മണം
പൊലിസ്‌നായ മണംപിടിച്ച് ഓടുന്നതു കണ്ടിട്ടുണ്ട്. അപ്പോഴേ തോന്നിയതാ, എന്തുകൊണ്ട് എനിക്കിങ്ങനെ ആയിക്കൂട. ഭാര്‍ഗവനാണു ചിന്തിക്കുന്നത്. ഭാര്‍ഗവനു കുടുംബമുണ്ട്. ഭാര്യയുണ്ട്. മക്കളുണ്ട്. ഇല്ലാത്തതു കാര്യമായ ഒരു തൊഴിലാണ്.
ചില ജീവികള്‍ക്കു കേള്‍വിശക്തിയും കാഴ്ചശക്തിയും ഘ്രാണശക്തിയും കൂടുതലാണ്. മനുഷ്യനില്ലാത്ത ഒരദൃശ്യശക്തി. നായക്കു മണം പിടിക്കുന്നതിലാണു കഴിവ്.
ലോകം വളരെയധികം പുരോഗമിച്ചിരിക്കുകയാണ്. വീട്ടില്‍ത്തന്നെയാണ് ഇപ്പോള്‍ ആശുപത്രിയും ഓപറേഷന്‍ തിയറ്ററും. അത്രമാത്രം വിവരസാങ്കേതികതയില്‍ നമ്മള്‍ വളര്‍ന്നിരിക്കയാണ്. ഏതവയവവും മാറ്റിവയ്ക്കാം. കണ്ണ്, ഹൃദയം, വൃക്ക എന്തും. ഇത്തരം അവയവങ്ങളുടെ മാര്‍ക്കറ്റുതന്നെ വ്യാവസായിക രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. അവയവ വില്‍പനകേന്ദ്രം. ഓണ്‍ലൈനിലും കിട്ടും. ആവശ്യക്കാര്‍ ബുക്ക് ചെയ്താല്‍ മതി. ഹോം ഡെലിവറിപോലെ ആശുപത്രി ഡെലിവറി. സാധനം എവിടെ വേണമെങ്കിലും എത്തിക്കും.
ഇത്തരത്തിലുള്ള ഒരു ലോകത്തുനിന്നാണു ഭാര്‍ഗവന്‍ പെട്ടെന്നു നായയായത്. നായത്തീട്ടം തൂറിയത്.
ഭാര്‍ഗവന്‍ ഓണ്‍ലൈനില്‍ പട്ടിയുടെ നാസാരം ബുക്ക് ചെയ്യുന്നു. ഒട്ടും താമസിച്ചില്ല, ഓര്‍ഡര്‍ അനുസരിച്ചു സാധനം കിട്ടുന്നു. നിലവിലുള്ള മൂക്കും വായും മാറ്റി മുഖം പട്ടിയുടേതാക്കുന്നു. സത്യം പറയാലോ, ഭാര്‍ഗവന്‍ ഇപ്പോള്‍ കുരയോടു കുരയാണ്. ആരെക്കണ്ടാലും മണം പിടിക്കും. കുരക്കും. ചാടി കടിക്കും.
ഈ ചാടലും കടിയും മൂലം നാടിപ്പോള്‍ ഒന്നു ശാന്തമായിട്ടുണ്ട്. തെളിഞ്ഞിട്ടുണ്ട്. ഇടവഴി വൃത്തിയായിട്ടുണ്ട്. അല്ലെങ്കില്‍ ഏതു നേരവും പുകയും പുകപടലവും മുറുമുറുപ്പും കൊലവിളിയുമായിരുന്നു. ചീട്ടുകളിയും പെണ്ണു കച്ചവടവുമായിരുന്നു. വായ്‌നോട്ടവും ശല്യപ്പെടുത്തലുമായിരുന്നു. ഭാര്‍ഗവന്‍ പട്ടിയായതോടെ അതൊക്കെ ഒന്നു നിയന്ത്രണവിധേയമായി. ഇപ്പോള്‍ എല്ലാവര്‍ക്കും ഭയമാണ്, ആളു മാറിയ പട്ടിയെ. എളുപ്പം പിടിക്കപ്പെടും എന്ന ആശങ്കയാണ്.
മുറ്റത്തു തൂത്തുവാരുന്നതിനിടയില്‍ ചൂലുപൊക്കി ഭാര്‍ഗവന്റെ ഭാര്യ പറയുന്നതു കേട്ടു: '' ഒരു പെണ്ണിനും വൈനടക്കാന്‍ കൈന്നില്ല.
കുഞ്ഞ്യോക്ക് ഇസ്‌ക്കൂളില്‍ പോകാന്‍ കൈന്നില്ല. എനി ആരെങ്കിലും ഇങ്ങോട്ട് വരട്ടല്ലോ. അപ്പൊ കാണാം. പൊറത്ത് ഏട്ടന്‍ മണം പിടിച്ചു കെടപ്പുണ്ട്...''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."