HOME
DETAILS

മഹാപ്രക്ഷോഭത്തിലെ മലയാളി നായകന്‍

  
backup
March 18 2018 | 03:03 AM

maha-prakshobhathinte-malayali-nayakan

നാട് കരിവെള്ളൂര്‍. വളര്‍ന്നത് കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും പുന്നപ്ര വയലാറിന്റെയും അമരാവതിയുടെയുമൊക്കെ വിപ്ലവകഥകള്‍ കേട്ട്. ആരാധിച്ചത് എ.കെ.ജിയെയും ഇ.എം.എസിനെയും നായനാരെയും. അച്ഛന്റെ വീട്ടില്‍ നായനാര്‍ ഒളിവില്‍ കഴിഞ്ഞതിന്റെ ഓര്‍മകളും കൂട്ടിനുണ്ട്. കുടുംബത്തിലെ പലരും കമ്മ്യൂണിസ്റ്റ് അനുഭാവികളും പ്രവര്‍ത്തകരും.

അഖിലേന്ത്യ കിസാന്‍ സഭയുടെ അമരത്ത് എ.കെ.ജി ഇരുന്നകാലം കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റു വിരുദ്ധരും മറക്കില്ല. എ.കെ.ജി നയിച്ച വഴികളിലൂടെ ചെങ്കൊടിയേന്തി നീങ്ങിയ കര്‍ഷകലക്ഷങ്ങളുടെ മുദ്രാവാക്യങ്ങള്‍ പാര്‍ലമെന്റിനെപ്പോലും പിടിച്ചുലച്ചിരുന്നു. അതേ പാതയിലാണു പതിറ്റാണ്ടുകള്‍ക്കിപ്പുറം കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി ഡോ. വിജു കൃഷ്ണനും. മഹാരാഷ്ട്രയിലെ ചരിത്രം കുറിച്ച കര്‍ഷകപ്രക്ഷോഭത്തിന് സമരാഗ്നി പകര്‍ന്ന ബുദ്ധികേന്ദ്രങ്ങളില്‍ ഒരാള്‍ ഈ കണ്ണൂരുകാരനുമാണ്. ജീവിതം പാകപ്പെടുത്തിയ നിശ്ചയദാര്‍ഢ്യവുമായി നാസികില്‍നിന്ന് 180 കിലോമീറ്റര്‍ നഗ്നപാദരായി താണ്ടിയ പതിനായിരക്കണക്കിനു കര്‍ഷകര്‍ക്കൊപ്പം വിജുവുമുണ്ടായിരുന്നു. കര്‍ഷക മാര്‍ച്ചിനു മുന്‍പില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ മുട്ടുമടക്കിയപ്പോള്‍ രാജ്യത്തെ കോടിക്കണക്കിനു വരുന്ന സാധാരണക്കാര്‍ക്കൊപ്പം ആഹ്ലാദത്തിലാണ് വിജു കൃഷ്ണനും.


കഴിഞ്ഞ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഡോ. വിജു കൃഷ്ണന്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ടത്. അപ്പോഴാണ് കേരളത്തില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടതും. കേരളത്തിലെ സി.പി.എം രാഷ്ട്രീയത്തില്‍ ഇതുവരെ ഇടപെടാതിരുന്ന വിജു ഇപ്പോഴും ശ്രദ്ധയൂന്നുന്നത് രാജ്യത്തെ കാര്‍ഷിക ഗ്രാമങ്ങളിലെ പ്രശ്‌നങ്ങളിലും അവിടെ ഉരുത്തിരിയുന്ന രാഷ്ട്രീയത്തിലുമാണ്.
'നല്ല ഉദ്യോഗം രാജിവച്ചു മുഴുസമയ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നു പറഞ്ഞപ്പോള്‍ അമ്മ ഒന്നേ പറഞ്ഞുള്ളൂ. നിനക്ക് ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാം. രാഷ്ട്രീയത്തിലാണെങ്കില്‍ എ.കെ.ജിയെ പോലെയാകണം.'
വിജു കൃഷ്ണന്‍ തന്റെ ജീവിതം പറയുന്നു.

