ശുഹൈബ് വധം: സാക്ഷികളെ ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരേ കേസെടുത്തു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡിനെത്തിയ സാക്ഷികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. തിരിച്ചറിയല്‍ പരേഡിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സാക്ഷികളായ ഇ. നൗഷാദ്, എം. മൊയിനുദ്ദീന്‍, കെ. റിയാസ് എന്നിവരെ പ്രതികളില്‍ ഒരാളായ ദീപ്ചന്ദ് ഭീഷണിപ്പെടുത്തിയതായാണ് കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി ലഭിച്ചത്. തുടര്‍ന്നാണ് ദീപ്ചന്ദിനെതിരേ കേസെടുത്തത്.
14ന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. പ്രതികളെ സാക്ഷികള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിനുശേഷം ജയിലിന്റെ മുകളിലത്തെ നിലയില്‍ ഇരിക്കുകയായിരുന്ന സാക്ഷികളെ 'നിങ്ങളെയൊന്നും വെറുതെ വിടില്ലെ'ന്ന് ആക്രോശിച്ചുകൊണ്ട് ഭയപ്പെടുത്തുന്ന വിധത്തില്‍ ദീപ്ചന്ദ് പെരുമാറിയെന്നാണ് പരാതി. ജീവനു ഭീഷണിയുണ്ടെന്നും ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ശുഹൈബിനു നേരെ ആക്രമണമുണ്ടായ സമയത്ത് കൂടെയുണ്ടായിരുന്നവരാണ് സാക്ഷികളായ മൂന്നുപേരും.
രണ്ടു പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
മട്ടന്നൂര്‍: ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങി. ചാലോട് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ തെരൂര്‍ പാലയോട്ടെ സാജ് നിവാസില്‍ കെ. ബൈജു (36), കാക്കയങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളി മുഴക്കുന്ന് പാലയിലെ കൃഷ്ണ നിവാസില്‍ സി.എസ് ദീപ്ചന്ദ്(25) എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സി.ഐ എ.വി.ജോണ്‍ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."