മനുഷ്യക്കടത്ത്: ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം തടവ്
ന്യൂഡല്‍ഹി: പ്രശസ്ത പോപ് ഗായകന് ദലേര്‍ മെഹന്ദിക്ക് മനുഷ്യക്കടത്ത് കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ. പട്യാല ഹൗസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ദലേര്‍ മെഹന്ദി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
മ്യൂസിക് ട്രൂപ്പിന്റെ ഭാഗമാണെന്ന വ്യാജേന മെഹന്ദിയും സഹോദരന് ഷംഷേര്‍ സിങ്ങും ചേര്‍ന്ന് അനധികൃതമായി ആളുകളെ അമേരിക്കയിലേക്ക് അയച്ചുവെന്നാണ് കേസ്. 1998ലും 99ലുമാണ് ഇവര്‍ രണ്ട് സംഘങ്ങളെ അമേരിക്കയിലേക്ക് കടത്തിയത്.
ബക്ഷിഷ് സിങ് എന്നയാളുടെ പരാതിയിലാണ് സഹോദരങ്ങള്‍ക്കെതിരേ പട്യാല പൊലിസ് കേസെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ദലേര്‍ മെഹന്ദിയുടെ ഓഫിസുകളില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു.
സഹോദരങ്ങള്‍ക്ക് പണം ലഭിച്ചത് അടക്കമുള്ളവയുടെ രേഖകളാണ് പിടിച്ചെടുത്തത്. 90കളുടെ അവസാനമാണ് പഞ്ചാബി ഭങ്ക്റ വീഡിയോ ആല്‍ബങ്ങളിലൂടെ ദലേര്‍ മെഹന്ദി പ്രശസ്തനായത്. ദലേറിന്റെ ബോലോ താരാ രാ.. എന്ന ആല്‍ബം രണ്ടുകോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ് റെക്കോഡിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."