 

കുടുംബം, പഠനം

കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ ഓണക്കുന്നിലെ ഡോ. പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ്. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ഡി.സി.സി മെമ്പറായിരുന്ന വി. കുഞ്ഞിമാണിക്കം ടീച്ചറുടെ മകളാണ് ശ്യാമള. കര്‍ഷക സംഘവുമായുള്ള ബന്ധം പണ്ടുമുതലേയുണ്ട്. 1940കളില്‍ അച്ഛാച്ഛന്‍ ഗ്രാമത്തില്‍ കര്‍ഷകസംഘം ആരംഭിച്ചിരുന്നു. ജന്മിപ്രഭുക്കളുടെ കുടിയാന്‍ അടിച്ചമര്‍ത്തലുകളെയും അതിനെതിരേയുള്ള പോരാട്ടങ്ങളെയും കുറിച്ചുള്ള കഥകള്‍ കേട്ടുകൊണ്ടാണു കുട്ടിക്കാലം തൊട്ടേയുള്ള വളര്‍ച്ച. ഇതായിരിക്കാം പിന്നീട് പാര്‍ട്ടിയില്‍ ചേരാന്‍ കാരണമായതും.


1996 മുതല്‍ സജീവരാഷ്ട്രീയത്തിന്റെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും ഭാഗമായി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ബിരുദാനന്തര പഠനകാലത്താണ് എസ്.എഫ്.ഐയില്‍ ചേരുന്നത്. അതിനുശേഷം അവിടെനിന്നു തന്നെ പി.എച്ച്.ഡി ഗവേഷണവും പൂര്‍ത്തീകരിച്ചു. കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും കര്‍ഷകരെ നവഉദാരീകരണ നയങ്ങള്‍ എങ്ങനെ ബാധിച്ചുവെന്നതായിരുന്നു ഗവേഷണ വിഷയം. പഠനത്തിനുശേഷം ബംഗളൂരുവില്‍ സെന്റ് ജോസഫ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയായി ചുമതലയേറ്റു. അധ്യാപന ജോലിക്കിടയിലും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തി.


കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡിലെ അഗ്രികള്‍ച്ചര്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു. ആ സമയത്താണ് ജെ.എന്‍.യുവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിവന്നത്.
എന്നാല്‍ ജോലി വേണ്ടെന്നു തീരുമാനിച്ചു പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു കടന്നു. കര്‍ഷക സംഘത്തിലായിരുന്നു പ്രവര്‍ത്തനം. പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്തെ ഒട്ടുമിക്ക ഗ്രാമങ്ങളും സന്ദര്‍ശിച്ചു. ഓരോ ഗ്രാമത്തിലെയും വ്യത്യസ്തമായ കാര്‍ഷിക പ്രശ്‌നങ്ങള്‍ പഠിക്കുകയായിരുന്നു ലക്ഷ്യം. അവിടങ്ങളിലെ കര്‍ഷക സമരങ്ങളില്‍ പങ്കുചേരുകയും ചെയ്തു. അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്നു മനസിലാക്കാനും അതു കൃത്യമായി അധികൃതര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാനും അതുവഴി എളുപ്പമായി.

 

മുംബൈ കര്‍ഷക മാര്‍ച്ച്

മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമേറിയ ജില്ലയായ നാസിക്കില്‍നിന്ന് മുംബൈയിലെ നിയമസഭാ മന്ദിരം ലക്ഷ്യം വച്ച് 180 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച കര്‍ഷകരുടെ 'ലോങ് മാര്‍ച്ചി'ന്റെ അമരക്കാരില്‍ ഒരാളായി വിജു കൃഷ്ണനെ ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു. അതുവരെയും ആത്മഹത്യ മാത്രമാണു തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരേയൊരു പരിഹാരമെന്നു കരുതിപ്പോന്ന നിരാശാഭരിതരായ കര്‍ഷകസമൂഹത്തെ ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിക്കുകയായിരുന്നു ലോങ് മാര്‍ച്ച്. രാഷ്ട്രീയ സമരവഴികള്‍ തന്നെയാണു ശരിയായ മാര്‍ഗമെന്ന വലിയൊരു പാഠം ഈ പ്രക്ഷോഭം അവര്‍ക്കു പകര്‍ന്നുനല്‍കി.


