കൊടുങ്കാറ്റായ രാഹുലിന് പിന്നില്‍ കരുത്തായത് പ്രിയങ്ക
ന്യൂഡല്‍ഹി: കൊതുകിന്റെ പ്രശ്‌നം മുതല്‍ ഒഴിഞ്ഞ ഇരിപ്പിടത്തില്‍ ആളെ നിറക്കുന്നത് വരെ, കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ നിശബ്ദമായ സാന്നിധ്യമായി അവരുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി. രാഹുലിന്റെ തീര്‍ത്തും വ്യത്യസ്തവും പക്വവുമായ പുതിയ രൂപത്തിനു പിന്നിലുമുണ്ടായിരുന്നു സഹോദരിയുടെ കൂട്ടിന്റെ കരുത്ത്.
സമ്മേളനത്തിന്റെ വെന്യൂ തെരഞ്ഞെടുപ്പിലുള്‍പെടെ പ്രിയങ്കയുടെ മേല്‍നോട്ടമുണ്ടായിരുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യ ദിവസം സമ്മേളന നഗരിയിലെ ഒഴിഞ്ഞ കസേരകള്‍ കണ്ണില്‍ പെട്ടുപ്പോള്‍ രണ്ടാം നാള്‍ കൂടുതല്‍ പേര്‍ എത്തേണ്ടതുണ്ടെന്ന് പ്രിയങ്ക അറിയിച്ചു. എന്തിനേറെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ കൊതുകു ശല്യത്തെ കുറിച്ച് സോണിയ പരാജയപ്പെട്ടപ്പോള്‍ അത് പരിഹരിക്കാന്‍ രണ്ട് മണിക്കൂറാണ് പ്രിയങ്ക രാത്രി വൈകിയും സ്‌റ്റേഡിയത്തില്‍ ചെലവഴിച്ചത്- പ്രവര്‍ത്തകര്‍ പറയുന്നു.
പരിപാടിയിലെ പ്രസംഗങ്ങള്‍ ക്രമീകരിച്ചതും പ്രിയങ്കയാണ്. പ്രസംഗിക്കുമ്പോള്‍ പുറകില്‍ കോണ്‍ഗ്രസ് ലോഗോ വ്യക്തമാവണമെന്നതും പ്രിയങ്കയുടെ നിര്‍ദ്ദേശമായിരുന്നു. പരമ്പരാഗതമായ മെത്ത ഉപേക്ഷിച്ച് കസേരകളില്‍ ഇരുന്നതും പ്രിയങ്ക കൊണ്ടു വന്ന മാറ്റങ്ങളില്‍ ഒന്നാണ്.
തന്റെ രാഷ്ട്രീയ പ്രവേശത്തെ എന്നും എതിര്‍ത്തിട്ടുണ്ട് പ്രിയങ്ക. അതേകുറിച്ച് ചോദിക്കുന്നവരോട് രാഹുലാണ് പാര്‍ട്ടിയുടെ മുഖമെന്നാണ് അവര്‍ പറയാറുള്ളത്. എന്നാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളുെട കാണാച്ചരട് പ്രിയങ്കയുടെ കൈകളില്‍ സുരക്ഷിതമാവുമെന്ന പ്രതീക്ഷയിലാണ് അണികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."