വിജയം സൃഷ്ടിക്കുന്ന പരാജയങ്ങള്‍
ഓരോ വിജയങ്ങളും പരാജയത്തിന്റെ കൈപേറിയ അനുഭവങ്ങള്‍ ഉള്‍വഹിക്കുന്നുണ്ട്. അതിനാല്‍ തോല്‍വിയെ ഒരിക്കലും അവജ്ഞയോടെ അവഗണിച്ചുതള്ളരുത്. വിജയം സൃഷ്ടിക്കുന്നതില്‍ അതിനുള്ള പങ്ക് വളരെ വലുതാണ്. ഈ വഴിക്കു പോയാല്‍ വിജയത്തിലെത്തില്ലെന്ന അറിവ് പറഞ്ഞുതരുന്നതു തോല്‍വിയാണ്. തോല്‍വി പകര്‍ന്നുതരുന്ന ആ അറിവ് സ്വീകരിച്ചു മുന്നോട്ടുപോകുമ്പോഴാണു വിജയം സംഭവിക്കുന്നത്
ഭീകരത തളംകെട്ടിനില്‍ക്കുന്ന ഒരു മഹാ കോട്ട.. പുറമെ നിന്നു നോക്കിയാല്‍ ആരുടെയും ഉള്ളം കാളും. അതിന്റെ ചുമരുകളിലെല്ലാം എന്തൊക്കെയോ വന്യത മുറ്റിനില്‍ക്കുന്ന പോലെ. പേടിപ്പെടുത്തുന്ന ആ കോട്ടയ്ക്കകത്താണു നൂറുകണക്കിനു വരുന്ന ആളുകളെ ശത്രുരാജാവ് അതിക്രൂരമായി പാര്‍പ്പിച്ചിരിക്കുന്നത്. പുറത്തുകടക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. എല്ലാ പഴുതുകളും താഴിട്ട് അടച്ചിരിക്കുന്നു. എന്നാല്‍ ചെറിയൊരു ആശ്വാസമുണ്ട്. കോട്ടയുടെ പ്രധാനകവാടം തുറക്കാനുള്ള ചാവി കോട്ടയ്ക്കകത്തുതന്നെയാണുള്ളത്. ആ ചാവി അകത്തുള്ള ഏതോ ഒരു മാളത്തില്‍ രാജാവ് ഒളിപ്പിച്ചുവച്ചിരിക്കുന്നു.
ആകെ അഞ്ചു മാളങ്ങളാണുള്ളത്. അതില്‍ നാലിലും ശക്തമായ വിഷമുള്ള തേളുകള്‍ പാര്‍ക്കുന്നുണ്ട്. അവയുടെ ചെറിയൊരു ദംശനം കിട്ടിയാല്‍തന്നെ ജീവന്‍ പോകും. തേളില്ലാത്ത മാളത്തിലാണു ചാവി. പക്ഷേ, അതെങ്ങനെ കണ്ടെത്തും...? അതാണ് ഓരോരുത്തരെയും കുഴയ്ക്കുന്നത്. കൈയിട്ടു പരിശോധിക്കാതെ നിര്‍വാഹമില്ല. ജീവനില്‍ കൊതിയുള്ളവരെല്ലാം ആ പരീക്ഷണത്തില്‍നിന്നു പിന്മാറി.
എന്നാല്‍ കൂട്ടത്തില്‍നിന്ന് ഒരാള്‍ രണ്ടും കല്‍പിച്ചു മുന്നോട്ടുവന്നു. കൂസലേതുമില്ലാതെ ഒന്നാമത്തെ മാളത്തില്‍ കൈയിട്ടു. കൈയിട്ടതേ ഓര്‍മയുണ്ടായിരുന്നുള്ളൂ. തേളിന്റെ ശക്തമായ ദംശനത്തില്‍ അയാള്‍ തത്സമയം തന്നെ മരിച്ചുവീണു. അതു കണ്ടുനിന്നവര്‍ അദ്ദേഹത്തിന്റെ സാഹസത്തെ വിമര്‍ശിച്ചു. വേണ്ടാത്തതില്‍ കൈയിടാന്‍ പോകണമോ എന്നായിരുന്നു അവരുടെ ചോദ്യം.
ഇനി നാലു മാളങ്ങള്‍ കൂടിയുണ്ട്. ചാവി അതിലേതിലോ ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ, ഏതില്‍ തപ്പും...? എതിര്‍പ്പുകള്‍ വകവയ്ക്കാതെ വേറൊരാള്‍ മുന്നോട്ടുവന്നു. അയാള്‍ രണ്ടാമത്തെ മാളത്തില്‍ കൈയിട്ടുനോക്കി. നിമിഷങ്ങള്‍കൊണ്ടു തേള്‍ദംശനം അയാളെയും വകവരുത്തി. ആളുകള്‍ അദ്ദേഹത്തെയും വിമര്‍ശിച്ചു. മൂന്നാമതൊരാള്‍ മൂന്നാമത്തെ മാളത്തില്‍ കൈയിടാന്‍ മുന്നോട്ടുവന്നപ്പോള്‍ അവര്‍ അദ്ദേഹത്തെ തടഞ്ഞു. പക്ഷേ, അതദ്ദേഹം വകവച്ചില്ല. ചാവി മൂന്നാമത്തെ മാളത്തിലുണ്ടാകുമെന്ന പ്രതീക്ഷയില്‍ അയാള്‍ അതില്‍ കൈയിട്ടു. പക്ഷേ, അയാളെയും തേള്‍ കുത്തി. അയാളും മരണപ്പെട്ടു.
