അധ്യാപക - വിദ്യാര്‍ഥി അനുപാതം: ഹരജിയില്‍ സര്‍ക്കാരിന് നോട്ടിസ്
കൊച്ചി: എല്‍.പി സ്‌കൂളുകളില്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം 1 : 30 ആയിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിനെതിരായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ക്കുലറും ഷെഡ്യൂളും റദ്ദാക്കാന്‍ നല്‍കിയ ഹരജിയില്‍ നോട്ടിസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാരിനു പുറമേ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍, ആറ്റിങ്ങല്‍ എ.ഇ.ഒ, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി നല്‍കിയിട്ടുള്ളത്.
2009 ലെ വിദ്യാഭ്യാസാവകാശ നിയമം അനുസരിച്ച് അധ്യാപക - വിദ്യാര്‍ഥി അനുപാതം 1 : 30 ആണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ വരുന്നതനുസരിച്ച് ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസില്‍ ഡിവിഷനുകളും അധ്യാപകരുടെ എണ്ണവും കൂടണം. ഇതനുസരിച്ച് 120 കുട്ടികളുണ്ടെങ്കില്‍ നാല് ഡിവിഷനുകള്‍ക്കും നാല് അധ്യാപക നിയമനം നടത്താനും അനുമതി നല്‍കും. എന്നാല്‍ 121 - മുതല്‍ 150 വരെ കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ അഞ്ച് ഡിവിഷനും അഞ്ച് അധ്യാപക തസ്തികയും 151 - 180 കുട്ടികളുണ്ടെങ്കില്‍ ആറ് ഡിവിഷനും ആറ് തസ്തികയുമെന്ന ക്രമം പാലിച്ച് അനുവദിക്കാം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറിലൂടെ ഇതു തടഞ്ഞു.
120 മുതല്‍ 200 വരെ കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ അഞ്ച് ഡിവിഷനും അഞ്ച് അധ്യാപക തസ്തികകള്‍ക്കും മാത്രമേ അനുമതി നല്‍കാനാവൂ എന്നാണ് സര്‍ക്കുലറിലും ഷെഡ്യൂളിലും പറയുന്നത്. ഇതു നിയമവിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. ആറ്റിങ്ങല്‍ പെരുംകുളം എ.എം.എല്‍.പി സ്‌കൂള്‍ മാനേജരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."