തലമുറമാറ്റത്തിനൊപ്പം സമ്മേളനത്തിന്റെ രൂപവും മാറി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് രാഹുല്‍ ഗാന്ധി എത്തിയതോടെ പാര്‍ട്ടി നേതൃത്വത്തിലെ തലമുറമാറ്റത്തിനൊപ്പം സമ്മേളനത്തിന്റെ ഘടനയിലും മാറ്റം. തിങ്ങിനിറഞ്ഞ വേദിക്കുപകരം ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനവേദിയില്‍ പ്രഭാഷകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമ്മേളനം നടക്കുമ്പോള്‍ രാഹുലും സോണിയയും ഡോ. മന്‍മോഹന്‍ സിങ്ങ് അടക്കമുള്ള നേതാക്കളുമെല്ലാം സദസിലാണ് ഇരുന്നത്.
ഇതിനു മുമ്പ് നടന്ന പ്ലീനറി സമ്മേളന വേദികളില്‍ തലയണവച്ച് നേതാക്കള്‍ കൂട്ടമായി ഇരിക്കാറായിരുന്നു പതിവ്. മഹാത്മാഗാന്ധിയുടെ കാലംമുതല്‍ തന്നെ കോണ്‍ഗ്രസിന്റെ പ്ലീനറിസമ്മേളനത്തിലെ സ്റ്റേജ് ഈ രൂപത്തിലായിരുന്നു. എന്നാല്‍ ഇത്തവണ പ്രസംഗകന് മാത്രമായിരുന്നു സ്റ്റേജില്‍ സ്ഥാനം. ഓരോ പ്രസംഗകര്‍ക്കും നിശ്ചിതസമയവും അനുവദിച്ചു. അതിനുള്ളില്‍ പ്രസംഗം നിര്‍ത്തണം. നേതാക്കളെ പുകഴ്ത്തി സംസാരിച്ച് സമയം കളയേണ്ടതില്ലെന്ന് രാഹുലിന്റെ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ പതിവ് സ്തുതി പാടലും ഇണ്ടായിരുന്നില്ല.
ഇതോടൊപ്പം ട്വിറ്ററിലുംരാഹുല്‍ഗാന്ധി പുതിയ രൂപത്തിലെത്തി. ഓഫിസ് ഓഫ് രാഹുല്‍ ഗാന്ധി എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേരെങ്കില്‍ ഇന്നലെ രാവിലെ ഒമ്പത് മുതല്‍ രാഹുല്‍ഗാന്ധി എന്നാക്കി മാറ്റി.
കൂടുതല്‍ യുവാക്കളെ അകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിലെയും രാഷ്ട്ര നിര്‍മാണത്തിലെയും പങ്കുള്‍പ്പെടെ പാര്‍ട്ടിയുടെ ചരിത്രങ്ങളും പുതിയതലമുറയിലേക്ക് എത്തിക്കും. സ്വാതന്ത്ര്യ സമരത്തിനിടെയുള്ള മഹാത്മാഗാന്ധിയുടെ ഏതാനും മിനിറ്റ് നീണ്ട ചെറിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോയും സമ്മേളനത്തിന്റെ ആമുഖമായി പ്രദര്‍ശിപ്പിച്ചു. ചാനല്‍ ചര്‍ച്ചകള്‍ക്കായി പ്രത്യേക സംഘത്തെ തെരഞ്ഞെടുക്കാനും തീരുമാനമായി.
വര്‍ഷങ്ങളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ് വെറും മൂന്നു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയ പ്രതിസന്ധി ഘട്ടത്തില്‍, സമ്മേളനത്തിനെത്തിയ പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധത്തിലായിരുന്നു അഞ്ചുമിനിറ്റ് മാത്രം നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗം. നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത രാഹുലിനെ തന്റെ പ്രസംഗത്തില്‍ സോണിയ അഭിനന്ദിച്ചു. പ്രസംഗം കഴിഞ്ഞു ഇരിപ്പിടത്തിലേക്ക് തിരിച്ചുവന്ന സോണിയയെ എണീറ്റുനിന്ന് രാഹുല്‍ ആശ്ലേശിച്ചതോടെ സദസ്സില്‍ വന്‍ കരഘോഷം ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."