ഒന്നിലും രണ്ടിലും മൂന്നിലും ചാവിയില്ല. ഇനി നാലിലോ അഞ്ചിലോ കാണാം. ഏതു തിരഞ്ഞെടുക്കും...? ചാവി കിട്ടിയാല്‍ ജീവനാണു കിട്ടുന്നത്. ഇല്ലെങ്കില്‍ മരണവും..! ആരു തയാറാകും ആ സാഹസത്തിന്...? അല്‍പം ഭയത്തോടെയാണെങ്കിലും നാലാമതൊരാള്‍ മുന്നോട്ടുവന്നു. നാലാമത്തെ മാളത്തില്‍ കൈയിട്ടു. അതിലും വിഷമുള്ള തേളുണ്ടായിരുന്നു. തേള്‍ കടിച്ചു ക്ഷണനേരം കൊണ്ട് അയാളും ജീവനറ്റു വീണു.
നാലു മാളത്തിലും ചാവിയില്ലെങ്കില്‍ ചാവി ഇനി അഞ്ചാമത്തെ മാളത്തില്‍തന്നെ. കൂട്ടത്തില്‍നിന്നൊരാള്‍ സധൈര്യം മുന്നോട്ടുവന്നു. അഞ്ചാമത്തെ മാളത്തില്‍നിന്ന് അയാള്‍ ചാവിയെടുത്തു. കോട്ടവാതില്‍ തുറന്നു. എല്ലാവരും രക്ഷപ്പെട്ടു.
ഇനി കാര്യത്തിലേക്കു വരാം..
ഇവിടെ ശരിക്കും വിജയം സൃഷ്ടിച്ചത് ആരാണ്? അഞ്ചാമനോ അതോ അദ്ദേഹത്തിനു മുന്‍പുള്ള നാലുപേരോ?
പ്രത്യക്ഷത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് അഞ്ചാമനാണെങ്കിലും യഥാര്‍ഥത്തില്‍ അതിന്റെ മുഖ്യകാരണക്കാര്‍ മുന്‍പുള്ള നാലുപേരാണെന്നു പറയുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം, നാലു മാളങ്ങളിലും ചാവിയില്ലെന്ന അറിവ് അഞ്ചാമനു പകര്‍ന്നുകൊടുത്തത് അവരാണ്. അതിനാല്‍ അഞ്ചാമനെ വിജയിപ്പിച്ചതു ബാക്കി നാലുപേരുടെയും പരാജയമാണെന്നു പറയാം. നാലുപേരും മാളത്തില്‍ കൈയിട്ടത് ജീവിതവും മരണവും ഒരുപോലെ മുന്നില്‍ കണ്ടാണ്. അഞ്ചാമന്‍ കൈയിട്ടത് ജീവന്‍ മാത്രം മുന്നില്‍ കണ്ടാണ്. അദ്ദേഹത്തിന് അതില്‍ ചാവിയുണ്ടെന്നു പൂര്‍ണ ഉറപ്പുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ സാഹസം ധീരതയായി കണക്കാക്കാനാവില്ല. നാലുപേരുടെതുമാണു ധീരത.
ചിലപ്പോള്‍ തോല്‍വി അങ്ങനെയാണ്. അതിനു വിജയത്തെക്കാള്‍ തിളക്കം കാണും. പക്ഷേ, ആ തിളക്കം കാണാന്‍ അകക്കണ്ണു വേണമെന്നു മാത്രം. ശാസ്ത്രലോകത്തു നടന്ന മിക്ക പരീക്ഷണങ്ങളെയും വിജയത്തിലെത്തിച്ചതിനു പിന്നില്‍ തോല്‍വികള്‍ക്കാണു വലിയ പങ്കെന്നതു പഠനം നടത്തിയാല്‍ മനസിലാകുന്ന യാഥാര്‍ഥ്യമാണ്.
ഓരോ വിജയങ്ങളും പരാജയത്തിന്റെ കൈപേറിയ അനുഭവങ്ങള്‍ ഉള്‍വഹിക്കുന്നുണ്ട്. അതിനാല്‍ തോല്‍വിയെ ഒരിക്കലും അവജ്ഞയോടെ അവഗണിച്ചുതള്ളരുത്. വിജയം സൃഷ്ടിക്കുന്നതില്‍ അതിനുള്ള പങ്ക് വളരെ വലുതാണ്. ഈ വഴിക്കു പോയാല്‍ വിജയത്തിലെത്തില്ലെന്ന അറിവ് പറഞ്ഞുതരുന്നതു തോല്‍വിയാണ്. തോല്‍വി പകര്‍ന്നുതരുന്ന ആ അറിവ് സ്വീകരിച്ചു മുന്നോട്ടുപോകുമ്പോഴാണു വിജയം സംഭവിക്കുന്നത്. ചാവി അഞ്ചാമത്തെ മാളത്തിലുണ്ടെന്ന ഉറപ്പു ലഭിച്ചതു നാലു മാളങ്ങളിലെയും പരീക്ഷണങ്ങളുടെ പരാജയമാണല്ലോ.
നമ്മുടെ തോല്‍വി നമുക്കും മറ്റുള്ളവര്‍ക്കും വിജയിക്കാന്‍ കാരണമായാല്‍ ആ തോല്‍വി എത്ര വിജയകരം...!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."