2017 ജൂലൈ തൊട്ട് 178 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. നിരന്തരം ആത്മഹത്യാ സംഭവങ്ങളുണ്ടായിട്ടും സര്‍ക്കാരോ ബന്ധപ്പെട്ട വൃത്തങ്ങളോ കര്‍ഷക പ്രശ്‌നങ്ങള്‍ക്കു ചെവികൊടുത്തില്ല. ഈ സാഹചര്യത്തിലാണു പ്രക്ഷോഭം ആവശ്യമായി വന്നതെന്ന് വിജു ചൂണ്ടിക്കാട്ടുന്നു. വനാവകാശ നിയമം നടപ്പാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്കു നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുക, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്കു നഷ്ടപരിഹാരം അനുവദിക്കുക, വിളകള്‍ക്കു കൃത്യമായ താങ്ങുവില അനുവദിക്കുക, എം.എസ് സ്വാമിനാഥന്‍ കമ്മിഷന്‍ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പാക്കി വരള്‍ച്ച സൃഷ്ടിച്ചു കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സ്ഥിതിക്ക് അറുതി വരുത്തുക, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക, ഭൂമിക്കു തക്കതായ നഷ്ടപരിഹാരത്തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കര്‍ഷക പ്രക്ഷോഭം അരങ്ങേറിയത്.


പ്രക്ഷോഭത്തെ അഭിപ്രായ-കക്ഷിഭേദമന്യെ രാജ്യം ഒന്നടങ്കം ഏറ്റെടുത്തതോടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും മഹാരാഷ്ട്രാ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. തുടര്‍ന്നാണു സമരസമിതി പ്രക്ഷോഭം അവസാനിപ്പിച്ചത്.

 

സമരവീഥിയില്‍


ഉത്തരേന്ത്യയിലെ ദലിത്-ന്യൂനപക്ഷ വേട്ടയ്‌ക്കെതിരായ ദേശീയ സമരപോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു വിജു കൃഷ്ണന്‍. 2018 ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ നടന്ന കര്‍ഷകസമരത്തില്‍ സജീവമായി പങ്കെടുത്തു. പശുവിറച്ചിയുടെ പേരില്‍ കൊലചെയ്യപ്പെടുകയും കൊടിയ പീഡനത്തിനിരയാകുകയും ചെയ്ത ദലിതര്‍ക്കായി ഗുജറാത്തിലെ ഉനയില്‍ 2016 ഓഗസ്റ്റ് 15നു നടന്ന ചരിത്രസമരത്തിന്റെ ഭാഗമായി. സമരനായകന്‍ ജിഗ്‌നേഷ് മേവാനിക്കൊപ്പം പ്രക്ഷോഭത്തെ അഭിസംബോധന ചെയ്തു.
2016 നവംബറില്‍ തമിഴ്‌നാട് വിരുദനഗറില്‍ ആരംഭിച്ച കിസാന്‍സഭയുടെ 'കിസാന്‍ സംഘര്‍ഷ് ' ജാഥയുടെ അമരത്തും വിജു കൃഷ്ണനുണ്ടായിരുന്നു. കര്‍ഷക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ തോതനുസരിച്ചാണു രാജ്യത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു നേട്ടമുണ്ടാകുന്നതെന്നാണ് വിജു പറയുന്നത്.

 

കന്നുകാലി വില്‍പനനിയന്ത്രണം വര്‍ഗീയ വിഷയമല്ല


കന്നുകാലി വില്‍പനനിയന്ത്രണം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുന്ന കാര്യമാണെന്ന് വിജു കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.എസ്.എസ് പറയുന്നതുപോലെ ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല.
പല കര്‍ഷകരുടെയും പെട്ടെന്നുള്ള വരുമാനമാര്‍ഗമാണു കന്നുകാലി വില്‍പന. പശുക്കളെ വിറ്റാണു പലരും വിവാഹത്തിനും പഠനത്തിനും കൃഷിക്കുമൊക്കെയുള്ള പണം സ്വരൂപിക്കുന്നത്. ഇപ്പോള്‍ പുറത്തുനിന്നുള്ള വ്യാപാരികള്‍ കാലികളെ വാങ്ങിക്കൊണ്ടുപോവുകയാണെങ്കില്‍ അവരെ ആക്രമിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലൊരു ഭീതി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.


ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ ഉന്നയിച്ചിട്ടുണ്ട്.ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം ഉപേക്ഷിക്കുന്ന കന്നുകാലികളുടെ എണ്ണത്തിലുള്ള വര്‍ധനയാണ്. അവ തെരുവില്‍ അലഞ്ഞുനടക്കുകയും കൃഷിയിടങ്ങളില്‍ കയറി വിള നശിപ്പിക്കുകയും ചെയ്യുന്നു. വ്യാപാരികള്‍ വാങ്ങാത്ത സാഹചര്യമുണ്ടായാല്‍ അവയുടെ എണ്ണം പെരുകി കാര്‍ഷികവൃത്തി പൂര്‍ണമായും ഇല്ലാതാകുന്ന സാഹചര്യമാണു നിയന്ത്രണംമൂലം സംജാതമായിരിക്കുന്നത്. ഗോരക്ഷക്, ഗോവധ നിരോധന നിയമം തുടങ്ങിയവ നിലനില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതു പ്രധാന പ്രശ്‌നമാണ്.

 

കര്‍ഷക സമരങ്ങള്‍ വിജയം കാണുന്നുണ്ട്


ഇന്ത്യയുടെ ഹൃദയങ്ങളില്‍ ഇന്നലെ വരെ മുഴങ്ങിയതു കര്‍ഷകരുടെ നിലവിളികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയോടെയാണു കോടിക്കണക്കിനു കര്‍ഷകര്‍ രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന ദേശീയ പ്രക്ഷോഭങ്ങളെ കാണുന്നത്. രാജസ്ഥാനിലെ ഗ്രാമങ്ങളില്‍നിന്ന് അവ ഇന്ത്യയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിത്തുടങ്ങി. ഭരണകൂടങ്ങള്‍ക്കിനി ഈ ജീവിതസമരങ്ങളെ കാണാതിരിക്കാനാകില്ലെന്ന് വിജു പറയുന്നു. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ ആരംഭിച്ച കര്‍ഷകസമരം വിജയം കാണുകയും മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയുമെല്ലാം അണിനിരത്തി വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടതു വര്‍ഗ ബഹുജന്‍ സംഘടനകള്‍ വന്‍ പ്രക്ഷോഭ പരമ്പരകളാണു സംഘടിപ്പിക്കുന്നത്.

 

ഇത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല


ഇപ്പോള്‍ നടക്കുന്ന കര്‍ഷകപോരാട്ടങ്ങളെയൊന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ല വിജു കൃഷ്ണന്‍ കാണുന്നത്. രാഷ്ട്രീയമായ എതിര്‍പ്പ് സര്‍ക്കാരിനെതിരേ ഉണ്ടാകുമെന്നതു സ്വാഭാവികമാണ്. ഇപ്പോള്‍ പറയുന്നതൊന്നും സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ അവര്‍ക്കെതിരേ തിരിയുമെന്നുറപ്പാണ്.
ഇതോടൊപ്പം സമരം നയിച്ചത് ഇടതുപക്ഷമായതുകൊണ്ടുതന്നെ അതിന്റേതായ മുന്നേറ്റമുണ്ടാകും. ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഇത്തരത്തിലുള്ള കര്‍ഷക സമരങ്ങളിലൂടെയേ ജനങ്ങളില്‍ വേരുറപ്പിക്കാനാകൂ.

 

കര്‍ഷക സമരത്തിന്റെ ഭാവി


മറ്റു സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡിഷ എന്നിവിടങ്ങളിലും ഭൂമി അധികാര ആന്ദോളന്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. മുന്‍പൊരിക്കലുമില്ലാത്തവിധം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തമ്മില്‍ ഐക്യമുണ്ടാകുന്നുണ്ടെന്നും വിജു കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago