ.പി രാപകല്‍ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."