സര്‍ക്കാര്‍ മുസ്‌ലിംവിരുദ്ധ പ്രതിച്ഛായ മാറ്റിയേ തീരൂവെന്ന് രാംവിലാസ് പാസ്വാന്‍
ന്യൂഡല്‍ഹി: ശിവസേനക്കും ടി.ഡി.പിക്കും പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ എന്‍.ഡി.എ മുന്നണിയിലെ മറ്റൊരു പ്രധാന ഘടകകക്ഷിയായ എല്‍.ജെ.പി കൂടി രംഗത്ത്. മുസ്‌ലിംവിരുദ്ധ പ്രതിച്ഛായ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം മാറ്റിയെടുക്കണമെന്നും കൂടുതല്‍ പക്വതയോടെയും മാന്യതയോടെയും എന്‍.ഡി.എ ഇടപെടണമെന്നും കേന്ദ്രമന്ത്രിയും എല്‍.ജെ.പി അധ്യക്ഷനുമായ രാംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ മുസലിം-ന്യൂനപക്ഷവിരുദ്ധമാണ് എന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഈ പ്രതിച്ഛായ മാറ്റണം. വിവാദപ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എന്‍.ഡി.എ നേതാക്കള്‍ അകന്നുനില്‍ക്കണം. അടുത്തിടെ പുറത്തുവന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും പാസ്വാന്‍ ആവശ്യപ്പെട്ടു. പ്രത്യേക വിഭാഗത്തിനെതിരേ എന്‍.ഡി.എയിലെ ചിലനേതാക്കള്‍ നടത്തുന്ന വിവാദ പ്രസ്താവനകളില്‍ അദ്ദേഹം ആശങ്ക അറിയിക്കുകയുംചെയ്തു. പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പാസ്വാന്‍.
കേന്ദ്രം ഭരിക്കുന്ന മുന്നണിയായ എന്‍.ഡി.എയില്‍ ബി.ജെ.പി കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേന ഇനിമുതല്‍ എന്‍.ഡി.എയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ ടി.ഡി.പി കഴിഞ്ഞയാഴ്ച എന്‍.ഡി.എക്കുള്ള പിന്തുണ പന്‍വലിക്കുകയുംചെയ്തു. ടി.ഡി.പിക്കു പിറകെ എന്‍.ഡി.എയിലെ നാലാമത്തെ വലിയ കക്ഷിയാണ് ആറു ലോക്‌സഭാംഗങ്ങളുള്ള രാവിലാസ് പാസ്വാന്റെ പാര്‍ട്ടി. നാലു ലോക്‌സഭാംഗങ്ങളുള്ള അകാലിദളും കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ എല്‍.ജെ.പി കൂടി സര്‍ക്കാരിനെതിരേ തുറന്നടിച്ചത് അടുത്തവര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിക്കു കനത്ത പ്രഹരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."